Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (09/05/2024)

നാഷണല്‍ ലോക് അദാലത്ത്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലിഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്.

ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണന യിലില്ലാത്ത വ്യക്തികളുടെ പരാതികളും, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികളും, താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകളും, ഒത്തുതീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസു കളും, ബി.എ. സ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രഷന്‍ വകുപ്പ് മുമ്പാകെയുളള പരാതികളും, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുള്ള കേസുകളും, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകളും അദാലത്തില്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഅതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2220141. ഇ-മെയില്‍: [email protected].

 

ബോധവത്കരണ പരിപാടി

ദക്ഷിണ നാവികസേനാ കമാന്റ് ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ എന്നിവര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഈ മാസം 13ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പരാതികള്‍ പരിഹരിക്കുന്നതിനും ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചും ഇവിടെ വിശദീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണപരിധിയിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍, ഡോര്‍മെറ്ററി, മെസ് കെട്ടിടങ്ങളിലെ ഫയര്‍ എക്സിറ്റിഗ്യൂഷറുകള്‍ റീഫില്‍ ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ അക്രെഡിറ്റഡ് എജന്‍സികളില്‍ സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാനതീയതി ഈമാസം 17. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446988929/9446349209.

 

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ നല്‍കി

പത്തനംതിട്ട ജില്ലയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അനിത കുമാരി എല്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ പി.കെ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ശ്യാംകുമാര്‍ കെ.കെ., ആര്‍.എം.ഒ ഡോ. ദിവ്യ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് മുരളീധരന്‍ വി, ഹജ്ജ് കമ്മറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നുള്ള 71 പേരാണ് വാക്‌സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഡോ. അബിന്‍, ഡോ. സജിന്‍ കെ.റെജി, സ്മിതാ ചന്ദ്രന്‍, വിനീത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

നീലക്കുറിഞ്ഞി ജൈവ വൈവധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം ഇന്ന് (10)

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല ജൈവ വൈവിധ്യ ക്വിസ് മത്സരം ഇന്ന് (10) നടക്കും. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9ന് നടക്കുന്ന ജില്ലാ തല ക്വിസ് മത്സരത്തില്‍ ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 44 കുട്ടികളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ജില്ലാതല മത്സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണ ചെയ്യും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

കഴിഞ്ഞ ഏഴിന് നടന്ന മേഖലാതല ക്വിസ് മത്സരത്തിലൂടെ വിജയിച്ചുവന്നവരാണിവര്‍. ഇവിടെ വിജയിക്കുന്ന നാല് കുട്ടികളെയാണ് ഈ മാസം 20, 21, 22 തീയതികളില്‍ മൂന്നാറിലും അടിമാലി ജൈവ വൈവിധ്യ പഠന കേന്ദ്രത്തിലുമായി നടക്കുന്ന ജൈവ വൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുപ്പിക്കുന്നത്.

 

എസ്.എസ്.എല്‍.സി. 148 സ്‌കൂളുകള്‍ക്ക് 100 മേനി

ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ 148 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം ഉറപ്പാക്കാനായതായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാജു വി. അറിയിച്ചു. ആകെ പരീക്ഷ നടന്ന 49 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 44 സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയം കണ്ടെത്താനായി. 109 എയ്ഡഡ് സ്‌കൂളുകളില്‍ 97 സ്‌കൂളുകളും 100 വിജയം നേടി. എട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഏഴ് സ്‌കൂളുകളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചു.

ആകെ 10,021 കുട്ടികളാണ് ജില്ലയില്‍നിന്നും ഇത്തവണ പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച 1,438 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച 8,191 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളികളില്‍ പഠിച്ച 393 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. എസ്.സി. വിഭാഗത്തിലുള്ള 1472 കുട്ടികളും എസ്.റ്റി.

വിഭാഗത്തിലുള്ള 105 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. സി.ഡബ്ല്യു.എസ്.എന്‍ വിഭാഗത്തില്‍ 352 കുട്ടികളും ഉന്നതപഠനത്തിന് അര്‍ഹരായിട്ടുണ്ട്.

error: Content is protected !!