Input your search keywords and press Enter.

വ്യാജ ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ്:155 സൈറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി

വ്യാജ ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ്:155 സൈറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തി

ഓണ്‍ലൈന്‍ ഇ കൊമേഴ്‌സ് വെബ്സൈറ്റുകളുടെ മറവില്‍ വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ ഒരുക്കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ കേരള സൈബര്‍ പോലീസ് നടപടി തുടങ്ങി.155 വെബ്സൈറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തി നടപടി തുടങ്ങിയത് .

പണം നഷ്ടമായവരുടെ പരാതിയില്‍മ്മേല്‍ ആണ് നടപടി . വ്യാജമെന്ന് കണ്ടെത്തിയ 155 സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ഉള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു . സ്മാര്‍ട്ട് ഐ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രമുഖ സൈറ്റുകള്‍ മുഖേന വന്‍ വിലക്കുറവില്‍ വില്പന നടത്തി വരുന്നുണ്ട്. ഇത് മറയാക്കിയാണ് വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് . പ്രമുഖ കമ്പനികളുടെ യഥാര്‍ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വിധം സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന വ്യാജന്‍മാര്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് ഇരകളെ വീഴ്ത്തുന്നത്.

വ്യാജ സൈറ്റുകള്‍ സന്ദര്‍ശിച്ചു ഉത്പന്നങ്ങള്‍ ക്ലിക്ക് ചെയ്യുകയും കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ പണം അയക്കാന്‍ നിര്‍ദേശം ലഭിക്കും .ഇതിലേക്ക് പണം അയച്ചാല്‍ ഈ തുക നഷ്ടമാകും എന്നാണ് പോലീസ് പറയുന്നത് . വെബ്സൈറ്റുകളുടെ ആധികാരികത തിരിച്ചറിയുന്നതിനു വിലാസം സൂക്ഷ്മമായി പരിശോധിക്കണം.ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ കേരള പോലീസിന്‍റെ 1930 എന്ന നമ്പറില്‍ പരാതി അറിയിക്കണം. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളും നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ചില സ്ഥലങ്ങളും കേന്ദ്രീകരിച്ചു ആണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് . സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ വ്യാജ ലിങ്കുകളില്‍ കയറിയാല്‍ പണം നഷ്ടപ്പെടാന്‍ ഇടയുണ്ട് .
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കിയും ഇരകളെ വീഴ്ത്തുന്ന വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് .

സോഷ്യല്‍ മീഡിയയില്‍ വരുന്ന ജോലി സാധ്യതാ പരസ്യങ്ങളെ സംബന്ധിച്ച് ആധികാരികമായി തിരക്കിയത്തിനു ശേഷമേ സി വി അടക്കം കൈമാറാവൂ .നിരവധി ആളുകള്‍ക്ക് ആണ് തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടമായത് .

പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ് പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ ഈ ആഴ്ച ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കമുള്ളവ വൻ വിലക്കുറവിൽ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാർ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഇവ സന്ദർശിച്ച് ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ. വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ പ്രവേശിക്കരുത്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും കേരള പോലീസ് സൈബര്‍ വിഭാഗം പൊതു ജനത്തെ അറിയിച്ചു

error: Content is protected !!