Input your search keywords and press Enter.

വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം – പാലക്കാട് ജില്ല കലക്ടര്‍

ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം

പാലക്കാട്: വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.തദ്ദേശസ്വയംഭരണ വകുപ്പ് – ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് മെയ് 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം.

മെയ് 12 വരെ വേനല്‍ മഴയുടെ അഭാവം ജില്ലയില്‍ തുരുകയാണെങ്കില്‍ മലമ്പുഴ ഡാം തുറക്കാന്‍ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യത്തിന് ജലലഭ്യത, വനമേഖലകളില്‍ ആര്‍.ആര്‍.ടികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.അട്ടപ്പാടി,നെല്ലിയാമ്പതി,പാലക്കയം,ആനക്കല്ല്, പോലുളള മഴ പെയ്താല്‍ ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.മഴയ്ക്ക് മുന്‍പായി തന്നെ പ്രസ്തുത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ എത്തിക്കാനാണ് നിര്‍ദ്ദേശം.

മണ്ണാര്‍ക്കാട്, ചിറ്റൂര്‍ പോലുളള മണ്ണിടിച്ചില്‍ കൂടുതലായുണ്ടാകുന്ന പ്രദേശങ്ങളില്‍ ക്യംപുകള്‍ സജ്ജീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി കണ്ടെത്തണം.സിവില്‍ സപ്ലൈസ് മുഖേന ഈ പ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ മുന്‍കൂട്ടി നടപടിയെടുക്കണം.

ജലഅതോറിറ്റി ജീവനക്കാര്‍ പൈപ്പ് ലൈനുകള്‍ ഓടകളുമായി ബന്ധപ്പെട്ട് പോകുന്നില്ലായെന്ന ഉറപ്പാക്കുകയും പൊട്ടിയ പൈപ്പുകള്‍ അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ ആവശ്യമെങ്കില്‍ മുന്‍കൂട്ടി തന്നെ വൃത്തിയാക്കണം. ജൂണ്‍ ഒന്ന് വരെ ജലസേചനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും ജലഅതോറിറ്റിക്കും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുമായി സംയോജിച്ച് കൊതുക് നശീകരണം ഉള്‍പ്പെടെ മഴക്കാലപൂര്‍വ്വശുചീകരണത്തില്‍ സമയോചിത ഇടുപെടല്‍ നടത്തണം.മാലിന്യകൂനകള്‍ കണ്ടെത്തുന്നപക്ഷം സമയോചിതമായി നീക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജ്യൂസ് ഷോപ്പുകളില്‍ ഉള്‍പ്പെടെ ജലപരിശോധന നടത്തണം.അതിഥി തൊഴിലാളികള്‍ക്കിടയിലും തോട്ടം മേഖലകളിലും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ നിര്‍വഹിച്ച് മെയ് 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുമരാമത്ത് വകുപ്പ് പൊട്ടിയ സ്ലാബുകളുടെ അറ്റകുറ്റപണികള്‍ സമയോചിതമായി നടത്തണം.ഓടകള്‍ അടിയന്തിര പ്രാധാന്യത്തടെ വ്യത്തിയാക്കിയ ശേഷം പൊതുമരാമത്ത്-ദേശീയപാത അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. കെ.എസ്.ഇ.ബി ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിയെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണം.

മഴക്കാലമായാല്‍ തടയണകളിലും പുഴകളിലും പതിയിരിക്കുന്ന അപകടങ്ങളില്‍ അഗ്നിരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കണം. ഹോ ഗാര്ഡ്, സിവില്‍ ഡിഫന്‍സ് സേവനം സന്ദര്‍ഭോചിതമായി അഗ്നിരക്ഷാ സേന ഉപയോഗപ്പെടുത്തണം. ടൂറിസം വകുപ്പ് അപകടകരമായ ജലാശയങ്ങള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. മുമ്പ് അപകടമുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

സ്‌കൂളുകളുടെ ഫിറ്റ്‌നസ് സമയബന്ധിതമായി ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ദീര്‍ഘനാളായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി ആവശ്യമായ ശുചീകരണം നടത്തണം. ക്ഷുദ്രജീവികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണം. തുറന്നുകിടക്കുന്ന കിണറുകള്‍ മൂടുന്നതിന് നടപടി വേണം.

വ്യവസായ വകുപ്പ് രാസമലിനീകരണം സംബന്ധിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആദിവാസി മേഖലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ മേധാവികള്‍ പങ്കെടുത്തു.

error: Content is protected !!