5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 30) പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
മലപ്പുറം :ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (30.07.24 ചൊവ്വ) അവധി ആയിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.
വയനാട് :ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. പി.എസ്.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല.
എറണാകുളം: ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വ (ജൂലൈ 30) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പാലക്കാട്: കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
തൃശൂർ : ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.