Input your search keywords and press Enter.

പകര്‍ച്ചവ്യാധി വ്യാപനസാധ്യത; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: മഴക്കാലരോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗാനന്തരമാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

മലിനജലവും വെള്ളക്കെട്ടും ഡെങ്കി-ഹെപ്പറ്റൈറ്റിസ് എ രോഗവ്യാപനത്തിനു ആക്കം കൂട്ടുമെന്ന് വിലിയിരുത്തി ശുചിത്വപാലന നടപടികളും ഉറവിട നശീകരണവും മഴക്കാലത്തിനു മുന്നോടിയായി കൂടുതല്‍ ഊര്‍ജിതമാക്കും. പ്രളയസാധ്യതാപ്രദേശങ്ങള്‍ ജിയോടാഗ് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കും. രോഗവ്യാപനസാധ്യത ഇല്ല എന്നും തദ്ദേശ സ്ഥാപനങ്ങള്‍വഴി ഉറപ്പാക്കും.

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടത്തിവരുന്ന ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ബസ് സ്റ്റാന്‍ഡ്, ചന്ത, വ്യവസായസ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചു ശാസ്ത്രീയമായ ഉറവിടനശീകരണം നടത്തും. താലൂക്ക് അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനപുരോഗതി ഉറപ്പാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

error: Content is protected !!