നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്.
സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 26) പുറത്തു വന്ന രണ്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് നാലു പേര്‍ അഡ്മിറ്റായിട്ടുണ്ട്. രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ആകെ അഞ്ചു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്.
പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 807 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.