Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (23/05/2024)

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനുഅരികെ ന്യുനമര്‍ദ്ദം; ജാഗ്രത വേണം- ജില്ലാ കലക്ടര്‍

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ ന്യുനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് സഹിതം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറി. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ചു മെയ് 24 ഓടെ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. മെയ് 25 ന് രാവിലെയോടെ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് ബംഗ്ലാദേശ്-സമീപ പശ്ചിമബംഗാള്‍ തീരത്ത് തീവ്ര ചുഴലിക്കാറ്റായി മെയ് 26 നു വൈകിട്ടോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി.

 

മഴക്കെടുതി ; തദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം

മഴയെതുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ 24 മണിക്കൂറും സേവനസജ്ജമായ 0471 2317214 നമ്പറില്‍ ബന്ധപ്പെടാം. വെള്ളക്കെട്ടുകള്‍, പകര്‍ച്ചവ്യാധികള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

 

ആത്മഹത്യക്കെതിരെ ശില്‍പശാല ഇന്ന് (മെയ് 24)

ആത്മഹത്യകള്‍തടയുക ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം നടത്തുന്ന പരിപാടികളുടെ ഭാഗമായ ശില്‍പശാല ഇന്ന് (മെയ് 24). ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടത്തുന്ന പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് രാവിലെ 9ന് ഉദ്ഘാടനം ചെയ്യും.

സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം സി. എസ്. അനില്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, മത-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ നേതാക്കള്‍, മാനസികാരോഗ്യ വിദഗ്ധര്‍-കൗണ്‍സിലര്‍മാര്‍, ജില്ലാതല വകുപ്പ് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

മഴയുടെ പശ്ചാത്തലത്തില്‍ പനിഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ സാധ്യത.

പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപനി പകരുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയപാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വീടിനുള്ളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്ന കുപ്പികള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, കക്കത്തോട്, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ തുടങ്ങിയവയില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്.

പ്ലാന്റേഷന്‍ മേഖലകളില്‍ റബ്ബര്‍ പാല്‍ ഉല്പാദിപ്പിക്കാത്ത സമയങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വയ്‌ക്കേണ്ടതാണ്. കരയ്ക്ക് കയറ്റി വെച്ചിരിക്കുന്ന വള്ളം/ബോട്ട്, ബോട്ടുകളുടെ വശത്ത് കെട്ടിവച്ചിരിക്കുന്ന ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന ഐസ് ബോക്‌സ്/ തെര്‍മോക്കോള്‍ ബോക്‌സ് എന്നിവയിലെ ജലം, ആക്രി ശേഖരണശാലകളിലെ പാഴ്‌വസ്തുക്കളിലെ ജലം, ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെ മഴവെള്ള ശേഖരവുമാണ് തീരദേശത്തെയും നഗരപ്രദേശത്തെയും ഡെങ്കിവ്യാപനത്തിന് പ്രധാന കാരണം.

എലിപ്പനി രോഗാണുവാഹകരില്‍ എലികള്‍ മാത്രമല്ല, നായ്ക്കളും മറ്റു വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും ഉള്‍പ്പെടും. അവയുടെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ രോഗം പകരും. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്ന തിനാല്‍ അത് കര്‍ശനമായി ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവര്‍, മലിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. ആഹാരത്തിന് ശേഷം ആണ് കഴിക്കേണ്ടത്. ജോലി ആരംഭിക്കുന്നതിന്റെ തലേദിവസം കഴിക്കണം. ആഴ്ചയിലൊരിക്കല്‍ എന്ന തോതില്‍, പരമാവധി 6 ആഴ്ച്ച വരെ ഡോക്സിസൈക്ലിന്‍ കഴിക്കാം.

