നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു
നിയമസേവന ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്‍കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി എസ് നോബല്‍ വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന്‍ ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാല്‍ അധ്യക്ഷയായി. എഡിഎം ബി ജ്യോതി, അഡ്വ. സീന എസ് നായര്‍, ജില്ല വനിത സംരക്ഷണ ഓഫീസര്‍ എ നിസ എന്നിവര്‍ പങ്കെടുത്തു. അഡ്വക്കേറ്റുമാരായ എ ഷെബീര്‍ അഹമ്മദ്, പി വി കമലാസനന്‍ നായര്‍, കെ കല, ഷോനു രാജ് എന്നിവര്‍ ക്ലാസ് നയിച്ചു.
അന്താരാഷ്ട്ര ബാലികാ ദിനം :ജില്ലാതല മത്സരം സംഘടിപ്പിച്ചു
അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പന്തളം കുടുംബശ്രീ കഫേ ഓഡിറ്റോറിയത്തില്‍ ഉപന്യാസ, ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ”ഗേള്‍സ് വിഷന്‍ ഫോര്‍ ദി ഫ്യൂച്ചര്‍” എന്ന വിഷയത്തിലായിരുന്നു മത്സരം. അധിഭ കൃഷ്ണന്റെ നേത്രത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇഫക്ടിവ് കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ സുജിത് എഡ്വിന്‍ പെരേര ക്ലാസ് നല്‍കി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷനായി. എ. ഇ. ഒ പി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് അനുഷ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാ കുമാരി, വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ,രഞ്ചു ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ ഫിബാ ഗ്രേസ് ജിനു, മഹിമ ബിനു, അവന്തിക, ജെ.ഗൗരി കൃഷ്ണന്‍, അരുണ ആര്‍ നായര്‍, ആയുഷി മനോജ് എന്നിവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റുൂം വിതരണം ചെയ്തു.
ഗവി, കൊച്ചുപമ്പ : പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും
ഗവി,കൊച്ചുപമ്പ വിനോദസഞ്ചാരികള്‍ക്കായി 30 യൂണിറ്റ് പൊതു ശൗചാലയങ്ങളും ഖരമാലിന്യ സംസ്‌കരണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നു. ജില്ലാ ശുചിത്വ മിഷനും കേരള ഫോസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സീതത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം പരിശോധിച്ചു.
ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യുഎം) ആദര്‍ശ് പി കുമാര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലതികാ സുഭാഷ്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് പി മാത്തച്ചന്‍ , ബോര്‍ഡ് ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, കെ എസ് ജ്യോതി , കെ എസ് അരുണ്‍ ,അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കിരണ്‍ ജെയിംസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ഗവി ഡിവിഷണല്‍ മാനേജര്‍ സജീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും ആശ്രയിക്കാവുന്ന ഉത്തമ അഭയ സ്ഥാനമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍ത്ത് ഡെസ്‌ക് എന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍. സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച കാമ്പയിന്‍ ‘അറിയാം സ്നേഹിതയെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രോഗ്രാം മാനേജര്‍ പി.അനുപ അധ്യക്ഷയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, സ്‌നേഹിത സര്‍വീസ് പ്രൊവൈഡര്‍മാരായ പി സവിത, സൂര്യ വി സതീഷ് എന്നിവര്‍ പങ്കെടുത്തു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍ , അതിജീവന സഹായങ്ങള്‍ , താല്‍ക്കാലിക അഭയം, പുനരധിവാസ സേവനങ്ങള്‍ എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്. താല്‍കാലിക അഭയം,നിയമ സഹായം,പുനരധിവാസം ഉറപ്പാക്കല്‍,അതിജീവന ഉപജീവന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, മാനസിക പിന്തുണ, സ്‌കൂള്‍കോളേജ്തല പ്രവര്‍ത്തനങ്ങള്‍,ജെന്‍ഡര്‍ അവബോധ പ്രവര്‍ത്തനങ്ങള്‍,പട്ടികവര്‍ഗ മേഖലയിലെ പ്രത്യേക ഇടപെടലുകള്‍, തൊഴില്‍ വിദ്യാഭ്യാസ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ‘സനേഹിത’ സംഘടിപ്പിക്കുന്നു.
