Input your search keywords and press Enter.

പന്തളം എം ഡി എം എ കേസ് : ബംഗളുരുവിൽ നിന്ന് ഒരാളെ പിടികൂടി പ്രത്യേക അന്വേഷണസംