ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരം : മന്ത്രി വീണാ ജോര്‍ജ്
ഏഴംകുളത്തെ 100 കുടുംബങ്ങളുടെ ജീവിതം ഇനി ലൈഫിന്റെ സുരക്ഷിത ഭവനത്തില്‍
ലൈഫ് മിഷന്‍ ജനങ്ങളുടെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം മാങ്കൂട്ടം ബഥാനിയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സ്വപ്നമാണ് സുരക്ഷിതമായ ഭവനം. പൊതുജനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനം നല്‍കുന്നതിനായാണ് സമ്പൂര്‍ണ-സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ആവിഷ്‌കരിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടപ്പാക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 75000 വീടുകളാണ് ലക്ഷ്യം വച്ചിരുന്നെങ്കിലും 1,40,000 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തു ലൈഫിന്റെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിന് മുകളിലെത്തുമെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വീടുകളുടെ നിര്‍മാണം, സ്ഥലമുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട്, ഭൂരഹിത – ഭവനരഹിതരായവര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നത്.
രാജ്യത്ത് ഭവന നിര്‍മാണത്തിനായി ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഏനാത്ത് 11 വാര്‍ഡിലെ പങ്കജാക്ഷി അമ്മക്ക് ആദ്യ താക്കോല്‍ വിതരണം ചെയ്തു.
ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി, വീടില്ലാത്തവര്‍ക്ക് വീട് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്താകെ നാലരലക്ഷത്തിലധികം പേര്‍ക്ക് അടച്ചുറപ്പുള്ള സ്വന്തം ഭവനം സാക്ഷാത്ക്കരിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഭൂരഹിത ഭവനരഹിതമായവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് അടൂര്‍ മണ്ഡലത്തിലാണ്. പന്തളത്ത് 42 കുടുംബംങ്ങള്‍ക്കും ഏനാത്ത് ഭൂമി ഇല്ലാത്ത 52 കുടുംബംങ്ങള്‍ക്കുമാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് ഏഴര വര്‍ഷകാലം കൊണ്ട് മൂന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ അലി അക്ബര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ലൈഫ് മിഷന്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിനു നല്‍കിയ അനുമതിയുടെ അടിസ്ഥനത്തിലാണ് കരാര്‍ വെയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ 100 വീടുകളും രണ്ടാം ഘട്ടത്തില്‍ 102 വീടുകളും പൂര്‍ത്തീകരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആദ്യ ഘട്ടത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുമായാണ് കരാറിലേര്‍പ്പെട്ട് നിര്‍മാണം ആരംഭിച്ചത്. ലൈഫ് ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ 98 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 80 പേര്‍ ഇതിനകം കരാറിലേര്‍പ്പെടുകയും 61 പേര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ലൈഫ് 2020 ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവന നിര്‍മാണത്തിനായി 2,64,58,529 രൂപയും ജനറല്‍ വിഭാഗത്തിന് 1,83,40,000 രൂപയും ഉള്‍പ്പടെ ആകെ ഇതുവരെ 4,47,98,529 രൂപയുമാണ് ചെലവായത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബേബിലീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. താജുദ്ദീന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ആര്‍ ജയന്‍, ത്രിതല പഞ്ചായത്തംഗംങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ആരോഗ്യകേന്ദ്രങ്ങള്‍ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കുകയാണ് സര്‍ക്കാര്‍ നയമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ ചുങ്കപ്പാറ ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം സിഎംഎസ് എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്ന ആശാ പ്രവര്‍ത്തകരെ എംഎല്‍എ ആദരിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി.പി രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആനി രാജു, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ ജെ റാബിയ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് അടിത്തറയിടുന്ന ഇടമാണ് അങ്കണവാടികളെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വീടുകളില്‍ നിന്ന് കുട്ടികള്‍ സമൂഹത്തിലേക്ക് വരുന്ന ആദ്യ ഇടം അങ്കണവാടികളാണ്. ഇവിടെ കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും എംഎല്‍എ അഡ്വ. പ്രമോദ് നാരായണനും ഒപ്പം പാട്ടു പാടി തങ്ങളുടെ അങ്കണവാടി കെട്ടിട ഉദ്ഘാടനം ആഘോഷമാക്കി തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കുട്ടികള്‍. കോട്ടങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ വായ്പ്പൂര്‍ തുമ്പൂര്‍ 99-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രിക്കൊപ്പം കുട്ടികളാണ് നിര്‍വഹിച്ചത്. പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു. മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു. പാട്ടിനു ശേഷം കുട്ടികളുടെ പരിപാടി ആയതിനാല്‍ അവര്‍ തന്നെ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചതായി മന്ത്രി പറഞ്ഞു. പരിപാടിയുടെ തുടക്കത്തിലേ കസേരകള്‍ കുട്ടികള്‍ക്ക് നല്‍കി മന്ത്രിയും എംഎല്‍എയും അവര്‍ക്ക് അരികില്‍ നിന്നു. പാട്ടിനു ശേഷം മന്ത്രി കുട്ടികള്‍ക്ക് അനുമോദനാര്‍ഹമായി ഷാള്‍ അണിയിച്ചു.
