ധീരം-സ്വയം പ്രതിരോധ പരിശീലനം;കലാജാഥ അരങ്ങേറി
സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും അതിലൂടെ സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി (എസ്.കെ.എഫ്) സംയോജിച്ച് ധീരം സ്വയംപ്രതിരോധ പരിശീലനം മൂന്ന് ഘട്ടങ്ങളിലായി സംഘടിച്ചുവരുന്നു. മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ആദ്യഘട്ട പരിശീലനവും ജില്ലാതല പരിശീലകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും പൂര്‍ത്തിയായി. മൂന്നാം ഘട്ടം പ്രാദേശിക തലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്നു.
ജില്ലയിലെ മോഡല്‍ സി.ഡി.എസുകളായ കുറ്റൂര്‍, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, നാരങ്ങാനം, സീതത്തോട്, വള്ളിക്കോട്, ഏഴംകുളം, പന്തളം തെക്കേക്കര എന്നിവ കേന്ദ്രീകരിച്ചാണ് സെപ്റ്റംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്ന ആറുമാസ പരിശീലനം സംഘടിപ്പിക്കുന്നത്.
ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരും പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍സും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ പ്രചരണാര്‍ഥം നവജ്യോതി രംഗശ്രീ തിയറ്റര്‍ ഗ്രൂപ്പിന്റെ നേത്യത്വത്തില്‍ മോഡല്‍ സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് പൊതുവേദികളില്‍ തെരുവ് നാടകം സംഘടിപ്പിച്ചു.
ആദ്യദിവസം പന്തളം തെക്കേക്കര, ഏഴംകുളം, വള്ളിക്കോട്, നാരങ്ങാനം പഞ്ചായത്തിലും രണ്ടാം ദിവസം സീതത്തോട്, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, കുറ്റൂര്‍ എന്നിവിടങ്ങളിലുമാണ് കലാജാഥ അരങ്ങേറിയത്. ആദ്യവേദിയായ പന്തളംതെക്കേക്കരയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദും അവസാന വേദിയായ കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷും കലാജാഥ ഉദ്ഘാടനം ചെയ്തു.