Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/06/2024 )

വായിച്ചു വളരുക ക്വിസ് മത്സരം (29/06/2024 )

29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിന മാസാചരണത്തിന്റെയും ഭാഗമായി(29) രാവിലെ 10 ന് കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘വായിച്ചു വളരുക ക്വിസ്മത്സരം 2024’ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ്‍ 30 ന്

പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസ് ന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്കുള്ള പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ്‍ 30 ന് പകല്‍ 3.30 ന് ഇളകൊളളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിക്കും. വാര്‍ഡ് മെമ്പര്‍ എം കെ മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനീത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, എ ഡി എം സി ബിന്ദുരേഖ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

വ്യക്തിഗത ആനുകൂല്യവിതരണം

പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുളള അപേക്ഷാ ഫോമുകള്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും അംഗന്‍വാടികളില്‍ നിന്നും ജൂലൈ ഒന്നുമുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ അനുബന്ധരേഖകള്‍ സഹിതം ജൂലൈ എട്ടിന് പകല്‍ മൂന്നിന് മുമ്പായി അംഗന്‍വാടികളില്‍ തിരികെ നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എ.എന്‍.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിങ് ട്രെയിനിങ് സെന്ററില്‍ 2024-2026 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിരതാമസക്കാരാകണം.

പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. 2024 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം, 35 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി ക്കാര്‍ക്ക് മൂന്നും എസ്.സി/ എസ്.ടിക്കാര്‍ക്ക് അഞ്ചും വയസ്സ് ഇളവുണ്ട്. അപേക്ഷഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in- ല്‍ ലഭിക്കും. എസ്.സി / എസ്.ടിക്കാര്‍ക്ക് 75 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം, പൂരിപ്പിച്ച അപേക്ഷ ജൂലൈ ആറിന് വൈകീട്ട് അഞ്ചിന് മുമ്പ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04922 217241.

ലേലം

കുറ്റൂര്‍ പഞ്ചായത്തില്‍ മണിമലയാറിനു കുറുകെ കുറ്റൂര്‍ – തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയ 15000 ക്യു. മീറ്റര്‍ എക്കലും ചെളിയും കലര്‍ന്ന മണല്‍പുറ്റ് ജൂലൈ 11 ന് രാവിലെ 11 ന് കുറ്റൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പരസ്യമായി ലേലം ചെയ്യും. ലേലം ആരംഭിക്കുന്നതുവരെ നിരദദ്രവ്യം പണമായോ / ഡിമാന്റ് ഡ്രാഫ്റ്റ് ( എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, പത്തനംതിട്ട പേരില്‍) ആയോ സ്വീകരിക്കും.

കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തിന് ഹരിത സ്ഥാപന സര്‍ട്ടിഫിക്കറ്റ്

പത്തനംതിട്ട ജില്ലയില്‍ ആദ്യമായും കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളില്‍ കേരളത്തിലാദ്യമായും കേരള സര്‍ക്കാര്‍ ഹരിത കേരള മിഷന്‍ നടപ്പാക്കുന്ന ഹരിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന ആദ്യത്തെ സ്ഥാപനമായി റാന്നിയിലെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തെ തെരഞ്ഞെടുത്തു. ശുചിത്വം, മാലിന്യ സംസ്‌കരണം, വിവിധ ബോധവത്ക്കരണങ്ങള്‍, വിവിധ ശുചിത്വ പദ്ധതികള്‍, മാലിന്യങ്ങള്‍ തരംതിരിച്ചു നല്‍കല്‍, ഹരിത പ്രോട്ടോകോള്‍ പാലിക്കല്‍, മാലിന്യനിര്‍മാര്‍ജനം, റാന്നി ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കിയ ക്ലീന്‍ റാന്നി, ഗ്രീന്‍ റാന്നി എന്നീ പദ്ധതികള്‍ അടിസ്ഥാനമാക്കിയാണ് ഹരിതകേരള മിഷന്‍ റാന്നി കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രത്തിന് എ പ്ലസ് ഗ്രേഡ് നല്‍കിയത്.

റാന്നി ബ്ലോക്കില്‍ ആദ്യ ഹരിതസ്ഥാപന പദവി കരസ്ഥമാക്കി റാന്നി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി പരിപാലനത്തിന്റെ സംസ്‌കാരം സമൂഹത്തിന് പകര്‍ന്നു നല്‍കാനായി ഹരിത പെരുമാറ്റചട്ടം പാലിച്ച് ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്നതിന്റെ അടിസ്ഥാനത്തില്‍ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിനെ എ പ്ലസ് ഗ്രേഡോടുകൂടി ഹരിതസ്ഥാപനമായി സാക്ഷ്യപ്പെടുത്തി. റാന്നി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ ജി അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ജി. സുധാകുമാരി , അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സതീശന്‍. വിഇഒ ചിഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് 1.57 കോടി രൂപയുടെ പുതിയ കെട്ടിടം;
നിര്‍മാണ ഉദ്ഘാടനം (29 ന് )

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.57 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജൂണ്‍ 29 ന് രാവിലെ 9.30 ന് മക്കപ്പുഴ ആശുപത്രിയില്‍ ആരോഗ്യവനിതാ,ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി എന്നിവര്‍ മുഖ്യാതിഥികളാവും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം

പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40ല്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷമാണ് ഐഎഫ്സി പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. പള്ളിക്കല്‍, അരുവാപ്പുലം, പന്തളം തെക്കേക്കര, സീതത്തോട്, തോട്ടപ്പുഴശ്ശേരി എന്നീ ക്ലസ്റ്ററുകളിലാണ് നിയമനം.

ഐഎഫ് സി ആങ്കര്‍
ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്ലി ഹുഡിലോ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു ഡിഗ്രിയുള്ളവരെ പരിഗണിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഒരുമാസത്തെ ഓണറേറിയം 8750 രൂപ.

സീനിയര്‍ സിആര്‍പി
കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സിആര്‍പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു മാസത്തെ ഓണറേറിയം 10,000 രൂപ. അപേക്ഷകര്‍ അതത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം.

വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. മേല്‍വിലാസം : കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2221807.

നീറ്റ്, കീം പ്രവേശന പരിശീലനത്തിന് അപേക്ഷിക്കാം

2024 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്തു വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും മികച്ച മാര്‍ക്ക് ലഭിച്ചവരെ തെരഞ്ഞെടുത്ത് നീറ്റ്, കീം പ്രവേശനപരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം നടക്കുന്ന സ്ഥലത്തു താമസിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, വെളളകടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷാ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് ജൂലൈ 10 നകം സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

മസ്റ്ററിംഗ് നടത്തണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യാം. പെന്‍ഷന്‍ കൈപ്പറ്റുന്ന തൊഴിലാളികള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ച് ആയതിന്റെ പകര്‍പ്പ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2320158.
തീയതി നീട്ടി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡി.സി.എ, പി.ജി.ഡി.സി.എ, പി.ജി.ഡി.സി.എഫ്, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.എസ് തുടങ്ങിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ എട്ടുവരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.

error: Content is protected !!