സൗജന്യ തൊഴില്‍ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനം. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്ററ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രായപരിധി 18 – 45. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7994497989, 6235732523
പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി അദാലത്ത്;6380 കേസുകള്‍ തീര്‍പ്പാക്കി
ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6380 കേസുകള്‍ തീര്‍പ്പാക്കി. മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, ആര്‍. റ്റി. ഒ, രജിസ്ട്രേഷന്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി ഏഴു കോടി 51 ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിക്കുകയും 39 ലക്ഷം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍. ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീ.ജില്ലാ ജഡ്ജിയുമായ എസ്.ജയകുമാര്‍ ജോണ്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ആര്‍ രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. എംഎസിറ്റി ജഡ്ജ് ജി. പി ജയകൃഷ്ണന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ലൈജുമോള്‍ ഷെരീഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ വി.രാജീവ്, കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.
അഡ്മിഷന്‍ ആരംഭിച്ചു
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ”നിറച്ചാര്‍ത്ത്” കോഴ്സിന്റെ 2024 ബാച്ചിലേക്ക് ഉള്ള അഡ്മിഷന്‍ ആരംഭിക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായി കോഴ്സുകള്‍ നടത്തും.
ജൂനിയര്‍ വിഭാഗത്തിന് 2500 രൂപയും, സീനിയര്‍ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്സ് ഫീസ്. കേരളത്തിലെ പ്രശസ്തരായ ചുമര്‍ചിത്രകലാകാരന്മാരുടെ നേതൃത്വത്തിലാണ് കോഴ്സുകള്‍ നടത്തുന്നത്. തിരുവനന്തപുരത്തും അറന്മുളയിലുമായാണ് നിറച്ചാര്‍ത്ത് കോഴ്സിന്റെ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. ഏപ്രില്‍, മെയ് മാസത്തിലെ 25 പ്രവൃത്തി ദിനങ്ങളിലായാണ് കോഴ്സുകള്‍ നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. ക്ലാസുകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2319740, 9188089740.
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. മാര്‍ച്ച് 19 മുതല്‍ 21 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് റ്റി ഉള്‍പ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-
അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചു വരെ. യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ നിന്നുളള ബിഎസ്സി എംഎല്‍റ്റി / മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ഡിഎംഎല്‍റ്റി. കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍. വടശേരിക്കര ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. പ്രായം : 40 വയസില്‍ താഴെ. ഫോണ്‍ : 6235659410, 9061324913.
പട്ടികജാതി ‘ഹോം സര്‍വേ’ പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു
പട്ടികജാതി ജനവിഭാഗങ്ങളുടെ സമഗ്ര ഉന്നമനവും സുസ്ഥിര വികസനവും സാധ്യമാകുന്നതിന്റെ ഭാഗമായി പട്ടികജാതി കുടുംബങ്ങളുടെയും, സങ്കേതങ്ങളുടെയും അവസ്ഥയെ കുറിച്ച് ഡിജിറ്റല്‍ ഫ്‌ലാറ്റ്‌ഫോമില്‍ ഒരു സമഗ്ര
വിവരശേഖരണമാണ് ‘ഹോം സര്‍വേ.’ സര്‍വേ പ്രവര്‍ത്തനം കരിന്തകരവിള കോളനിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വിപി വിദ്യാധരപ്പണിക്കര്‍,എന്‍കെ ശ്രീകുമാര്‍, അംഗം രഞ്ജിത്,എസ്‌സി പ്രമോട്ടര്‍ രാഖി, പ്രീജ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കൂട് വിതരണം ചെയ്തു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കോഴിക്കൂട് വിതരണത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴംകുളം വില്ലേജിലെ 12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കൂട് വിതരണം ചെയ്തത്. 20 കോഴികുഞ്ഞുങ്ങളെയും ഒരു കൂടും അഞ്ച് കിലോ തീറ്റയും നല്‍കുന്നതിന്റെ പ്രാരംഭ നടപടിയായാണ് കോഴിക്കൂട് വിതരണം നടത്തിയത്. മുട്ട ഉല്‍പാദനത്തിലെ സ്വയം പര്യാപ്തതയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
അടൂരില്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിവരുന്ന നിറപൊലിവ് വിഷന്‍ 26 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും ഹൈദരാബാദ് കേന്ദ്രമാക്കിയ പൗള്‍ട്രി ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പോഷക സമ്പുഷ്ടമായ ജന്തുജന്യ മാംസം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. കുറഞ്ഞ മുതല്‍ മുടക്കിലും സംരക്ഷണച്ചെലവിലും പ്രായഭേദമന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്.
ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജെ ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ദേശീയ അഗ്രികള്‍ച്ചര്‍ ഗവേഷണ കേന്ദ്രത്തിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ കണ്ണന്‍, സീനിയര്‍ സയന്റിസ്റ്റ് എസ് ഷണ്മുഖന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ഹരികുമാര്‍, വി ആര്‍ ബേബിലീന , ബാബു ജോണ്‍, രജിത ജെയ്സണ്‍, ശാന്തി കുട്ടന്‍, വി സുരേഷ് , ബീന ജോര്‍ജ്, ആര്‍ ശോഭ, ലിജി ഷാജി, ഇ എ ലത്തീഫ്, ഷീജ, വെറ്റിറനറി സര്‍ജന്‍ ഡോ നീലിമ എസ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിശീലനം നടത്തി
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം.എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, ബന്ധപ്പെട്ട നിയമങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗം തുടങ്ങിയവയെക്കുറിച്ച് പരിശീലനത്തില്‍ വിശദമാക്കി. ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മണ്ഡലതല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് അതത് മേഖലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസുകള്‍ നല്‍കുന്നത്. ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നടത്തി
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ആക്കിയ 103-ാം നമ്പര്‍ ഇടിഞ്ഞില്ലം അങ്കണവാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്തും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് അങ്കണവാടി സ്മാര്‍ട്ടാക്കല്‍ പദ്ധതി.
പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ കളിയുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയും പദ്ധതി പ്രകാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ വയോജനങ്ങളുടെ യോഗ പരിശീലന പരിപാടിയുടെ സമാപനവും ചടങ്ങില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരചാലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്കാ ചാക്കോ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം റോയ് തോമസ്, അങ്കണവാടി വര്‍ക്കര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ / എകെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 20 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274.
അറിയിപ്പ്
കൊല്ലമുള വില്ലേജിലെ വെച്ചൂച്ചിറ എക്‌സ് സര്‍വീസ് മെന്‍ കോളനി പട്ടയം സംബന്ധിച്ച ജോലികള്‍ക്കായി നിയോഗിച്ച സര്‍വേ ടീമിന്റെ ആവശ്യത്തിലേയ്ക്ക് എന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ചില ആളുകള്‍ പണപ്പിരിവ് നടത്തുന്നതായി റാന്നി താലൂക്ക് ഓഫീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അനധികൃത പണപ്പിരിവുമായി താലൂക്ക് ഓഫീസിനോ സര്‍വെ ജോലിയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്കോ യാതൊരുവിധ ബന്ധമില്ലെന്നും പട്ടയ സര്‍വെ ജോലിയ്ക്കായി പണമോ പാരിതോഷികമോ നല്‍കേണ്ടതില്ലെന്നും തഹസില്‍ദാര്‍ അറിയിച്ചു.