Input your search keywords and press Enter.

കേരള സര്‍ക്കാര്‍ :പ്രധാന അറിയിപ്പുകള്‍ ( 06/11/2024 )

പമ്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങൾ: കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും

പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. 2024 ഡിസംബർ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക.

ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങൾ. ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും.

ഒക്ടോബർ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോർഡിന് ശുപാർശ ചെയ്യാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ കേന്ദ്ര വന്യജീവി ബോർഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാൻ സാധിച്ചു എന്നത് സംസ്ഥാന സർക്കാരിന്റെ നേട്ടവും ഈ വിഷയത്തിലെ വനം വകുപ്പിന്റെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലവുമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ മുൻപാകെ കാര്യങ്ങൾ അവതരിപ്പിക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർത്ഥാടനം, സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോർജ്

ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം.

ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരേയും ഫിസിഷ്യൻമാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി

യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും. കെഎസ്ആർടിസിയും, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായാണ് യൂണിറ്റ് സജ്ജമാക്കിയത്.

കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

കെ.എസ്.ആർ.ടി.സി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്‌സിംഗ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.

മുഴുവൻ ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും എല്ലാ വനിതാ ജീവനക്കാർക്കുമായി കാൻസർ സ്‌ക്രീനിങ്ങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വൃത്തിയുള്ള ബസ് സ്റ്റേഷനുകൾ, ടോയ്‌ലെറ്റുകൾ, ജീവനക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ സെൽ ദൃശ്യാവിഷ്‌കാരം നല്കി ഗായകൻ ജി. വേണുഗോപാൽ ആലപിച്ച കെ.എസ്.ആർ.ടി.സി. ഗാനം പ്രകാശനം ചെയ്തു. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂരിനെ മന്ത്രി പുരസ്‌ക്കാരം നല്കി ആദരിച്ചു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസ് നിർദ്ദേശപ്രകാരം തലശ്ശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസിംഗും ചടങ്ങിൽ നടന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ മന്ത്രി പുരസ്‌കാരം നല്കി ആദരിച്ചു. ചടങ്ങിൽ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.

 

അന്താരാഷ്ട്ര സിമ്പോസിയം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നവംബർ 20 നു “വൺ ഹെൽത്ത് ആൻഡ് എമർജിങ് ഇൻഫെക്ഷൻസ്” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കും.

കേരളം അഭിമുഖീകരിക്കുന്ന ആവർത്തിച്ചുള്ള ജന്തുജന്യ വൈറസ് രോഗങ്ങളായ നിപ്പ, കൈസന്നൂർ ഫോറെസ്റ്റ് ഡിസീസ്, ചിക്കുൻഗുനിയ, ഡെംഗു, റാബീസ് എന്നീ രോഗങ്ങളുടെ നിയന്ത്രണത്തിനും നിർമ്മാർജ്ജനത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വൺ ഹെൽത്ത്.

ദേശീയ അന്തർദേശീയ ആരോഗ്യമേഖലകളിലെ വൈറോളജി വിദഗ്ധർ നിപ്പ, എംപോക്സ്, റാബീസ്, എവിയൻ ഇൻഫ്ലുവൻസ അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലിനിക്കൽ / പ്രീക്ലിനിക്കൽ വിദഗ്ധർ, വിവിധ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ 250 പേർ പങ്കെടുക്കും. ഐഎവി ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം. 10നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: [email protected].

 

താൽപര്യപത്രം ക്ഷണിച്ചു

പട്ടികവർഗ യുവതീ-യുവാക്കൾക്ക് പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓട്ടോമൊബൈൽ എൻജിനിയറിങ് കോഴ്സ് പരിശീലനം ഏറ്റെടുത്ത് നടത്തുവാൻ സന്നദ്ധതയുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എൻ.എസ്.ക്യു.എഫ് / എൻ.എസ്.ഡി.സി തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

പട്ടികവർഗ വിദ്യാർഥികൾക്കായി നേരത്തെ പരിശീലനം നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. ഹോസ്റ്റൽ സൗകര്യം (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം) ഉള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ട്. നവംബർ 8 വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം.

വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നിവ നവംബർ 20ന് വൈകിട്ട് അഞ്ചിനകം [email protected] ലേക്ക് നൽകണം. www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

 

അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം

കേരളസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ്, ഗ്രാജുവേറ്റ് ഇന്റേൺ, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ് ഇന്റേൺഷിപ്പ് തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്കും, ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ബി-ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ എം.ടെക്- സ്ട്രക്ച്ചറൽ എൻജിനിയറിങ് / ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/. അപേക്ഷ 8നകം നൽകണം.

 

സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ: മന്ത്രി ഡോ. ആർ ബിന്ദു

ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു സ്‌കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ ധാരണയായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ദക്ഷിണേഷ്യൻ നാടകരംഗത്തെ പ്രഗത്ഭരായ പ്രൊഫ. ജി ശങ്കരപ്പിള്ള, പ്രഫ. വയലാ വാസുദേവൻ പിള്ള, പ്രൊ. രാമചന്ദ്രൻ മൊകേരി എന്നിവരുടെ പേരിലാണ് റിസർച്ച് ചെയറുകൾ. ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ ആൻഡ് പെർഫോമൻസസ് റിസർച്ച്. കേരളത്തിന്റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്‌കോളർഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രൊഫ. വയലാ വാസുദേവൻ പിള്ള ചെയർ ഫോർ റിസർച്ച് ഇൻ കേരള ആൻഡ് മലയാളം തിയേറ്റർ ആൻഡ് പെർഫോമൻസ്. പരമ്പരാഗത നാടകവേദിയുടെ അതിരുകൾ ഭേദിക്കുന്നത്തിനായി സാമൂഹ്യമാറ്റം, ഭാഷാസമ്പാദനം, തിയേറ്റർ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങൾ പഠനവിധേയമാക്കിക്കൊണ്ടാണ് പ്രൊഫ. രാമചന്ദ്രൻ മൊകേരി ചെയർ ഫോർ അപ്ലൈഡ് തിയേറ്റർ ആൻഡ് പ്രാക്ടീസ്. യുജിസിയും കാലിക്കറ്റ് സർവ്വകലാശാലയും നിഷ്‌കർഷിക്കുന്ന നിയമങ്ങളും അടിസ്ഥാനമാക്കിയാണ് മൂന്ന് ചെയറുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവൽ ഫെബ്രുവരിയിൽ

അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്റെ (ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസ്-ഐ എഫ് ടി എസ്) മൂന്നാം പതിപ്പ് 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ തൃശ്ശൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ‘തിയേറ്ററും നൈതികതയും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അധ്യാപനശാസ്ത്ര കാർണിവലായാണ് ഫെസ്റ്റ് നടക്കുന്നത്. തിയേറ്ററും അതിന്റെ ധാർമികതയും സംബന്ധിച്ചുള്ള പഠനങ്ങളാണ് പ്രമേയത്തിന്റെ അടിസ്ഥാനം. കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോക വൈജ്ഞാനിക മേഖലയിൽ തന്നെ നൂതനമാതൃകയായാണ് തിയേറ്റർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിയേറ്റർ പ്രതിഭയും അധ്യാപകനുമായ ഡോ. അഭിലാഷ് പിള്ളയെ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ പദവിയിൽ നിയമിച്ചതിന്റെ തുടർച്ചയാണിത്. സാർവ്വദേശീയ തിയറ്റർപഠന സ്‌കൂളുകളുടെ ബോധനശാസ്‌ത്രോത്സവമായാണ് ഐ എഫ് ടി എസ് ആരംഭിച്ചത്. ഇതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുന്നു. വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് തിയേറ്റർ ഫെസ്റ്റ് മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.

