Input your search keywords and press Enter.

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 )

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സര്‍ക്കാര്‍തല അറിയിപ്പുകള്‍ ( 04/08/2024 )

വയനാട് ഉരുൾപൊട്ടൽ: സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കുക ലക്ഷ്യം

 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണമെന്നാണു സർക്കാർ ആലോചിച്ചിട്ടുള്ളതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്തമുണ്ടായ പ്രദേശത്തെ വെള്ളാർമല സ്‌കൂളിൽ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാർഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങി. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാൻ പാടില്ല. ആവശ്യമായ സംവിധാനങ്ങൾ ഉടനടി ഏർപ്പെടുത്തും. അതിനു നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ധനവകുപ്പിൽ പ്രത്യേക സംവിധാനം: ദുരുപയോഗം തടയാൻ ക്യുആർ കോഡ് സംവിധാനം പിൻവലിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാവന ചെയ്യുന്നതിനായി donation.cmdrf.kerala.gov.in എന്ന പോർട്ടലിൽ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നൽകിയിട്ടുണ്ട്.

പോർട്ടലിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്റ് സംവിധാനം വഴി വിവരങ്ങൾ നൽകി ഓൺലൈൻ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പർ വഴി നേരിട്ടോ സംഭാവന നൽകാം. ഇതിലൂടെ നൽകുന്ന സംഭാവനയ്ക്ക് ഉടൻ തന്നെ റെസീപ്റ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകൾക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.

ദുരിതാശ്വാസ നിധിയുടെ പോർട്ടലിലും സോഷ്യൽ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആർ കോഡ് നൽകിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്യുആർ കോഡ് സംവിധാനം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പകരം പോർട്ടലിൽ നൽകിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിൾ പേയിലൂടെ സംഭാവന നൽകാം.

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നു. അതു വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങൾ ചെവിക്കൊള്ളുന്നത്. ലോക രാഷ്ട്രങ്ങൾ അനുശോചനമറിയിച്ച് നമ്മോട് ഐക്യപ്പെട്ടിരുന്നു. ലോകത്താകെയുള്ള സുമസുകളും സഹായ സന്നദ്ധരാവുകയാണ്. ഓക്സ്ഫോർഡ് വിദ്യാർത്ഥികളിൽ ചിലർ, കേരളത്തെ സഹായിക്കണമെന്നഭ്യർഥിച്ചു വിഡിയോ തയാറാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഎംഡിആർഎഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകൾ പല മേഖലകളിൽ നിന്നും വരുന്നുണ്ട്. വീട് നിർമ്മിക്കാമെന്നും സ്ഥലം നൽകാമെന്നും മറ്റുമുള്ള ഈ ഓഫറുകൾ ലോകം എത്രമാത്രം സ്നേഹാനുകമ്പകളോടെയാണ് നമ്മുടെ സഹോദരങ്ങളുടെ ദുരന്തത്തെ കാണുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇതു കോ-ഓർഡിനേറ്റ് ചെയ്യാൻ മുൻ വയനാട് കളക്ടർ കൂടിയായ ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണർ എ. ഗീതയുടെ ചുമതലയിൽ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിക്കും.

ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങൾ നൽകാൻ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിനും മറുപടി നൽകുന്നതിനുമായി ഒരു കോൾ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളിൽ കോൾ സെന്ററുകളിൽ ബന്ധപ്പെടാം. ലാൻഡ് റവന്യു കമീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ കോൾ സെൻറർ കൈകാര്യംചെയ്യും.

വയനാട് ഉരുൾപൊട്ടൽ ദുരന്തം: തെരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിൽ 1419 പേർ : രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കെത്തിയിരിക്കുകയാണെന്നും ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്നലെ മാത്രം 40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതൽ തെരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർഫോഴ്സിൽനിന്നു 460 പേർ, ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 120 അംഗങ്ങൾ, വനം വകുപ്പിൽ നിന്ന് 56 പേർ, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്നായി 640 പേർ, തമിഴ്നാട് ഫയർഫോഴ്സിൽ നിന്നും 44 പേർ, കേരള പൊലീസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് 15 പേർ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതാണു പ്രധാന ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അതു കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തകർ ശ്രമിച്ചത്. കേരള പോലീസിന്റെ കെ.9 സ്‌ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ. 9 സ്‌ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിൽ ഉണ്ട്. തമിഴ്നാട് മെഡിക്കൽ ടീമിൽ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തിൽ ഉണ്ട്.

തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ അംശം ഉണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമൻ റെസ്‌ക്യൂ റഡാർ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയും. കൂടാതെ മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ഉടൻ എത്തും. പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരുംചേർന്ന് ചാലിയാർ കേന്ദ്രീകരിച്ചും തെരച്ചിൽ തുടരും.

കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയർത്താനായി ഒരുമിച്ചു നിൽക്കുകയാണ്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സൈന്യവും ഫയർ ഫോഴ്സും പോലീസും ഉൾപ്പെടെയുള്ള രക്ഷാസേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, കെ.എസ്.ഇ.ബി – വനം – റവന്യൂ ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ, എല്ലാ പിന്തുണയും നൽകുന്ന തദ്ദേശവാസികൾ, തങ്ങളാൽ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങൾ എല്ലാവരും സഹായഹസ്തം നീട്ടുന്നു. മനുഷ്യരാണ് നാമേവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തിൽ മുഴങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അട്ടമലയിലെ ഉൾവനത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഗോത്രവിഭാഗത്തിലെ നാല് കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 6 അംഗ കുടുംബത്തെ കഴിഞ്ഞ ദിവസം സാഹസികമായാണ് രക്ഷപ്പെടുത്തിയത്. പാലം നിർമാണം പൂർത്തിയായതിന് ശേഷം കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുകയാണ്. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ താമസിക്കുന്നു. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1,707 പേർ താമസിക്കുന്നു.

വയനാട്ടിലെ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നൽകുന്നതിനുമായി കേരള പോലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്. വയനാട്ടിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പോലീസിന്റെ മറ്റു യൂണിറ്റുകളിൽ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ നിന്ന് 150 പേരും മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് 125 പേരും ഇന്ത്യ റിസർവ് ബെറ്റാലിയനിൽ നിന്ന് 50 പേരും തിരച്ചിൽ സംഘങ്ങളിലുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷൻ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു. മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയിൽ നിന്നുള്ള ഹൈ ആൾടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ സേവനവും പ്രത്യേകം എടുത്തു പറയേണ്ടതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അംഗങ്ങളും സ്‌കൂബാ ടീമും ഉൾപ്പെടെ ഓഫീസർമാരടക്കം 300 ജീവനക്കാരും 222 സിവിൽ ഡിഫൻസ്വോളന്റിയർമാരും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫയർഫോഴ്സ് നിർമ്മിച്ച സിപ് ലൈൻ പാലത്തിലൂടെയാണ് ആരംഭഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും അഭിനന്ദനാർഹമായ പങ്കാളിത്തം വഹിച്ചു. ഹെലിപാഡ് നിർമ്മിച്ചും ബെയിലി പാലത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ചും സൈന്യവും പോലീസുമുൾപ്പെടെയുള്ള രക്ഷാസേനയ്ക്ക് ആവശ്യമായ ഭക്ഷണമൊരുക്കിയും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തും മാതൃകാപരമായ സേവനമാണ് ഊരാളുങ്കൽ സൊസൈറ്റി നടത്തിയത്.

തിരിച്ചറിയാൻ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണുള്ളത്. അത് നിർവഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ നടത്തണമെന്ന ആവശ്യം ചിലർ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സർവ്വമത പ്രാർത്ഥന നടത്തുന്നതിനു പഞ്ചായത്തുകൾക്ക് മുൻകയ്യെടുക്കാം.

 

വയനാടിനു പുറമെ, കോഴിക്കോട് വടകര താലൂക്കിലെ വാണിമേൽ പഞ്ചായത്തിൽപ്പെട്ട വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മഞ്ഞച്ചീളി മലയുടെ മുകളിൽ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുൾപൊട്ടലുകൾ ഉണ്ടായി. ജനങ്ങൾ വീടുകളിൽ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായത്. ഉരുൾപ്പൊട്ടൽ സംഭവിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയ കുമ്പളച്ചോല എൽ.പി സ്‌കൂൾ റിട്ട. അധ്യാപകൻ മഞ്ഞച്ചീളി സ്വദേശി കളത്തിങ്കൽ മാത്യു എന്ന മത്തായി (62) ഉരുൾപൊട്ടലിൽപ്പെടുകയും ആഗസ്റ്റ് ഒന്നിനു രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ഇവിടെ വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വീടുകൾ നിർമിച്ചു നൽകാൻ നിരവധി പേർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായ പ്രവാഹം

ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. വി.ഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതിൽ ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗൺസിൽ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയൻമാരുടെ അലവൻസിൽ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റിൽ നിന്നുള്ള വിഹിതവും ചേർത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) ദുരിത ബാധിത കുടുംബങ്ങൾക്കായി 150 ഭവനങ്ങൾ നിർമ്മിച്ചു നൽകുകയോ അല്ലെങ്കിൽ അതിന്റെ തുക സർക്കാർ നൽകുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ നിർമിച്ചു നൽകും. ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകാൻ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ദുരിത ബാധിതർക്ക് വീടുകൾ വെച്ചുനൽകാൻ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവർത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു – മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ലിൻഡെ സൗത്ത് ഏഷ്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയിൽ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനായി വിട്ടുനല്കാമെന്ന് അറിയിച്ചു.

ചലചിത്ര താരം നയൻതാര 20 ലക്ഷം രൂപ നൽകി.

സിനിമാ നടൻ അലൻസിയർ 50,000 രൂപയും നൽകി.

കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപ നൽകി.

പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് – 50 ലക്ഷം രൂപ

 

നടൻ മോഹൻലാൽ സൈനിക വേഷത്തിൽ ദുരന്തമേഖലയിൽ എത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. മാധ്യമങ്ങൾ ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. വയനാടിൻറെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും: മന്ത്രി ജി.ആർ അനിൽ

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ: ആശ്വാസധനം അനുവദിക്കുന്നതിന് നാലു കോടി രൂപ
മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നു ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

error: Content is protected !!