Input your search keywords and press Enter.

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/04/2024 )

ലോക്‌സഭാ തെരഞ്ഞടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/04/2024 )

പത്തനംതിട്ട ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതല്‍ കോന്നിയില്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരില്‍ 7473 പുരുഷവോട്ടര്‍മാരും 6212 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്.
ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് കോന്നി നിയോജക മണ്ഡലത്തിലും കുറവ് റാന്നിയിലുമാണ്.

കോന്നിയില്‍ 3698 ഭിന്നശേഷി വോട്ടര്‍മാരില്‍ 1899 പുരുഷവോട്ടര്‍മാരും 1798 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. 1903 ഭിന്നശേഷി വോട്ടര്‍മാരുള്ള റാന്നിയില്‍ 1110 പുരുഷ വോട്ടര്‍മാരും 793 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. അടൂരില്‍ 1637പുരുഷവോട്ടര്‍മാരും 1335 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 2972 ഭിന്നശേഷി വോട്ടര്‍മാരുമാണുള്ളത്. 2799 ഭിന്നശേഷി വോട്ടര്‍മാരുള്ള ആറന്മുളയില്‍ 1539 പുരുഷവോട്ടര്‍മാരും, 1260 സ്ത്രീ വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ 2314 ഭിന്നശേഷി വോട്ടര്‍മാരുള്ളതില്‍ 1288 പുരുഷവോട്ടര്‍മാരും 1026 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

പ്രധാനമായും നാലു വിഭാഗങ്ങളായാണ് ഭിന്നശേഷിക്കാരെ തരം തിരിച്ചിട്ടുള്ളത്. കാഴ്ചാ പരിമിതിയുള്ളവര്‍, കേള്‍വി, സംസാരശേഷി പരിമിതിയുള്ളവര്‍, ചലനശേഷി പരിമിതര്‍, മറ്റു ശാരീരിക പരിമിതിയുള്ളവര്‍ എന്നിങ്ങനെയാണു ഭിന്നശേഷി വോട്ടര്‍മാര്‍.

ജില്ലയില്‍ 17151 മുതിര്‍ന്ന വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇക്കുറി 17151 മുതിര്‍ന്ന വോട്ടര്‍മാര്‍ സമ്മതിദാനവകാശം രേഖപെടുത്തും. 10663 സ്ത്രീ വോട്ടര്‍മാരും 6488 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെയാണ് ഈ കണക്ക്. ജില്ലയില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ കൂടുതല്‍ ഉള്ള മണ്ഡലം ആറന്മുളയാണ്. 3077 സ്ത്രീ വോട്ടര്‍മാരും 1883 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 4960 വോട്ടര്‍മാരാണുള്ളത്. തിരുവല്ലയില്‍ 2311 സ്ത്രീ വോട്ടര്‍മാരും 1551 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 3862 വോട്ടര്‍മാരും കോന്നിയില്‍ 1922 സ്ത്രീ വോട്ടര്‍മാരും 1055 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2977 വോട്ടര്‍മാരുമാണുള്ളത്. റാന്നിയില്‍ 1787 സ്ത്രീ വോട്ടര്‍മാരും 1153 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2940 വോട്ടര്‍മാരുണ്ട്. മുതിര്‍ന്ന വോട്ടര്‍മാര്‍ ഏറ്റവും കുറവുള്ളത് അടൂരാണ്. 1566 സ്ത്രീ വോട്ടര്‍മാരും 846 പുരുഷ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 2412 വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപെടുത്തുക.

 

സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലനം നടത്തി

തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ പറഞ്ഞു.
ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, പൊതു പരിപാടികളുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പ് വേളയില്‍ ഓരോ സ്ഥാനാര്‍ഥിയും നാമനിര്‍ദ്ദേശ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെയുളള (രണ്ടു തീയതിയും ഉള്‍പ്പെടെ) കണക്കുകള്‍ സൂക്ഷിക്കണം.

തെരഞ്ഞെടുപ്പ് ചെലവിന്റെ കൃത്യമായ കണക്ക് ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. 30 ദിവസം കണക്കാക്കുന്നതിന് ഫല പ്രഖ്യാപന ദിവസം ഒഴിവാക്കണം. നിശ്ചിത രീതിയില്‍ നിശ്ചിത സമയത്തിനകം തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് അയോഗ്യനാക്കും.

തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലാകണം പണമെല്ലാം നിക്ഷേപിക്കേണ്ടത്. അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നത് സ്ഥാനാര്‍ഥി മാത്രമായിരിക്കണം. ചെലവ് സംബന്ധിച്ച കണക്ക് ജില്ലാ ചെലവ് നിരീക്ഷകന് സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉണ്ടാകണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രചരണ കാലയളവില്‍ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാന്‍ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ അനില്‍കുമാര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സ്ഥാനാര്‍ഥി സൂക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് ചെലവ് രജിസ്റ്റര്‍

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ സമയത്ത് സ്ഥാനാര്‍ഥികള്‍
രജിസ്റ്ററുകള്‍ മൂന്ന് തവണ ചെലവ് നിരീക്ഷകന് സമര്‍പ്പിക്കണം. രജിസ്റ്ററിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗമായ പ്രതിദിന കണക്ക് രജിസ്റ്ററില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് ചെലവും രണ്ടാം ഭാഗമായ ക്യാഷ് രജിസ്റ്ററില്‍ നാമ നിര്‍ദേശം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ ലഭിച്ച എല്ലാ തുകകളും ബാങ്കില്‍ നിന്നുള്ള പിന്‍വലിക്കലും തീയതി ക്രമത്തില്‍ രേഖപ്പെടുത്തണം. മൂന്നാം ഭാഗമായ ബാങ്ക് രജിസ്റ്ററില്‍ സ്വന്തം പണമുള്‍പ്പെടെ എല്ലാ മാര്‍ഗത്തില്‍ നിന്നുമുള്ള മുഴുവന്‍ പണത്തിന്റെയും നിക്ഷേപം/ പിന്‍വലിയ്ക്കല്‍/നീക്കിയിരിപ്പ് വിവരങ്ങളും നിശ്ചിത കോളങ്ങളില്‍ രേഖപ്പെടുത്തണം.

 

സ്ഥാനാര്‍ഥികള്‍ ദൈനംദിന കണക്കു സൂക്ഷിക്കേണ്ടത് ഇങ്ങനെ…വരവും ചെലവും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ സ്വീകരിക്കുന്ന പണം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി രേഖപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ സ്വന്തം പണം തെരഞ്ഞെടുപ്പ് ചെലവിനായി തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മറ്റേതെങ്കിലും വ്യക്തി/പാര്‍ട്ടി/സംഘടന/സംഘം-ല്‍ നിന്ന് പണം കൈപ്പറ്റിയാല്‍ ലഭിച്ച തുക ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തുക ബാങ്കില്‍ നിക്ഷേപിച്ച് ഈ വിവരങ്ങള്‍ ക്യാഷ് രജിസ്റ്ററിന്റെ ചെലവ് വശത്ത് കാണിക്കണം. തുടര്‍ന്ന് ബാങ്ക് രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യണം.

ചെക്ക്/ഡിഡി/ പേ ഓര്‍ഡര്‍ ലഭിച്ചാല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ബാങ്ക് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടി, വ്യക്തികള്‍ സംഘടന എന്നിവയില്‍ നിന്നും ലഭിക്കുന്ന വാഹനങ്ങള്‍/പോസ്റ്ററുകള്‍/ലഘുലേഖകള്‍/മാധ്യമപരസ്യങ്ങള്‍ എന്നീ സാധന സേവനങ്ങള്‍ ലഭിച്ചാല്‍ ദൈനംദിന രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
സ്ഥാനാര്‍ഥികളുടെ എല്ലാ തെരഞ്ഞെടുപ്പ് ചെലവുകളും പ്രതിദിന കണക്കു രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രചരണ കാലയളവില്‍ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാന്‍ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം.

സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാനാര്‍ഥികള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ മൂന്നുതവണയെങ്കിലും ഈ വിവരങ്ങള്‍ പത്രങ്ങളിലൂടെയും ടെലിവിഷന്‍ ചാനലിലൂടെയും പരസ്യപ്പെടുത്തണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളുടെ ഇത്തരം വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.
പ്രാദേശികമായി പ്രചാരമുള്ള പത്രങ്ങളിലും ഫെയ്സ്ബുക്കും എക്സും അടക്കമുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇത്തരം വിവരങ്ങള്‍ നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണം.
ഇത്തരം സ്ഥാനാര്‍ഥികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ധാരണ കിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ ആദ്യപരസ്യപ്പെടുത്തല്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന തീയതി കഴിഞ്ഞ് നാലുദിവസത്തിനുള്ളിലും രണ്ടാമത്തേത് അഞ്ചു മുതല്‍ എട്ടു വരെയുള്ള ദിവസത്തിനുളളിലും മൂന്നാമത്തേത് ഒന്‍പതാം ദിവസം മുതല്‍ പ്രചാരണത്തിന്റെ അവസാനദിവസം വരെയുമാണ്. എല്ലാ പ്രസിദ്ധീകരണത്തിനുമുള്ള ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കും.

 

രണ്ടാം ഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി;ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 5170 ഉദ്യോഗസ്ഥര്‍

പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 5170 ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉത്തരവായി. പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ പൊതുനിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവിയുടെ സാനിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്നു. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ അതത് സ്ഥാപന മേധാവികള്‍ ഡൗണ്‍ലോഡ് ചെയ്ത് പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ഇപ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഒന്‍പത്, 11,12,13 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. നിയമന ഉത്തരവ് കൈപ്പറ്റി പരിശീലനത്തിന് ഹാജരാക്കാത്ത ജീവനക്കാരുടെ പേരില്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

ലോക്സഭാ തെരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനുമായി സ്ഥാനാര്‍ഥി/പ്രതിനിധികളുടെ യോഗം ഏപ്രില്‍ 9

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന പൊതു നിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവിയുമായി മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ/ഏജന്റുമാരുടെ/പ്രതിനിധികളുടെ യോഗം ഏപ്രില്‍ ഏപ്രില്‍ 9 ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സ്ഥാനാര്‍ഥികള്‍/പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്രിക പിന്‍വലിക്കാന്‍ സമയം ഏപ്രില്‍ 8 വരെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രിക ഏപ്രില്‍ 8 വരെ പിന്‍വലിക്കാം. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറായ ശേഷം മത്സരിക്കുന്നവര്‍ക്ക് ചിഹ്നവും ഇന്ന് അനുവദിക്കും. ഏപ്രില്‍ 26 നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഏപ്രില്‍ അഞ്ചിന് നടന്ന സൂക്ഷ്മ പരിശോധനയില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് അംഗീകരിച്ചത്.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു

ലോക്സഭ തെരഞ്ഞടുപ്പിനുള്ള വോട്ടേഴ്സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചു. ഏപ്രില്‍ എട്ട് മുതല്‍ 20 വരെയുളള പ്രവര്‍ത്തിദിനങ്ങളില്‍ ഏതെങ്കിലും രണ്ടു ദിവസത്തേക്കാണ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മേധാവികള്‍ ഡ്യൂട്ടി ലീവ് അനുവദിക്കുക.

തെരഞ്ഞെടുപ്പ് തീയതിക്ക് അഞ്ചു ദിവസം മുന്‍പാണ് വോട്ടര്‍മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടേഴ്സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം ചെയ്യേണ്ടത്. ഈ സ്ലിപ് വോട്ടറോ കുടുംബാംഗമോ കൈപ്പറ്റിയെന്നുളള രേഖ ശേഖരിച്ച് തെരഞ്ഞെടുപ്പ് ദിവസത്തിനു മൂന്ന് ദിവസം മുന്‍പ് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഏല്‍പ്പിക്കണം.

 

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പഴുതടച്ച ക്യാമറ നിരീക്ഷണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തം. ഇതിനായുള്ള കണ്‍ട്രോള്‍ റൂമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. അവയുടെ നിരീക്ഷണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കും. കളക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 15 ഫ്‌ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ണമായും നിരീക്ഷണത്തിലാണ്. കൂടാതെ പോളിങ് ദിവസം ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് ഉറപ്പുവരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുക.

error: Content is protected !!