പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും
നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ വസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം. ഓവുചാല്‍ തടസപ്പെടുത്തിയാല്‍ 15,000 – 30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 രൂപ മുതല്‍ 10,000 വരെ , വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തില്ലെങ്കില്‍ 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധം തെരുവുകളിലും പൊതു സ്വകാര്യസ്ഥലങ്ങളിലും മാലിന്യം ഇട്ടാല്‍ മൂന്നുവര്‍ഷം വരെതടവോ 10,000 മുതല്‍ 25,000 വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം2023 അനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പലആളുകളും വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകുന്നില്ല.
പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണ്. പനിപോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ നിര്‍ബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിലെത്തി ചികിത്സ തേടണം.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിടനശീകരണം ഫലപ്രദമായി ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക.പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക. എലിപെരുകാനുള്ള സാഹചര്യം ഒഴിവാക്കുക. തൊഴിലുറപ്പു തൊഴിലാളികള്‍ മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവര്‍, തുടങ്ങി മലിനജല സമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ 2001 മില്ലിഗ്രാം ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ എലിപ്പനി സാധ്യത തടയാന്‍ കഴിയും.
ഈ ആഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍
പഞ്ചായത്ത് / മുനിസിപ്പാലിറ്റി, വാര്‍ഡ്, പ്രധാന ഉറവിടങ്ങള്‍ എന്ന ക്രമത്തില്‍.
മല്ലപ്പള്ളി 10 റബര്‍പ്ലാന്റേഷന്‍.
ആനിക്കാട് 12 റബര്‍പ്ലാന്റേഷന്‍.
ചന്ദനപ്പള്ളി 2, 13, 17 പ്ലാന്റേഷന്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍.
മലയാലപ്പുഴ 3,6,7,8 വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍
കോന്നി 10 പ്ലാന്റേഷന്‍, ഉപയോഗ ശൂന്യമായപാത്രങ്ങള്‍, ചെടിച്ചട്ടികള്‍
കൂടല്‍ 16, 6, 7, 8 പ്ലാന്‍േറഷന്‍സ്, കോണ്‍ക്രീറ്റ് ടാങ്ക്.
റാന്നിപെരിനാട ് 9, 10, 13, 2 പ്ലാന്റേഷന്‍സ്.
മൈലപ്ര 1 ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങള്‍, പ്ലാന്റേഷന്‍
തണ്ണിത്തോട് 13 ടാര്‍പോളിന്‍ഷീറ്റുകള്‍, ഉപയോഗയോഗ്യമല്ലാത്ത കണ്ടെയ്നറുകള്‍, പ്ലാന്റേഷന്‍.
ഓമല്ലൂര്‍ 9 റബര്‍പ്ലാന്റേഷന്‍
പത്തനംതിട്ട മുനിസിപ്പാലിറ്റി 4,10 പ്ലാസ്റ്റിക്പാത്രങ്ങള്‍,
ചെടിച്ചട്ടികള്‍ കുപ്പികള്‍, ഇന്‍ഡോര്‍പ്ലാന്റുകള്‍ ചിരട്ട നിര്‍മ്മാണ ,സ്ഥലങ്ങള്‍ പ്ലാന്റേഷന്‍
സീതത്തോട് 10 പ്ലാന്റേഷന്‍.പ്രമാടം 16 .8, 1, 18 ചെടിച്ചട്ടികള്‍, ടാര്‍പ്പോളിന്‍, ചിരട്ട
വള്ളിക്കോട് 15 ഇന്‍ഡോര്‍പ്ലാന്റുകള്‍ , പ്ലാസ്റ്റിക് കണ്ടയ്നറുകള്‍, ടര്‍പ്പോളിന്‍
ഓതറ 15, 16 ടയര്‍, സണ്‍ഷേഡ്, പ്ലാസ്റ്റിക്, ചിരട്ട.