ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍
അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ദശലക്ഷക്കണക്കിനുപേരെ പ്രാപ്തരാക്കുകയും ചെയ്തു. സമഗ്ര വാര്‍ഷിക മോഡുലാര്‍ സര്‍വേ (ജൂലൈ 2022 – ജൂണ്‍ 2023) ഈ മാറ്റത്തെ ചിത്രീകരിക്കുകയും, ഗ്രാമീണ യുവാക്കള്‍ പ്രത്യേകിച്ചും, സാങ്കേതികവിദ്യയെ എങ്ങനെ സ്വീകരിക്കുന്നുവെന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ സമന്വയിപ്പിക്കുന്നുവെന്നും മേഖലകളിലുടനീളമുള്ള വിടവ് നികത്തുന്നുവെന്നും വെളിപ്പെടുത്തുന്നു.
ഗ്രാമീണ ഇന്ത്യയിലെ മൊബൈല്‍ ഉപയോഗം
കൂടുതല്‍ യുവജനങ്ങള്‍ സാങ്കേതികവിദ്യ സ്വീകരിക്കുകയും ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുകയും ചെയ്യുന്നതിനാല്‍ ഗ്രാമീണ ഇന്ത്യ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംയോജിപ്പിക്കുന്ന ഗ്രാമീണ യുവാക്കളുടെ എണ്ണം കൂടുന്നതിനാല്‍ മൊബൈല്‍ സാങ്കേതികവിദ്യയുടെ സ്വീകാര്യതയും വര്‍ദ്ധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍, 15-24 വയസ് പ്രായമുള്ള 95.7% പേർക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും. നഗരപ്രദേശങ്ങളില്‍ ഇത് 97% ആണ്. ഗ്രാമീണ മേഖലയിലെ ജനസംഖ്യയുടെ 99.5 ശതമാനവും 4 ജി ഉപയോക്താക്കളാണ്. നഗരപ്രദേശങ്ങളിലെ ജനസംഖ്യയുടെ 99.8% പേര്‍ക്കും 4ജി സേവനം ഉണ്ട്. ഗ്രാമീണ മേഖലയില്‍, 15-24 വയസ് പ്രായമുള്ളവരില്‍, 82.1% പേര്‍ക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റ് പ്രാപ്യമാണ്. ഇത് കൂടുതല്‍ വിനിമയക്ഷമതയുള്ള തലമുറയിലേക്കുള്ള മാറ്റമാണു വ്യക്തമാക്കുന്നത്.
ഈ പ്രായത്തിലുള്ളവര്‍ക്ക് 91.8% ഇന്റര്‍നെറ്റ് ലഭ്യതയുമായി നഗരപ്രദേശങ്ങള്‍ ഇപ്പോഴും മുന്നിലാണെങ്കിലും, അന്തരം ക്രമാനുഗതമായി കുറയുന്നു. 15 നും 24 നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ യുവാക്കളില്‍ 80.4% പേര്‍ സര്‍വേയ്ക്ക് മുമ്പുള്ള മൂന്ന് മാസങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതായി സമഗ്ര വാര്‍ഷിക മോഡുലാര്‍ സര്‍വേ വെളിപ്പെടുത്തുന്നു. ഇത് ഗ്രാമീണ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശതമാനമാണ്. നേരെമറിച്ച്, നഗരപ്രദേശങ്ങളിലെ 15-29 പ്രായപരിധിയിലുള്ളവര്‍ 91% എന്ന ഉയര്‍ന്ന ഉപയോഗം റിപ്പോര്‍ട്ട് ചെയ്തു. ഇത് ഗ്രാമീണ, നഗര ക്രമീകരണങ്ങളിലുടനീളം ഡിജിറ്റല്‍ സ്വീകാര്യത എങ്ങനെ വളരുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു. ഈ വളരുന്ന പ്രവണത ഗ്രാമീണ ഇന്ത്യയുടെ ഹൃദയഭാഗത്ത് നടക്കുന്ന ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തെ ഉയര്‍ത്തിക്കാട്ടുന്നു. ഇത് ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന്റെയും ശാക്തീകരണത്തിന്റെയും പുതിയ യുഗത്തെ സൂചിപ്പിക്കുന്നു.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം
ഗ്രാമീണ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്ര ക്രമാനുഗതമായി മുന്നേറുകയാണ്. യുവാക്കള്‍ ക്രമേണ വിവിധ സാങ്കേതിക വൈദഗ്ധ്യങ്ങളില്‍ പ്രാവീണ്യം നേടുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും, ഈ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയിൽ പലരും തങ്ങളുടെ വഴി കണ്ടെത്തുന്നു. 15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, 74.9% പേര്‍ക്ക് ഇപ്പോള്‍ അടിസ്ഥാന സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയും. ഇത് ഡിജിറ്റല്‍ ആശയവിനിമയം സ്വീകരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ്.
ഡിജിറ്റല്‍ശേഷി വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഡാറ്റ പകര്‍ത്തൽ, മറ്റുള്ളവർക്ക് അയക്കൽ, കൈമാറ്റം തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ ഗ്രാമീണ യുവാക്കള്‍ കൈകാര്യം ചെയ്യുന്നു – 15-24 പ്രായത്തിലുള്ള 67.1% പേർക്കും, 15-29 പ്രായത്തിലുള്ള 65.6% പേര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. 15-24 വയസ് പ്രായമുള്ളവരില്‍ 60.4% പേരും 15-29 വയസ് പ്രായമുള്ളവരില്‍ 59.3% പേരും ഓണ്‍ലൈനില്‍ സജീവമായി തിരച്ചിലുകൾ നടത്തുന്നതിനാൽ, വിവരങ്ങള്‍ തിരയുന്നതിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും വര്‍ദ്ധിച്ചുവരികയാണ്.
എന്നിരുന്നാലും, ഇമെയിലുകള്‍ അയക്കുന്നത് പോലെയുള്ള ചില മേഖലകള്‍ വെല്ലുവിളിയായി തുടരുന്നു. 15-24 വയസ് പ്രായമുള്ള ഗ്രാമീണ യുവാക്കളില്‍ 43.6% പേര്‍ക്ക് മാത്രമേ ഇമെയിലുകള്‍ അയയ്ക്കാന്‍ കഴിയൂ, അതേസമയം 15-29 പ്രായ വിഭാഗത്തില്‍ ഇത് 43.4% ആണ്. ഓണ്‍ലൈന്‍ ബാങ്കിംഗാണ് മറ്റൊരു തടസ്സം, 15-24 വയസ് പ്രായമുള്ളവരില്‍ 31% പേര്‍ക്കും 15-29 വയസ് പ്രായമുള്ളവരില്‍ 33.3% പേര്‍ക്കുമാണ് ഇടപാടുകള്‍ നടത്താന്‍ കഴിയുന്നത്.
അന്തരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗ്രാമീണ യുവാക്കള്‍ ഡിജിറ്റല്‍ശേഷി ക്രമാനുഗതമായി സ്വീകരിക്കുന്നത് കൂടുതല്‍ വിനിമയക്ഷമതയുള്ളതും ശാക്തീകരിക്കപ്പെട്ടതുമായ ഗ്രാമീണ ഇന്ത്യയിലേക്കുള്ള പുരോഗതിയെ സൂചിപ്പിക്കുന്നു. അവിടെ സാങ്കേതികവിദ്യ കൂടുതലായി അവസരങ്ങള്‍ക്കും വളര്‍ച്ചയ്ക്കും കൂടുതല്‍ വാതിലുകള്‍ തുറക്കുന്നു.
