ലോഗോ ക്ഷണിക്കുന്നു
ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്.
ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച പരിപാടിയാണ് സ്വീപ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ജനങ്ങളില്‍ അറിവ് പകരുക, വോട്ടിംഗ് സാക്ഷരത വര്‍ധിപ്പിക്കുക, ജനങ്ങളില്‍ വോട്ടിംഗിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം വളര്‍ത്തുക എന്നിവയാണ് സ്വീപിന്റെ ലക്ഷ്യങ്ങള്‍.
അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും: സബ് കളക്ടര്‍
അനര്‍ഹരായ വൃദ്ധസദന അന്തേവാസികളെ പുനരധിവസിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവല്ല സബ് കളക്ടര്‍ സഫ നസറുദ്ദീന്‍ പറഞ്ഞു. തിരുവല്ല മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും പത്തനംതിട്ട ജില്ലാ സാമൂഹിക നീതി കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള അദാലത്ത് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍. വൃദ്ധസദനങ്ങളില്‍ അധിവസിക്കുന്ന, മക്കള്‍ അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ഉള്ള താമസക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തിയത്.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി.മോഹനന്‍, പത്തനംതിട്ട ഗവ: വൃദ്ധ മന്ദിരം സൂപ്രണ്ട് ഒ.എസ് മീന, കണ്‍സലിയേഷന്‍ ഓഫീസര്‍ അഡ്വ പി. ഇ ലാലച്ചന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കനല്‍ ഫെസ്റ്റ്
ജില്ലാ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനല്‍ഫെസ്റ്റ് – 2024 പത്തനംതിട്ട വുമണ്‍സെല്‍ സി.ഐ എ.ആര്‍ ലീലാമ്മ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ലിംഗവിവേചനം എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കനല്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സരങ്ങളില്‍ സെന്റ് തോമസ് കോളേജ് തവളപ്പാറയും കോന്നി മന്നംമെമ്മോറിയല്‍ എന്‍ എസ് എസ് കോളേജും കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജും ജേതാക്കളായി. ഡിബേറ്റ്, സ്‌കിറ്റ്, ഫിലിംമേക്കിങ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഡിബേറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം എസ്എഎസ് എസ്എന്‍ഡിപി യോഗം കോളേജിലെ സിദ്ധി ജെ. നായര്‍, ആലിയ അബ്ദുള്‍ സലാം; രണ്ടാംസ്ഥാനം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിലെ സ്റ്റെഫി മാത്യു, നീതു കൃഷ്ണ എന്നിവര്‍ സ്വന്തമാക്കി. സ്‌കിറ്റില്‍ ഒന്നാം സ്ഥാനം മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജ്, കോന്നിയും, ഷോര്‍ട്ട് ഫിലിം മേക്കിങ്ങില്‍ ഒന്നാം സ്ഥാനം സെന്റ് തോമസ് കോളേജിലെ അലോഷി ജോണും സ്വന്തമാക്കി.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാ കുമാരി, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശുഭശ്രീ, ദിശ ഡയറക്ടര്‍ അഡ്വ. എം.ബി. ദിലീപ് കുമാര്‍, വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ്.ഷിജു, കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ.അമല മാത്യു, ജന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് എ.എം അനുഷ, സൂപ്പര്‍വൈസര്‍മാരായ ബിന്ദു വി. നായര്‍, എസ്. ബി. ചിത്ര, രേണു ജോര്‍ജി, സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ / എകെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274.
ദീര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്: ഡപ്യൂട്ടി സ്പീക്കര്‍
ദീര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നിറപൊലിവ് വിഷന്‍26ല്‍ ഉള്‍പ്പെടുത്തി അടൂര്‍ മണ്ഡലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും ഐ സി എ ആര്‍ – എസ് സി എസ് പിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ആടുവിതരണം, തീറ്റ, ധാതു ലവണങ്ങള്‍, വിരമരുന്നുകള്‍, തീറ്റപാത്രങ്ങള്‍ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു.
കാര്‍ഷിക മേഖലയിലും കാര്‍ഷിക അനുബന്ധമേഖലയിലും സ്വയംപര്യാപ്തത നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം.പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ തിരുപ്പതി വെങ്കിടാചലം,കെ ലാലു, കെ ശ്യാമള, മേരിക്കുട്ടി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനക്ലാസും നടന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ തരകന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ ഉദയന്‍ ജനപ്രതിനിധികളായ രാജേഷ് അമ്പാടിയില്‍, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, എ സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഷേര്‍ളി ചെറിയാന്‍, ഡോ ശ്യാമള, ഡോ. കെ എന്‍ രാജ, ഡോ. ജെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കട്ടില്‍ വിതരണം നടത്തി
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ എം സി ഷെജു, ശാന്തമ്മ ആര്‍ നായര്‍, ചന്ദ്രു എസ് കുമാര്‍, സെക്രട്ടറി എ തമ്പി, അസിസ്റ്റന്റ് സെക്രട്ടറി ജെനി, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ് – പെരിങ്ങര-പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലനം ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
പെയ്ഡ് ന്യൂസ്, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍, സാമൂഹ്യ മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് ചെലവു പരിശോധിക്കല്‍, മാതൃക പെരുമാറ്റചട്ടം തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സ്റ്റേറ് ലെവന്‍ മാസ്റ്റര്‍ ട്രെയിനറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു.
ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയിലസ് ടീം, വീഡിയോ സര്‍വെയിലസ് ടീം, വീഡിയോ വ്യൂവിംഗ് ടീം, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വേഴ്‌സ്, അകൗണ്ട് ടീം, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്ര കുറുപ്പ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു
ലേലം
ഇടുക്കി കെ ഐ പി അഞ്ചാം ബറ്റാലിയനിലെ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കെഎസ്ഇബി ലൈനിനും ബാരക്കുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന രണ്ട് മരുതി മരങ്ങള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11.30 ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം.
ഫോണ്‍ : 04869 233072.
മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം /പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോണ്‍:7994449314.
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് (6) ഉച്ചയ്ക്ക് ശേഷം 2.30 ന് ഓണ്‍ലൈനായി ചേരും.
കടമുറികള്‍ ലേലത്തിന്
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സ് കടമുറികളില്‍ വ്യാപാരം / ഓഫീസ് നടത്തുന്നതിനുളള ലേലം മാര്‍ച്ച് ഏഴിന് രാവിലെ 11 മുതല്‍ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ക്വട്ടേഷന്‍ ഇന്ന് (6) പകല്‍ മൂന്നുവരെ സ്വീകരിക്കും.
ഫോണ്‍ : 0468 2242215, 2240175.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യനായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11 ന് രാവിലെ 11 ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐ യില്‍ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.
യാഗ്യത :ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി /എന്‍എസി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.ഫോണ്‍ : 0479 2953150.