Input your search keywords and press Enter.

പത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )

ഉപതിരഞ്ഞെടുപ്പ് 30ന് 
ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നര കോടി രൂപ അനുവദിച്ചു

അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ്  22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക.തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും പ്രാദേശികമായ എതിര്‍പ്പുമൂലം സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാല്‍ പ്രവൃത്തി തുടങ്ങാനായിട്ടില്ല.

നിലവില്‍ റോഡ് മിക്കയിടത്തും തകര്‍ന്നു കിടക്കുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്  ഒന്നര കോടി രൂപ അടിയന്തരമായി അനുവദിച്ചത്. പ്രവ്യത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും വേഗം റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

സീറ്റ് ഒഴിവ്

ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റോടും കൂടി ഒരു വര്‍ഷത്തെ  ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് വെയര്‍ ഹൗസ് മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. താല്‍പര്യം ഉളളവര്‍ നേരിട്ട് എത്തണം. യോഗ്യത: പ്ലസ് ടു/ ബിരുദം. ഫോണ്‍ : 7306119753 /8301830093

മലയോരപട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്തു ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കും.  നടപടികളുടെ ഭാഗമായി മാര്‍ച്ച്  ഒന്നു മുതല്‍ 30 വരെ നടത്തിയ  വിവരശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക്  ജൂലൈ 10 മുതല്‍ 25 വരെ അതിനുള്ള അവസരം ഒരുക്കും.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യൂ സെക്രട്ടറിയറ്റ് യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  ഇപ്രകാരം  അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്ന ഇടങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍,  പ്രസ്തുത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍  തുടങ്ങി അര്‍ഹരായവര്‍ക്ക്  ബന്ധപ്പെട്ട  വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.

ലേലം 17 ന്
ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയില്‍ പത്തനംതിട്ട  പോലീസ് സ്റ്റേഷന്‍ പരിസരത്തുളള  പഴയ പോലീസ്  ക്വാര്‍ട്ടേഴ്സുകള്‍  ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത്  ലേലം ചെയ്യും.    നിരതദ്രവ്യം പത്തനംതിട്ട  ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന്  വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട  പോലീസ് സ്റ്റേഷനില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം.
ഇ- മെയില്‍ –[email protected]
ഫോണ്‍ – 0468-2222630

കുടിശിക സമയം നീട്ടി

കേരള ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി  ക്ഷേമനിധി  അംഗങ്ങള്‍ക്ക് കുടിശിക ഒടുക്കാന്‍  സെപ്റ്റംബര്‍ 30 വരെ അനുവദിച്ചു.  തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളജിലെ 2024-25 അധ്യയന വര്‍ഷത്തെ  ത്രിവത്സരഡിപ്ലോമ കോഴ്സുകളില്‍  മൂന്നാം സെമസ്റ്ററിലേക്കുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനം ജൂലൈ എട്ടിന് നടക്കും. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. സ്പോട്ട് അഡ്മിഷനു പുതുതായി പങ്കെടുക്കാന്‍  താല്‍്പര്യമുളളവര്‍ക്ക്  ഒറ്റത്തവണ രജിസ്ട്രേഷനും അപേക്ഷിക്കാനും  ജൂണ്‍ 28 മുതല്‍ ജൂലൈ നാലുവരെ www.polyadmission.org/let എന്ന പോര്‍ട്ടലില്‍ അവസരം ഉണ്ട്. വിദ്യാര്‍ഥികള്‍ ആവശ്യമായ  എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം  പ്രവേശനത്തിന് എത്തച്ചേരണം.
ഫോണ്‍ : 04735 266671.

ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ നിയമനം

അടൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ രണ്ടു ഒഴിവിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താല്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ  10.30 ന് കോളജില്‍ ഹാജരാകണം. ഒന്നാംക്ലാസ് ബി-ആര്‍ക്ക് ആണ് ലക്ചറര്‍ തസ്തികയിലേക്കുളള  ഏറ്റവുംകുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍ : 04734 231776.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്   അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.
ഫോണ്‍ : 9846033001

error: Content is protected !!