Input your search keywords and press Enter.

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 04/10/2024 )

അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍കെട്ടിട ഉദ്ഘാടനം  (ഒക്ടോബര്‍  05)

കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന്റെ പുതിയ കെട്ടിടം  ( ഒക്ടോബര്‍ 05) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനതല പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സ്‌കൂള്‍ അങ്കണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്‌കൂള്‍തല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയാകും. ആന്റോ ആന്റണി എം.പി, തദ്ദേശ സ്വയംഭരണ  സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍ എഞ്ചിനീയറിംഗ്) ഒഴിവ്

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സിവില്‍എഞ്ചിനീയറിംഗ്) തസ്തികയിലേയ്ക്ക് പാര്‍ട്ട്ടൈം അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം.  യോഗ്യത :  സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫോണ്‍ : 04734 231995/230640, വെബ് സൈറ്റ് : www.cea.ac.in

ലാബ് അസിസ്റ്റന്റ്

അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത്  സര്‍വലയന്‍സ്  ആന്‍ഡ്  മാനേജ്‌മെന്റ് പദ്ധതിയുടെഭാഗമായി അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബില്‍ ലാബ് അസിസ്റ്റന്റ്  തസ്തികയിലേക്ക് മൈക്രോബയോളജി /ബയോടെക്നോളജി /ബിഎഫ്എസ്സി ബിരുദം അഥവാ തത്തുല്യ യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളായ പി.സി.ആര്‍, മൈക്രോബയോളജി അനാലിസ് എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  പ്രായപരിധി 23-50. ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, പത്തനംതിട്ട, തെക്കേമലയില്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍:  0468 2967720.

ടെന്‍ഡര്‍

മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ്സോണ്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ  ക്രെയ്ന്‍ സര്‍വീസ് ലഭ്യമാക്കുന്നതിന് പത്തനംതിട്ട ആര്‍.റ്റി.ഓഫീസ് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി – ഒക്ടോബര്‍ 13. ഫോണ്‍: 0468 2222426.

റോഡരികില്‍ തടികള്‍ കൂട്ടിയിടരുത്

റോഡുകളുടെ വശങ്ങളില്‍ തടികള്‍ കൂട്ടിയിടുന്നത് അപകടങ്ങളും യാത്രാതടസങ്ങള്‍ക്കും ഇടയാക്കുമെന്നതിനാല്‍  അതുചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍   സ്വീകരിക്കുമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

റാന്നി പുതുമണ്‍ മുതല്‍ വയലത്തല വരെ റോഡുപണിയുടെ ഭാഗമായി ഒക്ടോബര്‍ ആറുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന്  പൊതുമരാമത്ത് നിരത്ത്വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍  അറിയിച്ചു.

ടെന്‍ഡര്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള അടൂര്‍ പുതിയകാവിന്‍ചിറ ഹോട്ടല്‍ ആരാം മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി  ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍:  0468 2311343.


ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 10, 11 തീയതികളില്‍

ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.111/2022,701/21,702/21,703/21,704/21) തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട   ഉദ്യോഗാര്‍ഥികള്‍ക്കായി അടൂര്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍  ഒക്ടോബര്‍  10, 11 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍: 0468 2222665.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 8, 9 തീയതികളില്‍

ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്  വകുപ്പില്‍  വുമണ്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 312/23,287/23,288/23,289/23) തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട   ഉദ്യോഗാര്‍ഥികള്‍ക്കായി അടൂര്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട് ഒക്ടോബര്‍  എട്ട്, ഒന്‍പത് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ :  0468 2222665.

മാനുവല്‍ സ്‌കാവഞ്ചിംഗ്

കുളനട ഗ്രാമപഞ്ചായത്തില്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് ജോലി ചെയ്യുന്നവര്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ  

കുടുംബശ്രീയില്‍ പി ആര്‍ ഇന്റേണിനെ ഒക്ടോബര്‍ 14 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ  തെരഞ്ഞെടുക്കും.  യോഗ്യത: ജേണലിസം/മാസ് കമ്മ്യൂണിക്കേഷന്‍ / ടെലിവിഷന്‍ ജേണലിസം /പബ്ലിക് റിലേഷന്‍സ്  എന്നിവയില്‍ ഏതിലെങ്കിലും പി ജി ഡിപ്ലോമ. സ്വന്തമായി വീഡിയോ സ്റ്റോറികള്‍ ഷൂട്ട്‌ചെയ്ത് എഡിറ്റ്‌ചെയ്യാന്‍  കഴിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തനകാലയളവ് ഒരു വര്‍ഷം. സംസ്ഥാന മിഷന്‍ പി ആര്‍ വിങ്ങിലാണ് നിയമനം.

തൊഴില്‍വിവരണം  പത്രക്കുറിപ്പ്തയ്യാറാക്കല്‍, റിപ്പോര്‍ട്ടിങ്, ഡോക്യൂമെന്റേഷന്‍, വെബ്സൈറ്റ് അപ്ഡേഷന്‍, സോഷ്യല്‍മീഡിയ മാനേജ്മന്റ്, നൂതനപരിപാടി ആവിഷ്‌ക്കരണം, ജില്ലാതല ഇവന്റുകളുടെ പി ആര്‍ കോ ഓര്‍ഡിനേഷന്‍, ഓഡിയോ- വീഡിയോ സ്റ്റോറി നിര്‍മ്മാണം, പി ആര്‍ സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങള്‍, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം പകല്‍ മൂന്നിന്  മുമ്പ്  കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഹാജരാക്കണം. വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍  :  0468 2221807.

