Input your search keywords and press Enter.

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 )

നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 31 (നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.

പത്രിക സമര്‍പ്പണം: സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം.

നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ നിന്ന് ലഭിക്കും. സ്ഥാനാര്‍ഥികളില്‍ പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ.

തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന് വിളിക്കൂ 1950 ല്‍: ഇതുവരെ ലഭിച്ചത് 145 കോളുകള്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നല്‍കല്‍, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ കണ്ട്രോള്‍ റൂമിലൂടെ സേവനം ലഭ്യമാണ്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ ഇതുവരെ ലഭിച്ചത് 145 ഫോണ്‍കോളുകളാണ്. ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം

error: Content is protected !!