Input your search keywords and press Enter.

കോന്നിയിലെ രണ്ട് റോഡ് പ്രവർത്തികൾ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

 

കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾ 11/03/2024 ല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അതിരുങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ കുന്നിട റോഡ് വൈകിട്ട് 4:00 മണിക്ക് പുതുവൽ ജംഗ്ഷനിൽ നിർമ്മാണ ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.

ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യുടെ ശ്രമഫലമായി 15 കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്.ഇരുതോട്,കാരയ്ക്കക്കുഴി, പാലങ്ങളും പുനർ നിർമ്മിച്ചു. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ കലഞ്ഞൂർ പത്തനാപുരം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമായി കോന്നി പത്തനംതിട്ട കൂടൽ കലഞ്ഞൂർ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന പാതയായി മാറി.

ദീർഘനാളായി തകർന്നു കിടന്ന പുതുവൽ മങ്ങാട് റോഡിന്റെ പുതുവൽ മുതൽ കുന്നിട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് അഞ്ചുകോടി രൂപയ്ക്ക് ബിഎം&ബിസി സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്.

റോഡിന്റെ ചെളിക്കുഴി- കുന്നിട -മങ്ങാട് ഭാഗം നവീകരിക്കുന്നതിന് 2024ലെ ബജറ്റിൽ 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.നിലവിലെ ചെറിയ റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഓടയും ഐറിഷ് ഓടയും നിർമ്മിക്കുന്നുണ്ട്.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

error: Content is protected !!