സംസ്ഥാനത്തെ മാലിന്യമുക്തമാക്കും – മന്ത്രി വീണാ ജോര്‍ജ്
ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി.
സര്‍വതലസ്പര്‍ശിയായി എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചാണ് പരിപാടി നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി 2025 മാര്‍ച്ച് 30 ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഒക്‌ടോബര്‍ രണ്ടിന് ജില്ലാതലത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജില്ലാതല ഉദ്ഘാടനം നടത്തും.
ശുചിത്വ-മാലിന്യസംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ചാകും പ്രവര്‍ത്തനം. തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ വാര്‍ഡുതലത്തില്‍ നടപ്പിലാക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക് തലങ്ങളിലും ശുചിത്വപദ്ധതികള്‍ നടപ്പിലാക്കും. വാര്‍ഡ്തലത്തിലുള്ള പരിപാടികള്‍ കൂടുതല്‍ സജീവമാക്കണം. സര്‍ക്കാര്‍ വകുപ്പുകളും വിവിധ ഏജന്‍സികളും സന്നദ്ധ സംഘടനകളും ക്ലബുകളും തുടങ്ങി സമസ്ത മേഖലയില്‍ നിന്നുള്ളവര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഹരിതകേരള-ശുചിത്വ മിഷനുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കില, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനരേഖ മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ നടത്തുക.
എല്ലാ ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് അതത് വകുപ്പുകളുടെ മേധാവികള്‍ മുന്‍കൈയെടുക്കണം. മാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമായി നിര്‍വഹിക്കണം. മാലിന്യസംസ്‌കരണം ഓരോരുത്തരുടേയും കടമായാണെന്ന് തിരിച്ചറിയണം. മാലിന്യം വലിച്ചെറിയുന്ന ശീലത്തില്‍ നിന്ന് സമൂഹം പിന്തിരിയണം. ഇതുതെറ്റാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാകണം.
കുറ്റകൃത്യമെന്ന നിലയ്ക്ക് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്കാണ് നീങ്ങുന്നത്. പ്രത്യേക വാട്ട്‌സ്ആപ് നമ്പര്‍ നല്‍കി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന രീതിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കമിട്ടു.
ആരോഗ്യമുള്ള തലമുറകളെ നിലനിര്‍ത്തുന്നതിനായാണ് ആരോഗ്യവകുപ്പ് മുന്‍കൈയെടുക്കുന്നത്. ശുചിത്വപാലനം ഈ പശ്ചാത്തലത്തിലാണ് അതിപ്രധാനമാകുന്നത്. ഇതിനായുള്ള പ്രചാരണാര്‍ഥം വിവിധതലങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നുമുണ്ട്. ഓരോ പൗരനും മാലിന്യരഹിത കേരളത്തിനായി കൈകോര്‍ക്കണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിന്‍ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ശുചിത്വപാലനം സംബന്ധിച്ച് വിലയിരുത്തുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി പ്രതിമാസ യോഗങ്ങള്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.
സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് വി .ജി. വിനോദ് കുമാര്‍, എ.ഡി.എം ബി.ജ്യോതി, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ നിഫി ഹക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.