സാര്‍വത്രിക വിനിമയക്ഷമതയ്ക്കും ഡിജിറ്റല്‍ ഇന്ത്യക്കുമുള്ള ഗവണ്‍മെന്റ് സംരംഭങ്ങള്‍
ഇന്ത്യയുടെ വിനിമയക്ഷമതാമേഖലയെ ഗണ്യമായി പരിവര്‍ത്തനം ചെയ്യുന്ന ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ടെക്‌നോളജി ഇന്‍കുബേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് എന്റര്‍പ്രണേഴ്സ് (ടൈഡ് 2.0), നൂതന സംരംഭങ്ങള്‍ക്കുമുള്ള ജെന്‍-നെക്സ്റ്റ് സപ്പോര്‍ട്ട് (ജെനെസിസ്), ഡൊമെയ്‌ൻ സ്‌പെസിഫിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ), നെക്സ്റ്റ് ജനറേഷന്‍ ഇന്‍കുബേഷന്‍ സ്‌കീം (എന്‍ജിഐഎസ്) തുടങ്ങിയ വിവിധ സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളും നൂതനാശയ പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ, ഗ്രാമപ്രദേശങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുമായി ബന്ധിപ്പിക്കുന്ന ഭാരത്‌നെറ്റ് പദ്ധതി, ബ്രോഡ്ബാന്‍ഡ് ആക്‌സസ് വിപുലീകരിക്കുന്നതിനായി വിദൂര ഗ്രാമങ്ങളിലേക്ക് 4 ജി സേവനങ്ങള്‍ കൊണ്ടുവരുന്ന യുഎസ്ഒഎഫ് (യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട്) പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.. ഇന്ത്യ ബിപിഒ പ്രൊമോഷന്‍ പദ്ധതി (ഐബിപിഎസ്), നോര്‍ത്ത് ഈസ്റ്റ് ബിപിഒ പ്രമോഷന്‍ പദ്ധതി (എന്‍ഇബിപിഎസ്) എന്നിവ സേവനാനുകൂല്യങ്ങള്‍ ലഭിക്കാത്ത പ്രദേശങ്ങളില്‍ ഐടി / ഐടിഇഎസ് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം പൊതു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നല്‍കുന്നതിന് പിഎം-വാണി സംരംഭവും നിലവിലുണ്ട്. ഈ സംരംഭങ്ങള്‍ ഒരുമിച്ച് ഡിജിറ്റല്‍ വിഭജനം കുറയ്ക്കുകയും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
രാജ്യത്തെ ഗ്രാമീണമേഖലയിലെ ഡിജിറ്റല്‍ വിപുലീകരണം യുവാക്കളെ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ പ്രാപ്തരാക്കുകയും ദൈനംദിന ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഒപ്പം, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്നു. താങ്ങാനാകുന്ന നിരക്കിലുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെയും വിവിധ ഗവണ്മെന്റ് സംരംഭങ്ങളുടെയും ലഭ്യതയോടെ, ആശയവിനിമയത്തിനും വിദ്യാഭ്യാസത്തിനും സാമ്പത്തിക കാര്യങ്ങള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഗ്രാമീണ യുവാക്കള്‍ കൂടുതല്‍ പ്രാപ്തരാകുകയാണ്. വികസനവും അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്കിനുള്ള വര്‍ധിച്ചുവരുന്ന അംഗീകാരത്തെ ഈ മാറ്റം പ്രതിനിധാനം ചെയ്യുന്നു. ഡിജിറ്റല്‍ സാക്ഷരതയും അടിസ്ഥാനസകര്യങ്ങളും പുരോഗമിക്കുമ്പോള്‍, ഗ്രാമീണ യുവാക്കള്‍ രാജ്യത്തിന്റെ കൂടുതല്‍ കെട്ടുറപ്പുള്ളതും സമഗ്രവുമായ ഭാവിയിലേക്ക് അര്‍ഥവത്തായ സംഭാവന നല്‍കാന്‍ ഒരുങ്ങുകയാണ്.