ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത്
ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളിൽ ജപ്പാനെ മറികടന്നു മൂന്നാമത്തെ വലിയ ശക്തിയായി മാറി ഇന്ത്യ.
രാജ്യത്തിന്റെ ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന സൂചകമാണിത്. ഇന്ത്യയുടെ
ചലനാത്മക വളർച്ച, യുവാക്കളുടെ ജനസംഖ്യ, വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, മേഖലയിലെ
മുൻനിര ശക്തിയെന്ന നിലയിലുള്ള സ്ഥാനം എന്നിവ ഈ നേട്ടത്തിനു കാരണമായി.
2024-ലെ ഏഷ്യാ പവർ സൂചികയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന് മേഖലാതല പവർ
റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥിരമായ ഉയർച്ചയാണ്. ക്രമാനുഗതമായ ഉയർച്ചയ്ക്കു സാക്ഷ്യം വഹിക്കുന്ന ഇന്ത്യ,
മുഴുവൻ സാധ്യതകളും കൈവരിക്കാനും മേഖലയിൽ സ്വാധീനം ചെലുത്താനും ശ്രമിക്കുകയാണ്.
ഇന്ത്യയുടെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ:
1. സാമ്പത്തിക വളർച്ച: മഹാമാരിക്കുശേഷമുള്ള സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചത്,
ഇന്ത്യയുടെ സാമ്പത്തിക ശേഷിയിൽ 4.2 പോയിന്റ് വർധനയ്ക്കു കാരണമായി. ഇന്ത്യയുടെ വലിയ ജനസംഖ്യയും
കരുത്തുറ്റ ജിഡിപി വളർച്ചയും പിപിപി വ്യവസ്ഥയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന
സ്ഥാനത്തിനു കരുത്തേകുന്നു.
2. ഭാവിസാധ്യതകൾ: ഇന്ത്യയുടെ ഭാവി വിഭവ സ്കോർ 8.2 പോയിന്റ് വർധിച്ചു. ഇത് ജനസംഖ്യാപരമായ
മെച്ചത്തെ സൂചിപ്പിക്കുന്നു. പ്രാദേശിക എതിരാളികളിൽ നിന്ന്, പ്രത്യേകിച്ച് ചൈന, ജപ്പാൻ എന്നിവയിൽനിന്ന്,
വ്യത്യസ്തമായി വരും ശതകങ്ങളിൽ സാമ്പത്തിക വളർച്ചയെയും തൊഴിൽശക്തി വിപുലീകരണത്തെയും
നയിക്കുന്ന യുവജനസംഖ്യയിൽനിന്ന് ഇന്ത്യക്കു പ്രയോജനം ലഭിക്കും.
3. നയതന്ത്ര സ്വാധീനം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം കൂടുതൽ അന്താരാഷ്ട്ര അംഗീകാരം
നേടിയിട്ടുണ്ട്. ഇന്ത്യയുടെ ചേരിചേരാ തന്ത്രപ്രധാന നിലപാടുകൾ സങ്കീർണമായ അന്താരാഷ്ട്ര പ്രതിസന്ധികളെ
തരണം ചെയ്യാൻ ന്യൂഡൽഹിയെ സഹായിച്ചു. 2023-ൽ നയതന്ത്ര സംഭാഷണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ആറാം
സ്ഥാനത്താണ്. ബഹുമുഖ വേദികളിലെ സജീവമായ ഇടപെടലാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
കൂടാതെ, ഇന്ത്യയുടെ വലിയ ജനസംഖ്യയും സാമ്പത്തികശേഷിയും ഗണ്യമായ വാഗ്ദാനങ്ങൾ നൽകുന്നു.
സാംസ്കാരിക സ്വാധീനത്തിൽ ഇന്ത്യയുടെ സ്കോർ താരതമ്യേന ശക്തമാണ്. ആഗോള പ്രവാസികളുടെയും
സാംസ്കാരിക കയറ്റുമതിയുടെയും പിൻബലമാണ് ഇതിനു കാരണം.
