ഭിന്നശേഷി വിവരങ്ങള്‍ ഹാജരാക്കണം
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ സ്ഥിര/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ബ്രോയിലര്‍ ഫാമിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചികോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കന്‍ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തുന്നു. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ കുടുംബശ്രീ സിഡിഎസുമായി ജൂണ്‍ 14 നു മുന്‍പ് ബന്ധപ്പെടണം. ഫോണ്‍ : 04682221807, വെബ്‌സൈറ്റ് : www.keralachicken.org.in .
ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു;പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്
ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മഴ പെയ്തതോടെ വെളളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുളള സാഹചര്യം എല്ലായിടത്തും നിലനില്‍ക്കുന്നു. പാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, ടാപ്പിംഗ് നടത്താത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ വച്ചിരിക്കുന്ന ട്രേകള്‍ എന്നിവയില്‍ വെളളം കെട്ടിനില്‍ക്കാതിരിക്കാനും, ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുളളിലും പരിസരത്തും കെട്ടി നില്‍ക്കുന്ന വെളളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണം.
ജലദോഷം, തുമ്മല്‍ ഇവയില്ലാതെ വരുന്ന പനി ലക്ഷണങ്ങള്‍ അവഗണിക്കരുത്. ചൂട്, ചൂടോടുകൂടിയ കടുത്തപനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ഡെങ്കിപ്പനിയുടെ പ്രത്യേകതകളാണ്. സാധാരണ വൈറല്‍ പനി എന്നു കരുതി ചികിത്സിക്കാതെയിരുന്നാല്‍ രോഗ ഗുരുതരമാവാനും മരണത്തിനും കാരണമായേക്കാം. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടുമുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുളളതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആരംഭത്തിലേ ചികിത്സ തേടണം.
ഈ ആഴ്ചയിലെ ഡെങ്കി ഹോട്ട്സ്പോട്ടുകള്‍: പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വാര്‍ഡ് എന്ന ക്രമത്തില്‍
മല്ലപ്പള്ളി 10
കൊടുമണ്‍ 17
പത്തനംതിട്ട 10, 8, 9, 7, 5, 3
കോന്നി 12
റാന്നി പെരുനാട് 9
തണ്ണിത്തോട് 13
സീതത്തോട് 9
കൊക്കാത്തോട് 9
കൂടല്‍ 5, 6
ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്
സംസ്ഥാന സാക്ഷരതാ മിഷനുകീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തില്‍ ബിരുദവും ഡി.ഇ.എല്‍.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് ജില്ലാ സാക്ഷരതാമിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട, പിന്‍ :689645 എന്ന വിലാസത്തില്‍ അയക്കണം.
അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ തസ്തികകളില്‍ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഒരോ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പുതുതായി പേര് കൂട്ടി ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും.
അപേക്ഷകള്‍ https://sec.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2677237.
അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് കടപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാനായി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജനുവരി ഒന്നിന് 18-46 ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതികളായിരിക്കണം. അങ്കണവാടി ഹെല്‍പ്പെര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിയുന്നവരും എസ്എസ്എല്‍സി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും, യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. കടപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 20 വൈകുന്നേരം അഞ്ച് വരെ. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പുളിക്കീഴ് ഐസിഡിഎസ് ഓഫീസ്, കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2610016.
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8281905525.