Input your search keywords and press Enter.

എല്ലാ ജില്ലകളിലും രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് പരിശോധന

എല്ലാ ജില്ലകളിലും രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് പരിശോധന

 

പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധനകൾ നടത്തുന്നത്.

പ്രവർത്തന മാർഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളിൽ ഫീൽഡുതല പരിശോധനകൾ നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചത്.

ഫീൽഡുതല പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിജയകരമായ സംയോജിത പരിശോധന പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള കാരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ അന്വേഷണം നടത്തി കണ്ടുപിടിച്ച് അതിനനുസൃതമായി പ്രതിരോധം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോട്ടയം ജില്ലയിൽ എലിപ്പനി, ആലപ്പുഴയിൽ പക്ഷിപ്പനി, ഇടുക്കിയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയിൽ ജലജന്യ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീൽഡുതല പരിശോധനകളാണ് നടത്തിയത്.

ഫീൽഡുതല പരിശോധനകൾക്ക് മുന്നോടിയായി ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തന മാർഗരേഖ അടിസ്ഥാനമാക്കിയുള്ള പരിശീലനവും തുടർന്ന് വകുപ്പ്തല ഏകോപന യോഗങ്ങളും ജില്ലകളിൽ സംഘടിപ്പിച്ചിരുന്നു. ഫീൽഡുതല പരിശോധനകളുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് അതിനനുസൃതമായ മാറ്റങ്ങൾ മാർഗരേഖയിൽ വരുത്തി അന്തിമ രൂപത്തിലാക്കുന്നതിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വൺ ഹെൽത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകർച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വൺ ഹെൽത്തിന്റെ ഭാഗമായി ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തിൽ ഏകാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സെന്റർ ഫോർ വൺ ഹെൽത്ത് കേരളയാണ്. ഇതോടൊപ്പം നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചും ആരംഭിച്ചു. ഏകാരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടര ലക്ഷത്തോളം കമ്മ്യൂണിറ്റി വോളണ്ടിയർമാർക്ക് പരിശീലനവും നൽകി.

മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതിന് മൃഗങ്ങളുടേയും പ്രകൃതിയുടേയും നിരീക്ഷണം വളരെ പ്രധാനമാണ്. അതിനാൽ തന്നെ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. വൺ ഹെൽത്തിന്റെ ഭാഗമായി വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജില്ലാ മെന്റർമാർ, കമ്മ്യൂണിറ്റി മെന്റർമാർ, കമ്മ്യൂണിറ്റി വോളണ്ടിയർമാർ തുടങ്ങിയവർക്ക് പരിശീലനങ്ങൾ നൽകിയിരുന്നു. നിപ, എംപോക്സ്, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ പ്രതിരോധത്തിനും ഏകാരോഗ്യത്തിലൂന്നിയ സമീപനമാണ് സ്വീകരിച്ചു വരുന്നത്.

error: Content is protected !!