Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 30/07/2024 )

സൈക്കോളജി അപ്രന്റീസ് നിയമനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ 2024-25 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ  താത്കാലിക  കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11.30 ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് പങ്കെടുക്കാം. ഫോണ്‍ : 9446334740.


കര്‍ഷകരെ ആദരിക്കുന്നു

മൈലപ്ര ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്നിന് കര്‍ഷക ദിനമായി ആചരിക്കുന്നു. ആയതിന്റെ ഭാഗമായി അന്നേ ദിവസം ഈ പഞ്ചായത്തിലെ മികച്ച മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, മികച്ച വനിത കര്‍ഷക, മികച്ച ജൈവ കര്‍ഷകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍/കര്‍ഷക, മികച്ച എസ്സി /എസ്റ്റി കര്‍ഷകന്‍, മികച്ച തേനീച്ച കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരെ ആദരിക്കുന്നു. അര്‍ഹതയുള്ളവര്‍  ആഗസ്റ്റ് അഞ്ചിന്  വൈകുന്നേരം കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്നിന്

വെണ്ണിക്കുളം എംവിജിഎം പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ രണ്ടാംവര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്നിന് നടക്കും. രജിസ്ട്രേഷന്‍ അന്നേദിവസം  രാവിലെ 9 മുതല്‍ 10.30 വരെ. പട്ടികജാതി /പട്ടിക വര്‍ഗം /ഒഇസി വിഭാഗത്തില്‍പെടാത്ത എല്ലാ വിദ്യാര്‍ഥികളും സാധാരണ ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസായി  10000 രൂപ അടയ്ക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ. ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം നാലായിരം രൂപ യുപിഐ പെയ്മെന്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ : 0469 2650228.

യാത്രാ നിരോധനം

ജില്ലയില്‍ അതിശക്തമായ മഴ മുന്നിറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍,  വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ്  എന്നിവയും ആഗസ്റ്റ് അഞ്ചുവരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിരോധിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബാധകമല്ല.

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ജില്ലയില്‍ അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന  സാഹചര്യത്തില്‍  വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ആഗസ്റ്റ് അഞ്ചുവരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ആഗസ്റ്റ് അഞ്ചുവരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ല റാന്നി ബി.ആര്‍.സി.യില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ  തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ 31 ന് വൈകിട്ട് അഞ്ചിന്  മുന്‍പായി സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ), പത്തനംതിട്ട, ഗവണ്‍മെന്റ്  മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101 എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രായം  – പരമാവധി 40 വയസ്. തസ്തിക – ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
വേതനം   – പ്രതിദിനം 755 രൂപ. യോഗ്യത – ഡേറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫറ്റ്വെയര്‍ എന്നിവയില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ്  അംഗീകാരമുള്ള സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്. ഗവ.അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡും ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഫോണ്‍  :  0469 2600167.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തുമ്പമണ്‍ സിഎച്ച്സി ലാബിലേക്ക്  ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് ആഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്). പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസ വേതനം : 20000 രൂപ. പ്രായം : 20-35.  യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ആഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന്  കൂടിക്കാഴ്ചയ്ക്ക്  മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍ : 04734 266609.

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്(സ്റ്റാസ്) യില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എം എസ് സി സൈബര്‍ ഫോറന്‍സിക്സ്, എംഎസ്സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഈ വര്‍ഷം അനുവദിച്ച ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി കോം അക്കൗണ്ടിംഗ്, എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്നീ കോഴ്സുകള്‍ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ : 9446302066, 8547124193, 7034612362.

സ്‌കൂളുകള്‍ക്ക്  (31)  അവധി

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ (31) ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  എല്ലാ ട്യൂഷന്‍ സെന്ററുകള്‍ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല.

കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു

കേരള മീഡിയ അക്കാദമി  (31) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍  ആന്‍ഡ്  അഡ്വര്‍ടൈസിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ സമയക്രമപ്രകാരം ആഗസ്റ്റ് അഞ്ചു മുതല്‍ 14 വരെ തിയറി പരീക്ഷകളും 29,30,31 തീയതികളില്‍ വൈവയും നടക്കും. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. പുതുക്കിയ ടൈം ടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.

ഗ്രാമസഭ മാറ്റിവച്ചു

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖാപിച്ചതിനാല്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 31 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴ്, എട്ട് വാര്‍ഡുകളിലെ ഗ്രാമസഭ യോഗങ്ങള്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
error: Content is protected !!