Input your search keywords and press Enter.

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 24/08/2024 )

ശൈലി 2.0  ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി
ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക്

ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന  ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ തിരിച്ചറിയുന്നത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ വിശദമായ ചോദ്യാവലിയിലൂടെ കമ്മ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക് ലിസ്റ്റ്‌സ് കോര്‍ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തും. ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പരിശോധന നടത്തിയതില്‍  ഉയര്‍ന്നരക്ത സമ്മര്‍ദ്ദം രേഖപ്പെടുത്തിയ 42,667 പുതിയ വ്യക്തികളെയും ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തിയ 4362 പേരേയും കണ്ടെത്തി. ശൈലി 1.0 പ്രകാരം കാന്‍സര്‍ , ക്ഷയരോഗം  എന്നിവയുടെ സംശയനിഴലില്‍ ഉള്ളവരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

30 വയസ്സിന്മുകളില്‍ പ്രായമുളളവരിലാണ് വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുന്നത്. ആശാപ്രവര്‍ത്തകര്‍ വരുന്നദിവസം ജോലിസംബന്ധമായോ മറ്റ് കാരണങ്ങളാലോ വീട്ടില്‍ ഇല്ലാത്തപക്ഷം മറ്റൊരു ദിവസം വീടുകളിലെത്തി വിവരശേഖരണം നടത്തും.സര്‍വേയ്ക്ക് വിധേയരാകുന്നവര്‍ പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലെത്തി പ്രാഥമിക പരിശോധനകളും തുടര്‍നിര്‍ദ്ദേശങ്ങളും പാലിക്കണം. സര്‍വേയില്‍ നിന്നും കണ്ടെത്തുന്ന കാന്‍സര്‍, ഹൃദ്രോഗം മുതലായ വിദഗ്ദചികിത്സ വേണ്ട രോഗങ്ങള്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ചികിത്സ ലഭ്യമാക്കും. ജീവിതശൈലീരോഗങ്ങള്‍ തിരിച്ചറിയാനും നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനുമായി വിവരങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തുന്ന ആശാ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു.

യുവസാഹിത്യ ക്യാമ്പ് 2023

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) സെപ്റ്റംബര്‍ 10 നു മുമ്പ് [email protected] എന്ന ഇമെയിലിലോ തപാല്‍മുഖേനയോ അയയ്ക്കണം.

സൃഷ്ടികര്‍ത്താവിന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,  ബയോഡാറ്റ, വാട്സ്ആപ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. തപാല്‍വിലാസം: കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം-695043. ഫോണ്‍: 0471 -2733139.

അഭിമുഖം നടത്തും

ജില്ലയിലെ ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്  (കാറ്റഗറി നമ്പര്‍. 066/23) തസ്തികയുടെ 17/05/24 ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള 80 ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 29 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും കെ.പി.എസ്.സി കൊല്ലം റീജിയണല്‍ ഓഫീസിലും ഓഗസ്റ്റ് 29 ന് ഉച്ചക്ക് 12നും ഓഗസ്റ്റ് 30 ന് രാവിലെ 9.30 നും ഉച്ചക്ക് 12 നും കെ.പി.എസ്.സി ജില്ലാ ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍ : 0468 2222665.
)

അഭിമുഖം നടത്തും

ജില്ലയിലെ  വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ലാഗ്വേജ് ടീച്ചര്‍ (അറബിക്)- എല്‍.പി.എസ് -ഒന്ന്, എന്‍സിഎ -ഇ/ബി/ടി(കാറ്റഗറി നം:690/2021)   തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 29 ന്  ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665.

സഹായഹസ്തം പദ്ധതി – അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുളള  55 വയസ്സിനു താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ അപേക്ഷ കഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ഒന്ന് .വെബ്‌സൈറ്റ്  : www.schemes.wcd.kerala.gov.in.   ഫോണ്‍- 0468 2966649.

അഭയകിരണം പദ്ധതി- അപേക്ഷ ക്ഷണിച്ചു

50 വയസ്സിനു മുകളില്‍ പ്രായമുള്ളതും  വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ  അശരണരായ വിധവകള്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ ആനുകൂല്യം  ലഭിക്കാനായി വീണ്ടും  അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍  www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  അവസാനതീയതി ഡിസംബര്‍ 15.ഫോണ്‍: 0468 2966649.

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍,  കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി  ലിമിറ്റഡ് വഴി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍  കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. നിലവില്‍ കെ.ബി.എഫ്.പി.സി.എല്ലിന്റെ ഫാം സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ അപേക്ഷിക്കരുത്. 2024 ഓഗസ്റ്റ് ഒന്നിന്  30 വയസ്് കഴിയാന്‍ പാടില്ല.

യോഗ്യത: പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ്് ബിസിനസ്് മാനേജ്‌മെന്റില്‍ ബിരുദം/ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവ ഉണ്ടാകണം. അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ ഫോം www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2221807.
അപേക്ഷ ഫോമുകളുടെ വിതരണം ആരംഭിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോമുകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യഷിഭവന്‍, അങ്കണവാടികള്‍ എന്നിവടങ്ങളില്‍ നിന്നും വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ഓഗസ്റ്റ് 31 നുള്ളില്‍ തിരികെ ലഭ്യമാക്കണം. ഫോണ്‍ – 0469 2677237.


കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ  ആവശ്യമുണ്ട്.  സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  പ്രായപരിധി 45 വയസ്. ഫോണ്‍ – 9846011714.
ബോധവല്‍ക്കരണ സെമിനാര്‍

വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി സൈനികക്ഷേമ വകുപ്പിന്റെ  വിവിധ പദ്ധതികള്‍, സ്‌കീമുകള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 30ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വിമുക്തഭട ഭവനില്‍ നടത്തും. ഫോണ്‍ – 0468 2961104.
)

സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു

റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി. എസ് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സതീഷ് കെ. പണിക്കര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ്  സ്റ്റീഫന്‍, റാന്നി എംപ്ലോയ്മെന്റ് ഓഫീസര്‍  ബി. മിനി, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.എസ്. റോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി. രാജീവ്, പ്ലേസ്മെന്റ് വിഭാഗം എംപ്ലോയ്മെന്റ് ഓഫീസര്‍ സി. ഖദീജാ ബീവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. 78 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍ നിയമനം

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും കൗണ്‍സിലര്‍മാരേയും തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഒഴിവും കാസറഗോഡ് ജില്ലയില്‍ രണ്ട് ഒഴിവുകളിലുമായി ആകെ എട്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും രണ്ട് കൗണ്‍സിലര്‍മാരേയുമാണ് തിരഞ്ഞെടുക്കുന്നത്. 2025 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് നിയമനം.  ജില്ലാ കോ-ഓര്‍ഡിനേറ്ററിന് 7000 രൂപയും കൗണ്‍സിലേഴ്സിന് 12000 രൂപയുമാണ് പ്രതിമാസ ഹോണറേറിയം.
ജില്ലാ കോ-ഓര്‍ഡിനേറ്ററിന് പ്ലസ്ടുവും കൗണ്‍സിലറിന് എം.എസ്.സി സെക്കോളജി/ എം.എസ്.ഡബ്ലൂ വുമാണ് യോഗ്യത. പ്രായപരിധി: 18-40.

അപേക്ഷ ഫോം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രസ്തുത മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ഓഗസ്റ്റ്  30 ന് രാവിലെ 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
error: Content is protected !!