യാത്രാവേളകളില്‍ വെള്ളക്കെട്ടില്‍ ഇറങ്ങേണ്ടി വന്നാല്‍ എലിപ്പനി സാധ്യത സംശയിക്കേണ്ടതാണ്. കഴിയുന്നതും വേഗം കാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കാലുകളില്‍ മുറിവ് ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കുക പനി, തലവേദന ,കാലുകളലെ പേശികളില്‍ വേദന തുടങ്ങിയലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടുക. മലിന ജലവുമായി സമ്പര്‍ക്കത്തില്‍പ്പെട്ട വിവരം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) – മഴക്കാലത്ത് ഏറ്റവും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വെള്ളത്തില്‍ കൂടി വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ് പകരുക. ഇതൊഴിവാക്കുവാന്‍ ശുചിത്വം കര്‍ശനമായി പാലിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുന്നത് ഒരു പരിധി വരെ വയറിളക്ക രോഗങ്ങള്‍ പകരുന്നത് തടയും. ആഹാരത്തിന് മുന്‍പും, ശുചി മുറി ഉപയോഗിച്ചശേഷവും നിര്‍ബന്ധമായും സോപ്പുപയോഗിച്ചു കഴുകണം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണര്‍ ആഴ്ചയിലൊരിക്കല്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിര്‍മാണ യൂണിറ്റുകളിലും കുടിവെള്ള സ്രോതസ്സ് ആയി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളത്തിന്റെ ഗുണ നിലവാരം മാസത്തിലൊരിക്കല്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, മനംപിരട്ടല്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുകയും വീട്ടില്‍ വിശ്രമിക്കുകയും വേണമെന്ന് ഡി. എം. ഒ അറിയിച്ചു.

 

ഹജ്ജ് വാക്സിനേഷന്‍: അവസാന അവസരം

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടും ഇത്‌വരെ വാക്സിന്‍ എടുക്കാത്തവര്‍ക്കായി മെയ് 25 ന് കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ വാക്സിനേഷന്‍ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. തീര്‍ത്ഥാടകര്‍ക്കായുള്ള ജില്ലയിലെ അവസാന വാക്‌സിനേഷന്‍ ക്യാമ്പ് ആയതിനാല്‍ വാക്സിന്‍ എടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 8075495655.

 

ഇന്‍ഡക്ഷന്‍ കോഴ്‌സ്

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള അഞ്ച് ദിവസത്തെ ഇന്‍ഡക്ഷന്‍ കോഴ്‌സിന് തുടക്കമായി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. വി പി ജഗതി രാജ് ഉദ്ഘാടനം ചെയ്തു. ബി. മിനി, ലതാകുമാരി, എന്‍. ബി. പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

താല്‍ക്കാലിക നിയമനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10ന് യഥാക്രമം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങളിലെ ലക്ചറര്‍ തസ്തികളിലേക്കും അതേ ദിവസം ഉച്ചയ്ക്ക് ശേഷം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രയ്ഡ്‌സ്മാന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികളിലേക്കും അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍- 9447488348, 04762623597.

 

സൗജന്യ കരിയര്‍ ഗൈഡിങ് പരിശീലനം

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റാന്‍ കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലസ് ടു പാസ്സായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ കൗണ്‍സിലിങ് സംഘടിപ്പിക്കും. ജൂണ്‍ ഒന്ന് രാവിലെ 10 ന് ക്രിയ ഇന്‍സൈറ്റ്‌സ് സി. ഇ. ഒ ഡോ. കെ. പി. നജിബുദീന്‍ പങ്കെടുക്കും. ഫോണ്‍.- 7356517834, 9961960581.

 

തീയതി മാറ്റി

ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് മെയ് 23, 24 ,27 തീയതികളില്‍ കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എന്‍ എസ് കോളേജ് മൈതാനത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ശാരീരിക കായികക്ഷമതാ പരീക്ഷയും അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു.

 

ബോധവത്കരണ കലാജാഥ

ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷവും മഴക്കാലപൂര്‍വ്വ ശുചീകരണ ബോധവത്കരണ കലാജാഥയും നടത്തി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി പുഷ്പകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ബ്ലോക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാര•ാരുടെയും പഠിതാക്കളുടെയും നേതൃത്വത്തില്‍ കലാജാഥയുടെ ഭാഗമായുള്ള നാടന്‍പാട്ടുകള്‍, ഓട്ടന്‍തുള്ളല്‍ എന്നിവ അവതരിപ്പിച്ചു.

error: Content is protected !!