Input your search keywords and press Enter.

വനിതാ കമ്മിഷന്‍ സിറ്റിംഗ്: 16 പരാതികള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മദ്യപാനം പോലെയുള്ള ലഹരി ഉപയോഗങ്ങള്‍ മൂലം ശിഥിലമാവുന്ന കുടുംബബന്ധങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നതില്‍ ഏറെയുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

ഏഴ് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. 34 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. മൂന്ന് പരാതികള്‍ ജാഗ്രതാ സമിതിയുടെ പരിഗണനക്കായി കൈമാറി. ആകെ 60 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. പാനല്‍ അഭിഭാഷകരായ അഡ്വ. കെ.എസ്. സിനി, അഡ്വ. ആര്‍. രേഖ, കൗണ്‍സിലര്‍ നീമ ജോസ്, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥയായ ദീപ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പരാതി കേള്‍ക്കുന്നു.

error: Content is protected !!