ഇതിനുപുറമേ, ബഹുമുഖ നയതന്ത്രത്തിലും സുരക്ഷാസഹകരണത്തിലും ഇന്ത്യയുടെ പങ്ക് പ്രധാനമാണ്. ഇന്ത്യയുടെ
സംഭാഷണങ്ങളിലെ പങ്കാളിത്തവും ക്വാഡിലെ നേതൃത്വവും, ഔപചാരിക സൈനിക സഖ്യങ്ങൾക്കു
പുറത്താണെങ്കിലും, പ്രാദേശിക സുരക്ഷാ ചലനാത്മകതയിൽ കാര്യമായ പങ്കുവഹിക്കാൻ ഇന്ത്യയെ സഹായിച്ചു.
ഇന്ത്യയുടെ സാമ്പത്തികമേഖല പരിമിതമാണെങ്കിലും, പ്രതിരോധ വിൽപ്പനയിൽ വർധിച്ചുവരുന്ന
മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്; പ്രത്യേകിച്ച് ഫിലിപ്പീൻസുമായുള്ള ബ്രഹ്മോസ് മിസൈൽ
ഇടപാടുപോലുള്ളവയിൽ. ഈ സംഭവവികാസങ്ങൾ, ചെറിയ തോതിലുള്ളതാണെങ്കിലും, ഇന്ത്യ അതിന്റെ
അയൽപക്കത്തിനപ്പുറത്തേക്ക് ഭൗമരാഷ്ട്രീയശക്തികളെ അടുത്തു സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്
സൂചിപ്പിക്കുന്നത്.
ഏഷ്യയിൽ ഇന്ത്യയുടെ പങ്ക്
2024-ലെ ഏഷ്യ പവർ സൂചിക ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കാനുള്ള
സൂചനയാണ് കാണിക്കുന്നത്. രാജ്യത്തിന്റെ ഗണ്യമായ വിഭവഅടിത്തറ ഭാവിവളർച്ചയ്ക്ക് വലിയ സാധ്യതകൾ
നൽകുന്നു. ഇന്ത്യയുടെ കാഴ്ചപ്പാട് ആശാവഹമാണ്. തുടർച്ചയായ സാമ്പത്തിക വളർച്ചയും വർധിച്ചുവരുന്ന
തൊഴിൽശക്തിയും ഉള്ളതിനാൽ, വരുംവർഷങ്ങളിൽ സ്വാധീനം വിപുലീകരിക്കാൻ ഇന്ത്യക്കു കഴിയും.
പ്രത്യേകിച്ചും, ഇന്ത്യയുടെ വർധിച്ചുവരുന്ന നയതന്ത്ര സ്വാധീനവും തന്ത്രപരമായ സ്വയംഭരണവും രാജ്യത്തെ
ഇൻഡോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളിയാക്കുന്നു.
ഏഷ്യ പവർ സൂചിക
2018-ൽ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച ഏഷ്യാ പവർ സൂചിക, ഏഷ്യ-പസഫിക് മേഖലയിലെ കരുത്തിന്റെ
തോതളക്കുന്ന വാർഷിക അളവുകോലാണ്. ഏഷ്യ-പസഫിക്കിൽ ഉടനീളമുള്ള 27 രാജ്യങ്ങളെ ഇത്
വിലയിരുത്തുകയും ബാഹ്യ പരിസ്ഥിതിയെ രൂപപ്പെടുത്താനും പ്രതികരിക്കാനുമുള്ള കഴിവ് പരിശോധിക്കുകയും
ചെയ്യുന്നു. 2024 പതിപ്പ് ഈ മേഖലയിലെ ശക്തിവിന്യാസത്തിന്റെ ഏറ്റവും സമഗ്രമായ
വിലയിരുത്തലുകളിലൊന്ന് വാഗ്ദാനം ചെയ്യുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ പ്രാധാന്യം വർധിക്കുന്നതിന്റെ
പ്രതിഫലനമായി ടിമോർ-ലെസ്റ്റും ഇതാദ്യമായി ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങളുടെ ഭൗതിക കഴിവുകളിലും
അവ അന്താരാഷ്ട്ര തലത്തിൽ ചെലുത്തുന്ന സ്വാധീനത്തിലും സൂചിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കരുത്തു കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും അളവുകോലുകളും
ഏഷ്യാ പവർ സൂചികയിലെ കരുത്തിനെ വിഭവാധിഷ്ഠിതവും സ്വാധീനത്തെ അടിസ്ഥാനമാക്കിയുമുള്ള
നിർണായകഘടകങ്ങളായി തിരിച്ചിരിക്കുന്നു:
1. വിഭവാധിഷ്ഠിത നിർണായക ഘടകങ്ങൾ:
• സാമ്പത്തികശേഷി: ഒരു രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ശക്തിയെ വാങ്ങൽ ശേഷി തുല്യത (പിപിപി),
സാങ്കേതിക സങ്കീർണത, ആഗോള സാമ്പത്തിക വിനിമയക്ഷമത എന്നിവയിലെ ജിഡിപി പോലുള്ള
സൂചകങ്ങളിലൂടെ അളക്കുന്നു.