കുഞ്ഞിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു
അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന് : വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് :23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍
അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത്നമാര്‍ച്ച് മൂന്നിന് ടക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍ എ അറിയിച്ചു.
ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം അഞ്ചിന് രാവിലെ 11 ന് ഗവ. ഐ ടി ഐ യില്‍ നടത്തും. യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സര്‍വേ ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍: 0479- 2953150
പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്: ഡപ്യൂട്ടി സ്പീക്കര്‍
സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുകയാണന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൂഴിക്കാട് ഗവ യു പി സ്‌കൂളിന്റെ നൂറ്റിപതിനൊന്നാമത് വാര്‍ഷികാഘോഷവും യാത്രയയപ്പും പ്രീ പ്രൈമറി കലാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മികച്ചതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസമാണ് പൊതുവിദ്യാലയങ്ങള്‍ കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗശേഷി വികസിക്കുന്നതിന് ഇത്തരം വിദ്യാഭ്യാസം പ്രയോജനപ്പെടുമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പിടിഎ പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള മുഖ്യാതിഥിയായി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ വായ്പാ കുടിശിക തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 31 ന് ശേഷം ഈ പദ്ധതി പ്രകാരം എടുത്ത വായ്പാ തിരിച്ചടവ് സംബന്ധിച്ച് യാതൊരുവിധ ആനുകൂല്യങ്ങളും നല്കുന്നതല്ല. ഫോണ്‍: 0468 2362070 ഇമെയില്‍ : [email protected]ഖാദി വിപണന മേള മാര്‍ച്ച് നാല് മുതല്‍ 22 വരെ
ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ ഖാദി വിപണന മേളകള്‍ മാര്‍ച്ച് നാല് മുതല്‍ 22 വരെ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം നാലിന് രാവിലെ 11.30 ന് ഖാദി ബോര്‍ഡംഗം സാജന്‍ തൊടുക ഇലന്തൂര്‍ ഖാദി അങ്കണത്തില്‍ നിര്‍വഹിക്കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി സൗഭാഗ്യകളിലാണ് വിപണന മേളകള്‍ ക്രമീകരിക്കുന്നത്. ഈ കാലയളവില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 0468 2362070
അഡ്മിഷന്‍ ആരംഭിച്ചു
വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ് . ഡേ കെയര്‍ സെന്റര്‍ലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ജില്ലാ ഓഫീസ് : 8281552350, ഡേ കെയര്‍ : 9562919882
സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്‌സൈററില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാ ഫോറം പുരിപ്പിച്ച്, ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേററര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ആഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍: 8281552350
പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി, തിരുവല്ല,അടൂര്‍, റാന്നി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ഒരു വര്‍ഷത്തെ നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ : 0468 2220141.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഇറച്ചി സ്റ്റാളുകള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ജലാശയങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കും. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും, വഴിയോര കച്ചവടക്കാര്‍ക്കും വാഹനങ്ങളില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ എത്തിച്ചു നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാഹനം അടക്കം പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോ: മന്ത്രി വീണാ ജോര്‍ജ്
കെ എസ് ആര്‍ ടി സി യെ അതിജീവനത്തിന്റെ പാതകളില്‍ എത്തിച്ചതിന്റെ പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സര്‍വീസ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.