Input your search keywords and press Enter.

അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024

പത്തനംതിട്ട: അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ (കോച്ച് കൊച്ചീപ്പന്‍ നഗര്‍) നടക്കുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരിയും ജനറല്‍ കണ്‍വീനര്‍ അനില്‍ ചൈത്രവും അറിയിച്ചു.

കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷനും പ്രക്കാനം ബ്രെയിന്‍ ക്ലബ്ബും ചേര്‍ന്നാണ് സംഘാടനം നിര്‍വഹിക്കുന്നത്. കേരളത്തിലെ പതിനാല് ജില്ലകളില്‍നിന്നുമുള്ള പുരുഷ-വനിത ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ദേശീയ-അന്തര്‍ദേശീയ വോളിബോള്‍ ചരിത്രത്തില്‍ നിരവധി വോളിബോള്‍താരങ്ങളെ സംഭാവന ചെയ്ത പ്രക്കാനം ഗ്രാമം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. 2001-ല്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയ അനുഭവസമ്പത്ത് പ്രക്കാനം ഗ്രാമത്തിനുണ്ട്.

പ്രക്കാനം ഗ്രാമത്തിന്റെ വോളിബോള്‍ പ്രണയത്തിന് ആറ് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍. പാരമ്പര്യം തൊടുത്ത പന്തുയര്‍ത്താന്‍ ആവേശത്തോടെ ഒരു അനന്തര തലമുറയും പ്രക്കാനത്ത് ഉണ്ടാകുന്നു എന്നതാണ് ഏറെ അഭിമാനകരം. കൈപ്പന്തുകളിയുടെ പ്രക്കാനംചിട്ട അന്യംനിന്നുപോകാതെ സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുക്കാന്‍ പ്രക്കാനം ബ്രെയിന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ചെയര്‍മാനായും, അഡ്വ. പി.സി. ഹരി വര്‍ക്കിംഗ് ചെയര്‍മാനായും, അനില്‍ ചൈത്രം ജനറല്‍ കണ്‍വീനറായും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി സി. സത്യന്‍, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കടമ്മനിട്ട കരുണാകരന്‍ എന്നിവര്‍ ഭാരവാഹികളായും വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം 2024 ഏപ്രില്‍ 28 ന് വൈകുന്നേരം 7 മണിക്ക് മുന്‍ ദേശീയ വോളിബോള്‍ താരം ശ്രീ. മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അജി അലക്‌സ്, കല അജിത്ത്, അഭിലാഷ് വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശശി, കെ.ആര്‍. ശ്രീകുമാര്‍, നീതു രാജന്‍, വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. സത്യന്‍, ജില്ലാ സെക്രട്ടറി കടമ്മനിട്ട കരുണാകരന്‍, സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു, ജോസ് മാത്യു, അഡ്വ. സിബി മഞ്ഞിനിക്കര, ബിനോയ് കെ. മത്തായി, ത്രേസ്യാമ്മ കൊച്ചീപ്പന്‍, റവ. ഫാ. ബിജു മാത്യു, ആര്‍. രവികുമാര്‍, അനില്‍ ചൈത്രം, അഡ്വ. എസ്. മനോജ്, പി.സി. രാജീവ് എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടനദിവസം: പാലക്കാട്-കോട്ടയം, കൊല്ലം-ആലപ്പുഴ, പത്തനംതിട്ട-കാസര്‍കോട് എന്നീ ജില്ലാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

error: Content is protected !!