Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (31/05/2024)

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള്‍ തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ് ഈ ക്യാമ്പുകള്‍.

ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും.

തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 പേരും (നാല് കുടുംബം) ആണ് നിലവിലുള്ളത്.

 

റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 116/2022) തസ്തികയുടെ റാങ്ക് പട്ടിക മേയ് 23 ന് നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

പാര്‍ട്ട് ടൈം ട്യൂട്ടര്‍: അഭിമുഖം ആറിന്

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനുശേഷം കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കാനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി, ബിഎഡ് ഉളളവരെ നടപ്പ് അധ്യയന വര്‍ഷം ഓണറേറിയം വ്യവസ്തയില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂണ്‍ ആറിന് രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസില്‍ നടത്തും.

യുപി സ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5000 രൂപ. ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5500 രൂപ. സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളില്‍ താമസിക്കുന്ന പരിചയസമ്പന്നര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 9447859959, 9496070349.

 

മീഡിയ അക്കാദമി പിജി ഡിപ്ലോമ : ജൂണ്‍ 15 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 31 ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.

ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.

കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0484-2422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേണലിസം കോ-ഓഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോ-ഓഡിനേറ്റര്‍), 9388533920 (ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോ-ഓഡിനേറ്റര്‍).

 

പച്ചത്തുരുത്ത് വ്യാപനത്തിന് വിപുല കര്‍മപരിപാടികളുമായി ഹരിതകേരളം മിഷന്‍

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകളുടെ വ്യാപനത്തിന് ബൃഹത് പരിപാടിയുമായി ഹരിതകേരളം മിഷന്‍. 1000 ത്തിലധികം പുതിയ പച്ചത്തുരുത്തുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയില്‍ ഒന്നു വീതം എന്ന തോതില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകള്‍ നടും. ഇതിനു പുറമേ 405 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 870 പുതിയ പച്ചത്തുരുത്തുകള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടക്കമാകും. പുതിയ പച്ചത്തുരുത്തുകളില്‍ 203 എണ്ണവും കാസര്‍ഗോഡ് ജില്ലയിലാണ്. 50 ഏക്കറില്‍ ചവറ കെഎംഎംഎല്ലില്‍ ആരംഭിക്കുന്ന പച്ചത്തുരുത്ത് വ്യവസായ സ്ഥാപനങ്ങളുടെ വളപ്പില്‍ തീര്‍ക്കുന്ന പച്ചത്തുരുത്തില്‍ ശ്രദ്ധേയമാകും. തിരുവനന്തപുരത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ രണ്ട് ഏക്കറിലും പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജ് കാമ്പസ്, ആലപ്പുഴ കെ.എസ്.ഡി.പി. എന്നിവിടങ്ങളില്‍ 10 ഏക്കര്‍ വീതവും സ്ഥലങ്ങളില്‍ പച്ചത്തുരുത്തിന് തുടക്കം കുറിക്കും. ഒരു ബ്ലോക്കില്‍ ചുരുങ്ങിയത് ഒരു മാതൃകാ പച്ചത്തുരുത്തും ഇതോടൊപ്പം സജ്ജമാക്കും. കണ്ടല്‍ ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടല്‍ ചെടികള്‍ മാത്രം ഉള്‍പ്പെടുത്തി പച്ചത്തുരുത്തുകള്‍ ആരംഭിക്കും. ഇതിനുപുറമെ ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്ന് തെക്കന്‍ ജില്ലകളിലെ വിവിധ ഇടങ്ങളിലായി ഏഴു ഏക്കറിലും പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടും.

 

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍ നം: 9846033001.

 

ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് യോഗം

ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടിവ് യോഗം ജൂണ്‍ 10 ന് ഉച്ചയ്ക്ക് മൂന്നിന് ചേരുമെന്ന് ജില്ല സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. സമിതി പ്രസിഡന്റായ ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംമ്പറിലാണ് യോഗം ചേരുന്നത്.

 

ലാബ് കെമിസ്റ്റ് കോഴ്‌സ്

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ പുതുപ്പള്ളി റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാബ് കെമിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കെമിസ്ട്രിയില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും, കെമിസ്ട്രി ഒരു ഐച്ഛിക വിഷയമായ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

പോളിമര്‍ കെമിസ്ട്രി അടിസ്ഥനമാക്കിയുള്ള റബറിന്റെ പ്യൂരിറ്റി – ക്വാളിറ്റി ടെസ്റ്റുകള്‍, സാംപിള്‍ കളക്ഷന്‍ മുതല്‍ ടെസ്റ്റിങ്ങ് വരെയുള്ള പ്രക്രിയകള്‍ എന്നിവ സിലബസില്‍ ഉള്‍പ്പെടുന്നു. ഈ കോഴ്‌സിനെ പറ്റി കൂടുതല്‍ മനസിലാക്കാനും, തൊഴില്‍ സാധ്യതകള്‍ അറിയുന്നതിനുമായി ജൂണ്‍ എട്ടിന് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 9676043142, 6235732523 നമ്പറുകളില്‍ ബന്ധപ്പെടണം.

 

സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ് പ്രവേശനം ആരംഭിച്ചു. ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയ്ക്ക് പുറമെ പുതിയതായി ആരംഭിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 12 വരെ www.polyadmission.org എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 8547005084, 9446073146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

പത്മ അവാര്‍ഡ്: നാമനിര്‍ദേശം നല്‍കാം

പത്മ അവാര്‍ഡ് – 2025 നായി പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി സ്വയം നാമനിര്‍ദേശം സമര്‍പ്പിക്കാം. https://awards.gov.in, https://padmaawards.gov.in എന്നീ പോര്‍ട്ടലുകളിലൂടെ ജൂലൈ ഏഴിനകം നാമനിര്‍ദേശം സമര്‍പ്പിക്കണം.

 

ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു; പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ വസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം. ഓവുചാല്‍ തടസപ്പെടുത്തിയാല്‍ 15,000 – 30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 രൂപ മുതല്‍ 10,000 വരെ , വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തില്ലെങ്കില്‍ 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധം തെരുവുകളിലും പൊതു സ്വകാര്യസ്ഥലങ്ങളിലും മാലിന്യം ഇട്ടാല്‍ മൂന്നുവര്‍ഷം വരെതടവോ 10,000 മുതല്‍ 25,000 വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം2023 അനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പലആളുകളും വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകുന്നില്ല.

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണ്. പനിപോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ നിര്‍ബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിലെത്തി ചികിത്സ തേടണം.

 

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിടനശീകരണം ഫലപ്രദമായി ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക.പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക. എലിപെരുകാനുള്ള സാഹചര്യം ഒഴിവാക്കുക. തൊഴിലുറപ്പു തൊഴിലാളികള്‍ മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവര്‍, തുടങ്ങി മലിനജല സമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ 2001 മില്ലിഗ്രാം ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ എലിപ്പനി സാധ്യത തടയാന്‍ കഴിയും.

error: Content is protected !!