• സൈനികശേഷി: പ്രതിരോധച്ചെലവ്, സായുധസേന, ആയുധ സംവിധാനങ്ങൾ, ദീർഘദൂര പവർ പ്രൊജക്ഷൻ
പോലുള്ള കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി പരമ്പരാഗത സൈനിക ശക്തിയെ വിലയിരുത്തുന്നു.
• പുനരുജ്ജീവനം: സ്ഥാപനപരമായ കരുത്ത്, ഭൗമരാഷ്ട്രീയ സുരക്ഷ, വിഭവസുരക്ഷ എന്നിവയുൾപ്പെടെ രാഷ്ട്ര
സ്ഥിരതയ്ക്കെതിരായ ഭീഷണികളെ തടയുന്നതിനുള്ള ആന്തരിക ശേഷി.
• ഭാവിവിഭവങ്ങൾ: 2035-ൽ പ്രതീക്ഷിക്കുന്ന സാമ്പത്തിക-സൈനിക-ജനസംഖ്യ ഘടകങ്ങൾ ഉൾപ്പെടെയുള്ള
വിഭവങ്ങളുടെ ഭാവിവിതരണം പ്രവചിക്കുന്നു.
2. സ്വാധീനം അടിസ്ഥാനമാക്കിയുള്ള നിർണായകഘടകങ്ങൾ:
• സാമ്പത്തിക ബന്ധങ്ങൾ: വ്യാപാരം, നിക്ഷേപം, സാമ്പത്തിക നയതന്ത്രം എന്നിവയിലൂടെ സ്വാധീനം
ചെലുത്താനുള്ള ശേഷി.
• പ്രതിരോധ ശൃംഖലകൾ: സഖ്യങ്ങളുടെയും പങ്കാളിത്തങ്ങളുടെയും ശക്തി, സൈനിക സഹകരണത്തിലൂടെയും
ആയുധ കൈമാറ്റത്തിലൂടെയും വിലയിരുത്തുന്നു.
• നയതന്ത്ര സ്വാധീനം: ഒരു രാജ്യത്തിന്റെ നയതന്ത്ര വ്യാപനത്തിന്റെ വ്യാപ്തി, ബഹുമുഖ വേദികളിലെ
പങ്കാളിത്തം, വിദേശ നയ അഭിലാഷം.
• സാംസ്കാരിക സ്വാധീനം: സാംസ്കാരിക കയറ്റുമതി, മാധ്യമങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലൂടെ
അന്താരാഷ്ട്ര പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള കഴിവ്.
131 വ്യക്തിഗത സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഈ എട്ട് അളവുകളുടെ ശരാശരിയിൽ നിന്നാണ് ഒരു രാജ്യത്തിന്റെ
മൊത്തത്തിലുള്ള പവർ സ്കോർ ഉരുത്തിരിയുന്നത്. ഏഷ്യ-പസഫിക്കിനുള്ളിൽ രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങൾ
എങ്ങനെ സ്വാധീനമാക്കി മാറ്റുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണ ഫലങ്ങൾ നൽകുന്നു.