Input your search keywords and press Enter.

പത്തനംതിട്ട തെങ്കാശി: കെ എസ് ആര്‍ ടി സിയുടെ പുതിയ സര്‍വീസ് ആരംഭിച്ചു

 

കെ എസ് ആര്‍ ടി സി യെ അതിജീവനത്തിന്റെ പാതകളില്‍ എത്തിച്ചതിന്റെ പ്രധാന മാതൃകകളില്‍ ഒന്നാണ് പത്തനംതിട്ട ഡിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന് തെങ്കാശിയിലേക്ക് ആരംഭിച്ച പുതിയ സര്‍വീസ് പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. കെ എസ് ആര്‍ ടി സി യുടെ ഏറ്റവും വരുമാനമുള്ളതും ജനപ്രിയവുമായ ടൂറിസം പാക്കേജുകളില്‍ ഒന്നാണ് ഗവി ടൂറിസം പാക്കേജ്. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രണ്ടു ബസുകള്‍ മാത്രമാണ് ഡിപ്പോയില്‍ നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയിരുന്നത് എന്നാലിന്ന് അത് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് പത്തനംതിട്ടയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രയത്‌നവും പൊതുജനങ്ങളുടെ പിന്തുണയും കൊണ്ടാണ് ഡിപ്പോയുടെ പ്രവര്‍ത്തനം മികച്ച നിലയില്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.

രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്. രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യൂ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, നഗരസഭാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!