കാര്‍ഷികയന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്

കാര്‍ഷികയന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പുകള്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്‍പത് മുതല്‍ 25 വരെ നടത്തും. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി.

ഒന്‍പതിന്  പന്തളം കടയ്ക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫീസിലാണ് ആദ്യക്യാമ്പ്.  തോന്നല്ലൂര്‍, പന്തളം തെക്കേക്കര, കുളനട, തുമ്പമണ്‍, ഓമല്ലൂര്‍ .ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, പള്ളിക്കല്‍, കൊടുമണ്‍, വള്ളിക്കോട്, അരുവാപ്പുലം, കലഞ്ഞൂര്‍, കോന്നി, മലയാലപ്പുഴ, ഇലന്തൂര്‍, മെഴുവേലി, പുല്ലാട്, ഇരവിപേരൂര്‍. കോട്ടാങ്ങല്‍, കല്ലൂപ്പാറ മല്ലപ്പള്ളി, റാന്നി പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍ കൃഷിഭവനുകള്‍ക്കായാണ് ക്യാമ്പ് .
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്ക് മൈനര്‍ റിപ്പയറുകള്‍ക്കാവശ്യമായ സര്‍വീസ് ചാര്‍ജ്ജും സ്പെയര്‍പാര്‍ടുകളുടെ വിലയും (പരമാവധി 1000/ രൂപ) പൂര്‍ണമായും സൗജന്യം.  ആദ്യഘട്ടത്തില്‍ ആകെ 150 പേര്‍ക്ക് 1000 രൂപയുടെവരെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സൗജന്യ സ്‌പെയര്‍ ലഭിക്കും. 1000 രൂപയില്‍കൂടുതല്‍ ചിലവ്‌വരുന്ന മറ്റ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ സ്പെയര്‍ പാര്‍ട്ട്‌സുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ജി. എസ്. ടി ബില്ല് പ്രകാരമുള്ള തുകയുടെ 25 ശതാനം സബ്സിഡി (പരമാവധി 2500 രൂപ) അനുവദിക്കും.
മേജര്‍ റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജ്ജുകള്‍ക്ക് ജി. എസ്. ടി ബില്ല് പ്രകാരമുള്ള തുകയുടെ 25 ശതമാനം സബ്‌സിഡി (പരമാവധി 1000രൂപ) യും അനുവദിക്കും.  റിപ്പയര്‍ ചിലവ് കര്‍ഷകന്‍/ഗ്രൂപ്പ് തന്നെ നേരിട്ട്‌വഹിക്കണം. സബ്‌സിഡി കര്‍ഷകന്‍/ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അനുവദിക്കും.
നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷഫോം കര്‍ഷകര്‍/ഗ്രൂപ്പ് ക്യാമ്പ് നടക്കുന്നതിന് മുന്നോടിയായി കൃഷിഭവനിലോ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കൃഷി) ഓഫീസിലോ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. സംശയനിവാരണത്തിനായി അസിസ്റ്റന്റ് എന്‍ജിനിയര്‍  മുഹമ്മദ് ഷെരിഫ് (ഫോണ്‍: 9447119259, 7510250619), ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍  പ്രദീപ് കുമാര്‍ (ഫോണ്‍: 8921894821),  ശ്രീരാഗ് (ഫോണ്‍: 9809732146) എന്നിവരെ ബന്ധപ്പെടാം.

റേഷന്‍കാര്‍ഡ് അപ്ഡേഷന്‍ 8 വരെ നീട്ടി

എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ നടത്താനുളള സമയ പരിധി ഒക്ടോബര്‍ എട്ടുവരെ നീട്ടിയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍  അറിയിച്ചു.

ടെന്‍ഡര്‍

ശബരിമല സന്നിധാനത്ത് നിര്‍മ്മിച്ചുവരുന്ന പുതിയ പോലീസ് മെസ്സിലേക്ക്  ബോയിലര്‍ സ്റ്റാന്‍ഡ്, റൈസ് വെസല്‍, സ്റ്റീമറുകള്‍, വെജിറ്റബിള്‍ കട്ടിംഗ് മെഷീനുകള്‍ തുടങ്ങി 18 ഇനം ആധുനിക അടുക്കള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍ : 0468 2222630.

ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഓട്ടോമൊബൈല്‍ – ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി (രണ്ടാംവര്‍ഷം) സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ ഒമ്പത് മുതല്‍. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം.  ഫോണ്‍ : 0469 2650228. വെബ്‌സൈറ്റ് :  www.polyadmission.org/let.

വിത്തു വിതച്ചു

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്തആഭിമുഖ്യത്തില്‍ ഞാലേക്കാവ് ഇടയോടി പാടശേഖരത്തില്‍ വിത്ത് വിതച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്  ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍   കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍  ബിജോ പ. മാത്യു അധ്യക്ഷനായി.
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം

സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ്  സെന്ററിന്റെ ഭാഗമായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ നോഡല്‍ സെന്ററുകളില്‍ കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :  9496244701.

error: Content is protected !!