Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (18/05/2024)

ജില്ലയില്‍ ഇന്നും (19), നാളെയും (20) റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും (19) നാളെയും (20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

യാത്രകള്‍ക്ക് നിരോധനം

അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മേയ് 19 മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . പത്തനംതിട്ട ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

 

യാത്രാ നിരോധനം

രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും മെയ് 23 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ഇന്ന് (19) മുതല്‍ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

 

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സി. എഫ്. ആര്‍. ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി. എഫ്. റ്റി. കെ) നടത്തുന്ന ബി. എസ്. സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന്റെ 2024-28 ബാച്ചിലേക്ക് പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

 

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം

കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള അപകടഭീക്ഷണിയുയര്‍ത്തുന്ന വൃക്ഷങ്ങളും വൃക്ഷശാഖകളും ബന്ധപ്പെട്ടവര്‍ അടിയന്തരമായി മുറിച്ച് മാറ്റണം. വീഴ്ച വരുത്തുന്ന പക്ഷം ഇതു സംബന്ധിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമുള്ള ബാധ്യത വൃക്ഷങ്ങള്‍ നില്‍കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ അറിയിച്ചു.

 

പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

പത്തനംതിട്ട നിരണം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കുര്യന്‍ മത്തായി, നിരണം കിഴക്കുഭാഗം എന്ന കര്‍ഷകന്റെ താറാവുകളില്‍ പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഈ പ്രദേശത്തുനിന്നും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂണ്‍ ഏഴുവരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷണന്‍ ഉത്തരവായി.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു പക്ഷികള്‍ എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.

 

ലോകക്ഷീര ദിനം ; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും

ജൂണ്‍ ഒന്ന് ലോകക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 24 ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതല്‍ 11.30 വരെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചന (മലയാളം), ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാവിലെ 10.30 മുതല്‍ ഒന്നു വരെ ചിത്രരചന, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ഡെയറി ക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മെയ് 23 നു വൈകിട്ട് അഞ്ചിനു മുന്‍പായി 9447479807, 9495390436, 9496267464 എന്നീ ഫോണ്‍ നമ്പരുകളിലോ [email protected] എന്ന മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.

 

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി ഇന്ന് (19) മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാവുന്നതാണ്.

 

പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് എന്നീ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, പന്തളം, കുളനട, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും മേയ് 25 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു പക്ഷികള്‍ എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.

error: Content is protected !!