ടെന്‍ഡര്‍
പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : 0402gvhsspmtm@gmail.com.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പ്
ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പ് നവംബര്‍ 12,13 തീയതികളില്‍ നടത്തും. ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, ഒടിപി വരുന്ന മൊബൈല്‍ നമ്പര്‍ എന്നിവ കൊണ്ടുവരണം. 70 രൂപയാണ് ഫീസ്. നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്ന് പോസ്റ്റല്‍ സൂപ്രണ്ട് ശ്രീരാജ് അറിയിച്ചു.
പോസ്റ്റ് ഓഫീസ് നിക്ഷേപം : പാസ് ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം
മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ പ്രതിമാസ നിക്ഷേപം നടത്തുന്നവര്‍ പാസ് ബുക്കുകള്‍ കൈവശം വയ്ക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ നിക്ഷേപകരും ഏജന്റിന്റെ പക്കല്‍ നിന്ന് എഎസ്എല്‍എഎഎസ് കാര്‍ഡ് നിര്‍ബന്ധമായു കൈപ്പറ്റണം. കാര്‍ഡില്‍ തുക രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തുടര്‍ നിക്ഷേപം ഏജന്റ് മുഖേന നടത്താവൂ. ഏജന്റുമാര്‍ പാസ് ബുക്ക് പരിശോധനയ്ക്ക് ലഭ്യമാക്കുന്നില്ലയെങ്കില്‍ വിവരം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ മിനി സിവില്‍ സ്‌റ്റേഷനിലുളള ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലോ അറിയിക്കണം. ഫോണ്‍ : 0468 2222386.
റീ-ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിലേയ്ക്ക് 2024 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍/ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. റീ-ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍ . 04734256765.
മെഡിക്കല്‍ ക്യാമ്പ് നടത്തി
സാമൂഹ്യക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വികസന വകുപ്പും സംയുക്തമായി ചെന്നീര്‍ക്കര എത്തരത്തില്‍ നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ജീവിതശൈലി രോഗപരിശോധനയും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനംചെയ്തു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ എല്‍.മഞ്ജുഷ അധ്യക്ഷയായി.
ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസര്‍ എസ്.ആനന്ദ് വിജയ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രോഹിണി, എസ്.സി പ്രൊമോട്ടര്‍ അനീഷ എന്നിവര്‍ പങ്കെടുത്തു.
സമ്മതപത്രം ക്ഷണിച്ചു
സേഫ് സോണിന്റെ ഭാഗമായി മണ്ഡലമകര വിളക്ക് കാലത്ത് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തിന് റിക്കവറി വാഹനങ്ങള്‍ (അണ്ടര്‍ ലിഫ്റ്റ്, ഫ്‌ളാറ്റ് ബെഡ് )ഓപ്പറേറ്റര്‍മാരില്‍ നിന്ന് ശബരിമല എംവിഡി സമ്മതപത്രം ക്ഷണിച്ചു. കുറഞ്ഞ ചാര്‍ജ്ജ്, അതില്‍ ഓടാവുന്ന കുറഞ്ഞ ദൂരം, അധികമായി വരുന്ന ദൂരത്തിന് കിലോമീറ്ററിന് എത്ര നിരക്ക് എന്നിവ വ്യക്തമാക്കണം. വിവരങ്ങള്‍ക്ക് ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2222426.
ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -പ്ലസ്ടു അപേക്ഷ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 23. ഫോണ്‍: (കൊച്ചി ) – 8281360360, 0484-2422275, (തിരുവനന്തപുരം )- 9447225524, 0471-2726275.
സ്‌കോളര്‍ഷിപ്പ് : അപേക്ഷാ തീയതി നീട്ടി
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍ : 0469 2603074.
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി
ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിനായുളള എഴുത്തു പരീക്ഷ നവംബര്‍ 10 ന് വടശ്ശേരിക്കര എംആര്‍എസില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ നടത്തും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ജാതി/വരുമാന/വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 04735227703
സൈനിക ബോര്‍ഡ് യോഗം ചേര്‍ന്നു
ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും സംയുക്തയോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ നടന്നു. പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്മാര്‍ക്കുള്ള സാമ്പത്തിക സഹായം 7,80,000 രൂപ അനുവദിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി.ജ്യോതിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാസൈനികക്ഷേമ ഓഫീസര്‍ ഷിജു ഷെരിഫ്, സൈനികബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.ലെഫ്റ്റ്. കേണല്‍ വി.കെ മാത്യു, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റീടെന്‍ഡര്‍
പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാകുന്നതിനായി റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി : നവംബര്‍ 11.ഫോണ്‍: 9496207450.