Input your search keywords and press Enter.

നിപ: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

നിപ : ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും.

ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ ഉണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരനാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

കേരളത്തില്‍ വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തരനടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സജീവകേസുകളും സമ്പര്‍ക്കപ്പട്ടികയും കണ്ടെത്തുന്നതുള്‍പ്പെടെ നാല് അടിയന്തര പൊതുആരോഗ്യനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന് സഹായവുമായി കേന്ദ്രസംഘത്തെ വിന്യസിക്കും. സാങ്കേതികം, വൈറസ് ബാധ കണ്ടെത്താനുള്ള പരിശോധന എന്നിവയ്ക്ക് ഈ സംഘം സഹായം നല്‍കും.രോഗബാധ സ്ഥിരീകരിച്ച കുട്ടിയുമായി നിപ സ്ഥിരീകരണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വരെ സമ്പര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങളുള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിക്കുന്നത്.

error: Content is protected !!