Input your search keywords and press Enter.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു.

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവരുടെ പേര് വിവരങ്ങള്‍ എന്നിവ ആവശ്യമായ പരിശോധന നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ഏഴു ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ കിട്ടിയില്ലെങ്കില്‍ പേര് കരട് പട്ടികയില്‍ നിന്നും ഒഴിവാക്കും. പേര് ചേര്‍ക്കാന്‍ ഫോറം നാലിലും ഉള്‍ക്കുറിപ്പുകള്‍ തിരുത്താന്‍ ഫോറം ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനം മാറ്റുന്നതിന് ഫോറം ഏഴിലും അപേക്ഷ നല്‍കണം. അപേക്ഷിക്കുമ്പോള്‍ തന്നെ ഹിയറിംഗ് നോട്ടീസ് ലഭിക്കും.

പേര് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം അഞ്ച്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നല്‍കണം. ഈ മാസം 29 ന് പരിശോധന പൂര്‍ത്തിയാക്കും. ഇ ആര്‍ ഒ യുടെ ഉത്തരവില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

error: Content is protected !!