Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 26/07/2024 )

പി ആര്‍ ഡി പ്രിസം പരീക്ഷ  ജൂലൈ   29 ന് പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് ഹാള്‍ പരീക്ഷ കേന്ദ്രം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  വാര്‍ത്താധിഷ്ഠിത പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ  ജൂലൈ 29ന് ജില്ലാടിസ്ഥാനത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. പത്തനംതിട്ട ജില്ലാതല പരീക്ഷ ജില്ലാ പഞ്ചായത്ത് ഹാളില്‍ ആയിരിക്കും.പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org
യില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. രാവിലെ 10 മണിക്ക് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈകി എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : തിരിച്ചറിയല്‍ രേഖ ഹാജരാക്കണം

ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഓരോ സമ്മതിദായകനും പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ അയാള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുളള  പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍  നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുളള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകളോ സംസ്ഥാന  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ചുവടെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് , പാസ്പോര്‍ട്ട് , ഡ്രൈവിംഗ്  ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുളള എസ്എസ്എല്‍സി  ബുക്ക്,  ഏതെങ്കിലും  ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പുവരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക് , സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്.

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്തമഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.2024 ഏപ്രിലില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം.ഈ നിര്‍ദ്ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും.സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ലേലം ഓഗസ്റ്റ് ആറിന്

പന്തളം  ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളള ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ മുറിച്ചുമാറ്റിയ വൃക്ഷങ്ങള്‍ ഓഗസ്റ്റ് ആറിന് രാവിലെ 11 ന്  ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 260314.

ലേലം ഓഗസ്റ്റ് അഞ്ചിന്

പന്തളം  ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന വനിതാ ക്യാന്റീന്‍, പഴയ പന്തളം ബ്ലോക്ക്   പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന നവീകരിച്ച വനിതാ ക്യാന്റീന്‍ എന്നിവയുടെ പ്രവര്‍ത്തനാനുമതിയും നടത്തിപ്പ് അവകാശവും നല്‍കുന്നതിനുളള ലേലം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഫോണ്‍ : 04734 260314.

നിപ- മുന്‍കരുതലാണ് പ്രധാനം

നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക.

കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയുടെ സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ശ്രദ്ധിക്കണം.

വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസ വ്യവസ്ഥ  തകര്‍ക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കാം. വവ്വാലുകളെ ഉപദ്രവിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വയംചികിത്സപാടില്ല, ഏതുതരം പനിയായാലും ഡോക്ടറെ കാണാന്‍ മടിക്കരുത്; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സാധാരണ ജലദോഷപ്പനി മുതല്‍ ഗുരുതരമാകാവുന്ന എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനിവരെ പടരാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടുകൂടി സാധാരണ കണ്ടു വരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവ കൊണ്ടു മാറും.

 

മൂന്നുദിവസത്തിനു ശേഷവും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത് .പനിബാധിച്ചവര്‍ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം.

 

പനിബാധിതരുമായി അടുത്ത് ഇടപഴകേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാര്‍, ഡോക്ടറെ കാണാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

 

ഗതാഗതം നിരോധിച്ചു

ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ പോലീസ് സ്‌റ്റേഷന്‍ മുതല്‍ വാഴവിള പാലം വരെയുള്ള ഗതാഗതം ആഗസ്റ്റ് 26 വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി ഇടത്തോട്ട് തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലത്തില്‍ വന്ന് പോകണമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഏകദിന പരിശീലന പരിപാടി; ഉദ്ഘാടനം നടത്തി

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട ഏകദിന പരിശീലന പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷംല ബീഗം, ഡെപ്യൂട്ടി  ഡിഎംഒ ഐപ്പ് ജോസഫ്, ജില്ലാ രജിസ്ട്രാര്‍  ഹക്കീം, പ്രൊബേഷന്‍ ഓഫീസര്‍  സന്തോഷ്, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ഹരികുമാര്‍, രാമേശ്വരി അമ്മ, നജീബ് എന്നിവര്‍ സംസാരിച്ചു.

അഡ്വ. ശ്രീജിത്ത് സോമശേഖരന്‍ എം ഡബ്ല്യൂ പി എസ് സി ആക്ടുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ക്ലാസ് നയിച്ചു. രജിസ്‌ട്രേഷന്‍, ആരോഗ്യം, പോലീസ്, വനിതാ ശിശുവികസനം, തദ്ദേശ സ്വയംഭരണം, ആര്‍ഡിഒ, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

റോഡുകളുടെ വശങ്ങളില്‍ ചെടി നടുന്നത് നിരോധിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളുടെ വശങ്ങളില്‍ ചെടികള്‍ നടുന്നതും കൃഷി ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചു.  ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍  യാതൊരു മുന്നറിയിപ്പും കൂടാതെ അവ നീക്കം ചെയ്യുന്നതാണെന്ന്‌  കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇ-ലേലം

പത്തനംതിട്ട  പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന  മൂന്ന് ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 18 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ആഗസ്റ്റ് രണ്ടിന്  രാവിലെ 11  മുതല്‍  വൈകിട്ട് 4.30  വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും.
ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവൃത്തി  ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ബന്ധപ്പെട്ട എസ്എച്ച്ഒയുടെ അനുമതിയോടു കൂടി വാഹനങ്ങള്‍ പരിശോധിക്കാം.  ഫോണ്‍:  9497987046, 9497980250, 0468-2222226.

ഇ-ലേലം

കോയിപ്രം  പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ആറുലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള  26 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ആഗസ്റ്റ് ആറിന് രാവിലെ  11  മുതല്‍  വൈകിട്ട് 4.30  വരെ  ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവൃത്തി  ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ബന്ധപ്പെട്ട എസ്എച്ച്ഒയുടെ അനുമതിയോടു കൂടി വാഹനങ്ങള്‍ പരിശോധിക്കാം.  ഫോണ്‍ : 0468 2222630.

അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം

വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 ന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്‌സി ബിരുദവും നെറ്റുമാണ് യോഗ്യത. ഫോണ്‍ : 0469 2650228.

error: Content is protected !!