കലയ്ക്കും മാനവികശാസ്ത്ര പഠനങ്ങൾക്കുമപ്പുറം ബിസിനസും പ്രകൃതിശാസ്ത്രവും അപ്ലൈഡ് സയൻസും ഉൾപ്പെട്ട പഠനമേഖലകളിലേക്കും സഹഭാവത്തിന്റെയും സർഗ്ഗാത്മകതയുടെയും സംസ്‌കാരം വളർത്താനും തിയേറ്റർ ഫെസ്റ്റ് ഉദ്ദേശിക്കുന്നു. ഇതിലൂടെ നൈതികവും സുസ്ഥിരവുമായ പ്രയോഗരീതികളിലേക്ക് സമൂഹത്തെ നയിക്കാൻ ബോധനശാസ്ത്രത്തിനു കഴിയണമെന്നതാണ് ഫെസ്റ്റിവലിന്റെ കാഴ്ചപ്പാട്. പരമ്പരാഗത വിദ്യാഭ്യാസരീതികളുടെ അതിർത്തികളെ മറികടക്കാൻ തിയേറ്ററിന്റെ സാധ്യതകളെ ഉപയോഗിക്കാൻ കഴിയണം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്ന നാടകപ്രവർത്തകരുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പരിശീലനക്കളരി, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോഗി, പ്രദർശനം എന്നിവ നടക്കും. പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാർഥികളുടെ നാടകാവതരണങ്ങളും അരങ്ങേറും. രണ്ടാമത് ഐ.എഫ്.ടി.എസിന്റെ ഭാഗമായി രൂപം കൊടുത്ത നാല് റിസർച്ച് ഫെല്ലോഷിപ്പുകൾ ഈ വർഷവും തുടരും. അധ്യാപകർക്കായി ഓരോ സീനിയർ ഫെല്ലോഷിപ്പും ഒരു എജ്യുക്കേഷൻ എക്സലൻസ് അവാർഡും ഈ വർഷം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.

 

ഓറിയന്റേഷൻ ക്ലാസ്

സ്കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2024-26 ബാച്ചിലെ ഒന്നാംവർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അതത് പരീക്ഷാ കേന്ദ്രങ്ങളിലാണ് ക്ലാസ് നടക്കുക. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

 

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.

കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

 

വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നവംബർ മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഓൺലൈനായി നവംബർ 14, 15, 16 തീയതികളിലാണ് സിറ്റിംഗ്.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.

 

സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് (KIED) സംരംഭകർക്കായി ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 15 വരെ കളമശേരിയിലെ KIED ക്യാമ്പസിലാണു പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്കും എക്സിക്യൂട്ടീവ്സിനും പരിശീലനത്തിൽ പങ്കെടുക്കാം.

ഇൻട്രൊഡക്ഷൻ ടു ഡിജിറ്റൽ മാർക്കറ്റിങ് ടൂൾസ്, ഗൂഗിൾ മൈ ബിസിനസ്, ഇൻട്രൊഡക്ഷൻ ടു കാൻവ, സോഷ്യൽ മീഡിയ മാർക്കറ്റിങ് ഫോർ ബിസിനസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ്‌, എസ്ഇഒ സ്ട്രാറ്റജീസ്, ഗൂഗിൾ ആഡ്സ്, എഐ ഇൻ മാർക്കറ്റിങ്, പ്രാക്ടിക്കൽ സെഷൻസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2950 രൂപയാണ് പരിശീലന ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training-calender/ ൽ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസടച്ചാൽ മതി. വിശദവിവരങ്ങൾക്ക്: 0484-2532890, 0484- 2550322, 9188922800.

 

തന്മയയുടെ ‘വര’ ശിശുദിന സ്റ്റാമ്പിൽ മിഴി തുറക്കും

കേരള സർക്കാരിന്റെ അനുമതിയോടെ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ്-2024ൽ ചിത്രമായി തെളിയുന്നത് കണ്ണൂർ സ്വദേശിനി തന്മയയുടെ രചന. ‘ബാല സൗഹൃദ കേരളം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന ശിശുക്ഷേമ സമിതി സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 339 മത്സരാർത്ഥികളെ പിന്തള്ളിയാണ് പഠനത്തിലും മിടുക്കിയായ തന്മയ വി. ഒന്നാം സ്ഥാനത്ത് എത്തിയത്.

കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തന്മയ കണ്ണാടിപ്പറമ്പ് കുടുവാൻ ഹൗസിൽ വി. അശോകന്റെയും കെ.ചിത്രയുടേയും ഏക മകളാണ്. ചിത്ര രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള തന്മയ 2024-ൽ ഊർജ്ജ സംരക്ഷണ വകുപ്പ് നടത്തിയ മത്സരത്തിൽ ജലഛായം വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.

ലളിതകലാ അക്കാദമി മുൻ ചെയർമാനും പ്രശസ്ത ആർട്ട് ക്രിയേറ്ററുമായ നേമം പുഷ്പരാജാണ് സ്റ്റാമ്പിന്റെ ചിത്രം തെരഞ്ഞെടുത്തത്. ഭാവനാ സമ്പന്നവും അർത്ഥവത്തും ലളിതവും കാഴ്ച സൗന്ദര്യവും നൽകുന്നതുമാണ് തന്മയയുടെ ചിത്രമെന്ന് ജൂറി വിലയിരുത്തി.

ശിശുദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന സ്റ്റാമ്പിൻറെ വിതരണത്തിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തെ കുട്ടികളുടെ പ്രത്യേകിച്ച് അനാഥ ബാല്യങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. വളരുന്ന കുട്ടികളിൽ നാടിനോടും സഹജീവികളോടും സഹാനുഭൂതിയും സഹകരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനസ്റ്റാമ്പിലൂടെ ഒരു ചെറു കൈ സഹായം വിദ്യാർത്ഥികളിൽ നിന്നും പൊതു സമൂഹങ്ങളിൽ നിന്നും സമാഹരിക്കുന്നത്. വിദ്യാർത്ഥികൾ തന്നെ ശിശുദിന സ്റ്റാമ്പിന്റെ രൂപകൽപ്പന ചെയ്യുന്നതിലൂടെ സ്റ്റാമ്പിന്റെ മഹത്വം വർദ്ധിക്കുന്നതായി ജനറൽ സെക്രട്ടറി വ്യക്തമാക്കി. നവംബർ 14-ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന സംസ്ഥാനതല പൊതു സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്ജ്, വി.ശിവൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. തന്മയയ്ക്കും പഠിക്കുന്ന സ്‌കൂളിനുമുള്ള പുരസ്കാരങ്ങളും റോളിംഗ് ട്രോഫിയും യോഗത്തിൽ വച്ച് സമ്മാനിക്കും.

 

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, അക്കൗണ്ടിങ് കോഴ്സുകളിലാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടോ 0471-2337450, 0471-2320332 നമ്പറുകളിലൂടെയോ ബന്ധപ്പെടുക.

 

ഐടിഐയിൽ അഭിമുഖം

കഴക്കൂട്ടം സർക്കാർ ഐടിഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നവംബർ 8ന് അഭിമുഖം നടത്തുന്നു. വൊക്കേഷൻ ബിരുദം/കൊമേഴ്സ്/ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും പ്രവൃത്തിപരിയവുമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

 

പി.ജി.മെഡിക്കൽ കോഴ്സ്: ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിൽ അപേക്ഷിക്കാൻ ഒരിക്കൽ കൂടി അവസരം. പി. ജി നീറ്റ് 2024 ൽ യോഗ്യത നേടി പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് വഴി നവംബർ 7ന് വൈകിട്ട് 5 മണിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. ഫോൺ : 0471 2525300

 

സ്ട്രേ വേക്കൻസി അലോട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു

2024-ലെ പി.ജി.ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 7 വൈകിട്ട് 4 മണിക്കകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300

 

error: Content is protected !!