Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/07/2024 )

ടെന്‍ഡര്‍

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയ്യാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ.
ഫോണ്‍ : 0468 2325242.

സീറ്റ് ഒഴിവ്

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ്  ഫുഡ് ടെക്നോളജി  നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ  2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്.
ഫോണ്‍ : 0468 2240047, 9846585609.

സര്‍വെ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി സ്വീകരിക്കും: റവന്യു മന്ത്രി

സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എം ല്‍ ചേര്‍ന്ന പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളുടെ നാലാമത് റവന്യു അസംബ്ലിയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

 

സര്‍വെ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. എന്നാല്‍ കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

അസംബ്ലിയില്‍ രണ്ട് ജില്ലകളിലെയും മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തു. മലയോര മേഖലയിലെ പട്ടയ പ്രശ്നമാണ് പത്തനംതിട്ടയിലെ എംഎല്‍എമാരായ മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ യു ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രധാനമായും ഉന്നയിച്ചത്. ജില്ലയ്ക്ക്  പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുയര്‍ന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, സര്‍വെ ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്ന് അതത് സമയങ്ങളില്‍ പട്ടയപ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ താന്‍ നേരിട്ടെത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിച്ച് രാക്ഷസന്‍ പാറയിലെ റവന്യു ഭൂമി അളന്ന് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ടൂറിസം പദ്ധതി വരുന്നതോടെ പരിഹാരമാകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മറുപടി നല്‍കി.

കുമ്പഴ മലയോര മേഖലയില്‍ ഭൂമി സംബന്ധിച്ച രേഖകളില്ല. ഇത് കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. അടൂര്‍ മണ്ഡലത്തിലെയും ജില്ലയിലെയും പൊതു ആവശ്യങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചു. പന്തളം റവന്യു ടവര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ റീ സര്‍വെ നടപടികളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍വെ സഭകള്‍ ചേരുന്നുണ്ടെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയ്ക്ക് സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു മറുപടി നല്‍കി.

ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ. എ കൗശിഗന്‍, ജോയിന്റ് കമ്മിഷണര്‍ എ ഗീത എന്നിവരും ജില്ലകളിലെ റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെ തേക്ക് തടി ചില്ലറ വില്‍പന

പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ കോന്നി ഗവ. തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന ജൂലൈ 15 മുതല്‍ പുനരാരംഭിക്കും.  പൊതുജനങ്ങള്‍ക്ക്  ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉന്നതനിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ബി, മൂന്ന് ബി ഇനം തേക്ക് തടികളാണ് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്,  പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍  സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ 11,12 തീയതികളില്‍

പറക്കോട് ഐസിഡിഎസ് പരിധിയില്‍ വരുന്ന ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മാറ്റി വെച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ജൂലൈ 11, 12  തീയതികളില്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ നടക്കും.  ഫോണ്‍ : 04734 217010.

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം
-സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു

ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്‍കി.
‘നീലപൊന്‍മാന്‍’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.  ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടന്‍ മുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, ്അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എ. കബീര്‍, കെ. നാസര്‍, എബി തോമസ്, റോയ് പാലത്ര, രമേശന്‍ ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത്, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സര വിജയി ആദ്യമായി വനിത
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.

 

ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ 13 ന്

29ാമത് പി.എന്‍. പണിക്കര്‍ ദേശീയ വായനാമഹോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും യുപി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ജൂലൈ 13 ന് രാവിലെ 10 ന് പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എല്ലാ ഗവ/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജൂലൈ 12 ന് മുന്‍പായി മത്സരങ്ങള്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഫോണ്‍ : 9446443964, 9656763964.

ടെന്‍ഡര്‍

റാന്നി എംസി ചെറിയാന്‍ മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലേക്ക്  2024-25 സാമ്പത്തികവര്‍ഷം ആവശ്യമായ മെഡിക്കല്‍ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന് നിര്‍മാതാക്കള്‍ /വിതരണക്കാരില്‍ നിന്നു ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ന് പകല്‍ രണ്ടുവരെ. ഫോണ്‍ : 9188522990.

പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളുംഓഗസ്റ്റ് 24 ന് മുന്‍പായി  മസ്റ്ററിംഗ്  ചെയ്യണം. ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി അംഗീകൃത സര്‍വീസ് ചാര്‍ജ്ജ് നല്‍കി മസ്റ്ററിംഗ് ചെയ്യാം.

ലാറ്ററല്‍ എന്‍ട്രി  സ്പോട്ട് അഡ്മിഷന്‍

ഐഎച്ച്ആര്‍ഡി യുടെ  പൈനാവ്  മോഡല്‍ പോളിടെക്നിക്  കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കുള്ള  സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.  അഡ്മിഷന് താല്‍പര്യമുള്ള  പ്ലസ് ടു സയന്‍സ് /വിഎച്ച്എസ്ഇ/ ഐറ്റിഐ /കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിച്ചേരണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്,  ഇലക്ട്രോണിക്സ് ആന്‍ഡ്  കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.  എസ്സി/ എസ് ടി /ഒഇസി /ഒബിസി വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ്   ലഭിക്കും.
ഫോണ്‍ :04862297617, 8547005084, 94460 73146.

സ്‌കോള്‍ കേരള പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സ് ആദ്യബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഫലം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഉത്തരകടലാസ് പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 12 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0471 2342950, 2342369.

error: Content is protected !!