Input your search keywords and press Enter.

നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവി

 

നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മൂന്ന് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഇന്ത്യ ഫ്യുച്ചർ ലാബ് പരിചയപെടുത്താൻ സി ഡാക് അവസരം ഒരുക്കണമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ 2 വർഷത്തിൽ സെമി കണ്ടക്ടർ മേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ബഹിരാകാശം, സുരക്ഷ, നിരീക്ഷണം എന്നിവയ്‌ക്കായുള്ള ഇലക്ട്രോണിക്‌സ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ചന്ദ്രയാനിലും ഐഎൻഎസ് വിക്രമാദിത്യയിലും ഉപയോഗിച്ചത് ഈ മേഖലയിലെ രാജ്യത്തിന്റെ കാര്യക്ഷമതയുടെ തെളിവാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇന്ത്യൻ റെയിൽവേയിൽ മുൻപെങ്ങും ഇല്ലാത്ത ഡിജിറ്റൽവത്കരണമാണ് നടക്കുന്നതെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. സി ഡാക് വികസിപ്പിച്ച പരം ശാവക് ഡെസ്ക്‌റ്റോപ് അധിഷ്ഠിത സൂപ്പർ കമ്പ്യൂട്ടർ കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ്‌ ചന്ദ്രശേഖർ പുറത്തിറക്കി. ഇലക്ട്രിക് ലോക്കോമോട്ടീവ് സാങ്കേതികവിദ്യയുടെ വികസനത്തിനായി സി-ഡാക്കും റെയിൽവേ മന്ത്രാലയവും തമ്മിലുള്ള സഹകരണ പ്രഖ്യാപനത്തിനും മൈക്രോഗ്രിഡ് സാങ്കേതികവിദ്യയുടെ വികസനത്തിനും വിന്യാസത്തിനുമായി സി-ഡാക്കും ടാറ്റ പവറും തമ്മിലുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. സി-ഡാക് തിരുവനന്തപുരം ഡയറക്ടർ എ. കലൈ സെൽവൻ, വ്യവസായിക, അക്കാദമിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!