Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (01/06/2024)

യുവാക്കള്‍ക്ക് സുവര്‍ണാവസരം: തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന്‍

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്‍വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഇന്റര്‍വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി ആര്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എബി കോശി ഊമ്മന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ വിവേക്, കെകെഇഎം അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എ.ആര്‍. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍വ്യൂവില്‍ 40 പേര്‍ പങ്കെടുത്തു.

കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജില്ല കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ കാമ്പയിന്‍. ഒരോ മണ്ഡലത്തിലും ഒന്നു വീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. തിരുവല്ല ജോബ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 8714699500.

 

വിദ്യാര്‍ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും 10 ലേക്ക് പ്രവേശനം നല്‍കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവ്

കോന്നി ഐരവണ്‍ പി.എസ്.വി.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും പരീക്ഷ പാസായാല്‍ 10ാം ക്ലാസിലേക്ക് പ്രവേശനം നല്‍കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുട്ടിയ്ക്ക് മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കൗണ്‍സിലിംഗും ആവശ്യമെങ്കില്‍ വൈദ്യസഹായവും നല്‍കണം. ഒരു കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ കൃത്യവിലോപം നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം എന്‍. സുനന്ദ നിര്‍ദ്ദേശം നല്‍കി.

സ്‌കൂളില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഇരുത്താതെ ഒറ്റയ്ക്കു ഇരുത്തി, കുട്ടിയെ പഠിപ്പിക്കാന്‍ പറ്റില്ലായെന്നും പരീക്ഷയെഴുതാന്‍ വന്നാല്‍ മതിയെന്നും പറഞ്ഞു, ക്ലാസില്‍ ഇരുത്താതെ ഇറക്കിവിട്ടു തുടങ്ങിയവ പരാമര്‍ശിച്ച് കോന്നി സ്വദേശിനി കമ്മിഷനു നല്‍കിയ പരാതിയിലാണ് ഉത്തരവ്. കുട്ടിയുടെ പരീക്ഷ നടപടിക്രമങ്ങള്‍ മൂന്ന് ദിവസത്തിനകം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൂര്‍ത്തിയാക്കണം. വകുപ്പുതല അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

 

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍.

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈ നായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍ : 0471 2325101, 9961351163.

 

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

2024-2025 അക്കാദമിക്ക് വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്,സി, ഐ.സി.എസ്.സി പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ കാര്‍ഡ്, അംശദായ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (അംഗത്തിന്റെ പേരില്‍ മാത്രം ഉള്ളത്) എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 15 ന് മുമ്പായി അപേക്ഷ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ – 0468-2220248.

 

വോട്ടര്‍ പട്ടിക പുതുക്കല്‍: യോഗം അഞ്ചിന്

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ജൂണ്‍ അഞ്ചിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ റ്റി.എസ്. സജീഷ് അറിയിച്ചു.

 

വാഹന ലേലം 18ന്

പത്തനംതിട്ട ജില്ലയില്‍ നര്‍കോട്ടിക്ക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയിട്ടുള്ളതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ നാല് ലോട്ടുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ www.mstcecommerce.com മുഖേന ജൂണ്‍ 18ന് ഓണ്‍ലൈനായി വില്‍പ്പന നടത്തും . താത്പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം . ലേല തീയതിക്ക് തൊട്ട്മുന്‍പ് വരെയുള്ള ദിവസങ്ങളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെട്ട വാഹനങ്ങള്‍ ജില്ലാ സായുധ സേനയിലെ ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാം. ഫോണ്‍: 0468 2222630.

error: Content is protected !!