പൊതുജനങ്ങള്‍ വിവിധ മേഖലകളില്‍ നേരിടുന്ന പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്ത് പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവുമാണ് നേതൃത്വം നല്‍കുക.
ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളില്‍ വിശദവിവരം ലഭ്യമാണ്. അദാലത്തിലേക്കുള്ള പരാതി ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും സമര്‍പ്പിക്കാം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് സെല്ലുണ്ടാകും. സബ് കലക്ടര്‍/ആര്‍.ഡി.ഒമാര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അംഗവുമാണ്.
അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവര്‍ത്തിക്കും.
പരിഗണിക്കുന്ന വിഷയങ്ങള്‍: ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മല്‍സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍ /അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം.
അദാലത്തില്‍ പരിഗണിക്കാത്തവ: നിര്‍ദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതിത്തളളല്‍, പൊലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായുളള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുളള അപേക്ഷകള്‍(ചികിത്സാസഹായം ഉള്‍പ്പെടെ), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും.