വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനംഫെബ്രുവരി 24 ന് നടക്കും.
തിരുവല്ല നിയോജക മണ്ഡലത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗവും ചേരും. തിരുവല്ല നിയോജക മണ്ഡലത്തില്‍ 2.30 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കോന്നി നിയോജകമണ്ഡലത്തില്‍ രാവിലെ 10.30 കോന്നി പഞ്ചായത്ത് ഹാളിലുമാണ് പരിപാടി നടക്കുക.
വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും.
പത്തനംതിട്ട ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി പത്തനംതിട്ട ജില്ലയില്‍ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50,000 പേര്‍ക്കും വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി – ഉറപ്പാണ് തൊഴില്‍’ പദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കും.
കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ ജോബ് സ്റ്റേഷനുകളുകള്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ആരംഭിക്കും. നിലവില്‍ അടൂര്‍ നിയോജക മണ്ഡലത്തില്‍ ജോബ്‌സ്റ്റേഷന്‍ ആരംഭിച്ചുകഴിഞ്ഞു. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ഇവിടെ ഉണ്ടാകും.
റാന്നി , ആറന്മുള നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനവും ആലോചനാ യോഗവും, അടൂര്‍ നിയോജക മണ്ഡലത്തിലെ ആലോചനാ യോഗവും ഫെബ്രുവരി 27ന് നടക്കും.