Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (24/05/2024)

കേരള തീരത്തിന് സമീപം ന്യൂനമര്‍ദ്ദം

തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്ന് (മേയ് 24) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 24 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. മേയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും മേയ് 25 വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യത. തുടര്‍ന്ന് മേയ് 26 നു രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ – തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

പത്തനംതിട്ടയില്‍ നാല് ദിവസം പച്ച അലര്‍ട്ട്

പത്തനംതിട്ട ജില്ലയില്‍ മേയ് 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ പച്ച അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ചുവപ്പ്, ഓറഞ്ച് അലര്‍ട്ടുകളില്ല.

 

പഞ്ചവാദ്യം, തകില്‍, നാദസ്വരം കോഴ്‌സുകള്‍ അപേക്ഷ ക്ഷണിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാദസ്വരം ത്രിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 15 നും 20 നും മധ്യേ പ്രായമുള്ളവരും 10-ാം ക്ലാസ് പാസായവരും ഹിന്ദുസമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളും ആയിരിക്കണം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡ് നല്‍കും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.travancoredevaswomboard.org സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20.

 

അധ്യാപക ഒഴിവ്

കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2350548.

 

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്

അതിഥികള്‍ക്കായി താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റേറ്റിംഗ് നടത്തുന്നു. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേര്‍ന്ന് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തങ്ങള്‍ ശുചിത്വ മിഷനാണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്. ഇത്തരം അതിഥിമന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതക്കുള്ള അംഗീകാരം ആയിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്.

ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍സ് കാറ്റഗറിയില്‍ വരുന്ന ഇത്തരം വലിയ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിലൂടെ മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമാവും. റേറ്റിംഗിനായി https://sglrating.suchitwamission.org/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും, പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനു ശേഷം റേറ്റിങ്ങിനുള്ള അപേക്ഷ നല്‍കാം.

 

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി

ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍, ജലാശയത്തില്‍ ഖര രൂപത്തിലുള്ളതോ ദ്രവ രൂപത്തിലുള്ളതോ ആയ മലിന വസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അനധികൃത മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0468 2967720 എന്ന നമ്പറില്‍ അറിയിക്കാം.

 

ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ട്രെയിനിംഗ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് ട്രെയിനിംഗ് ‘ സംഘടിപ്പിക്കും. മേയ് 28 മുതല്‍ 30 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്റ്റി ഉള്‍പ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസ് ഇളവുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922800.

 

അനധികൃത മത്സ്യബന്ധനം: വലകളും കൂടുകളും പിടിച്ചെടുത്തു

കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കവിയൂര്‍, പെരിങ്ങര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ചാത്തങ്കരി, കോണ്‍ങ്കോട്, തോമാടി, മുളമൂട്ടില്‍ പാലം, മുളമൂട്ടില്‍ പടി, പെരുമ്പെട്ടിപാലം എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി.

ഉള്‍നാടന്‍ പട്രോളിംഗില്‍ രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന രീതിയില്‍ അനധികൃതമായി വലകെട്ടിയുള്ള മത്സ്യബന്ധനം നടത്തിയ വലകളും 10 കൂടുകളും ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

error: Content is protected !!