Input your search keywords and press Enter.

പത്തനംതിട്ട ലോക സഭ : പോളിംഗ് സാമഗ്രികള്‍ വിതരണം ആരംഭിച്ചു

 

2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 6 ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുമാണുള്ളത്.

മണ്ഡലം തിരിച്ച് വിവിപാറ്റ്, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുടെ എണ്ണം.
തിരുവല്ല – 270, 249, 249
റാന്നി – 262, 242, 242
ആറന്മുള – 319, 295, 295
കോന്നി – 275, 254, 254
അടൂര്‍ – 271, 250, 250

കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍) എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണകേന്ദ്രങ്ങള്‍ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!