Input your search keywords and press Enter.

മത്തി ചട്ടിയില്‍ കയറണം എങ്കില്‍ കോന്നിയില്‍ കൊടുക്കണം ₹340

52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കേരളത്തില്‍ അട വെച്ച മീനുകള്‍ക്കും വില കൂടി . ട്രോളിംഗ് നിരോധനത്തിനു മുന്നേ രണ്ടു മാസക്കാലത്തേക്ക് പല ഭാഗത്തും മീനുകള്‍ അട വെച്ചിരുന്നു .ആ മീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചു കൊള്ള ലാഭം കൊയ്യുന്നു . അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു പരിശോധനയും ഇല്ല . വില കൂട്ടി വിറ്റാലും ആരും ചോദിക്കാന്‍ ഇല്ല . ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില കേട്ടാല്‍ ഒരു മാസം മുന്നേ ചത്ത മീന്‍ പോലും നന്നായി ഒന്ന് പിടയ്ക്കും . മുന്നൂറു രൂപയാണ് ഹാര്‍ബറില്‍ വില . ചെറുകിട കച്ചവടക്കാര്‍ നാല്‍പ്പതു രൂപ വരെ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത് .

52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.അതുവരെ മീനുകള്‍ക്ക് പൊന്നും വിലയാണ് . മത്തി ₹340, അയില ₹400 കൊഞ്ച് ₹440 എന്നിങ്ങനെ ആണ് ഇന്നത്തെ വില . മോദ ,പാര ,കിളി മീന്‍ എന്നിവ വേണം എങ്കില്‍ കീശ കാലിയാകും . രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. എന്നാല്‍ വള്ളങ്ങളില്‍ നാല് ദിവസമായി മത്സ്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് തൃപ്പുണ്ണിതുറയിലെ വള്ളക്കാര്‍ പറയുന്നു .ഒരു ദിവസം ഡീസലും തൊഴിലാളികള്‍ക്കും വള്ളത്തിനും മറ്റുമായി നാല് ലക്ഷത്തിനു അടുത്ത് രൂപ ചിലവാകും . അഞ്ചു ലക്ഷം രൂപയുടെ മീന്‍ പോലും വള്ളങ്ങളില്‍ ലഭിക്കുന്നില്ല എന്നാണ് പറയുന്നത് .

രണ്ടു മാസത്തേക്ക് ഉള്ള മീന്‍ അട വെച്ചവര്‍ക്ക് ആണ് ഇപ്പോള്‍ ചാകരകോള് . പത്തനംതിട്ട ജില്ലയില്‍ മീനുകള്‍ക്ക് ഏറ്റവും വില കൂടുതല്‍ കോന്നിയില്‍ ആണെന്ന് ഉപഭോക്താക്കള്‍ പറയുന്നു . ഒരു കിലോ കോഴിയിറച്ചിയുടെ വില ഇന്ന് ₹170 .

പച്ചമീന്‍ മാറ്റി ഉണക്ക മീന്‍ വാങ്ങാം എന്ന് വെച്ചാല്‍ അതിനും ഇന്നലെ മുതല്‍ വില കൂട്ടി .ഉണക്ക കുറിച്ചിമീനിന് മാര്‍ക്കറ്റില്‍ ഇന്ന് ₹350.മീന്‍ വേണ്ട പച്ചക്കറി മതി എന്ന് വെച്ചാല്‍ അഞ്ഞൂറ് രൂപയ്ക്ക് വിലയില്ല . പച്ചക്കറി കിറ്റില്‍ ആകെ അഞ്ചു സാധനം മാത്രം ₹200 കൊടുക്കണം . തൂക്കി വാങ്ങാം എന്ന് കരുതിയാല്‍ പയര്‍ ₹80 , പാവയ്ക്കാ ₹80 തക്കാളി ₹80 ബീന്‍സ് ₹120 കോവയ്ക്ക ₹80 പച്ചമുളകിന്‍റെ വില കേട്ടാല്‍ തന്നെ എരിവ് കൂടും ₹200 . അരി വിലയും കടന്നു കയറിത്തുടങ്ങി . അങ്ങനെ മീനില്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്ക് എല്ലാം അടിയ്ക്കടി വില കൂടുന്നു എങ്കിലും വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം ലഹരിയ്ക്ക് അടിമപെട്ടപോലെ മയക്കത്തില്‍ ആണ് . സാധാരണ ജന വിഭാഗം പകുതി വയര്‍ കാലിയാക്കി ജീവിക്കണം എന്ന് സര്‍ക്കാര്‍ പ്രഖ്യാപനം കൂടി വന്നാല്‍ മതി .

error: Content is protected !!