കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡ് പൂർണ്ണമായും തകർന്നു; എസ്‌ഡിപിഐ പ്രക്ഷോഭത്തിലേക്ക്
പൂർണമായും തകർന്ന് യാത്രാദുരിതമേറിയ കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ. റോഡിന്റെ തകർച്ച പരിഹരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് നാലിന് ആനകുത്തി ജംഗ്ഷൻ മുതൽ കുമ്മണ്ണൂർ ജംഗ്ഷൻ വരെ സമര പ്രഖ്യാപന കാൽനട യാത്ര സംഘടിപ്പിക്കും. ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരാക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. ഈറോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടതായി പ്രദേശവാസികൾ പറയുന്നു. റോഡിൽ തകർച്ച രൂക്ഷമാകുമ്പോൾ അങ്ങിങ്ങായി അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം ശൈലിയാണ് ജനപ്രതിനിധികളും അധികാരികളും ചെയ്യുന്നത്. അത്തരം നീക്കങ്ങൾ ഇനി അനുവദിക്കില്ല.
റോഡിന് ഫണ്ട് അനുവദിക്കുന്നതിൽ എംഎൽഎയും എംപിയും പരസ്പരം പഴിചാരി പൂർണമായും ഈ പ്രദേശത്തെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും എസ്ഡിപിഐ ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ബ്രാഞ്ച് ഭാരവാഹികളായ മുബാറക്, ശിഹാബ്, മുഹമ്മദ് ഷാൻ, അജ്മൽ ഷാജഹാൻ, അജ്മൽ, ഷമീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.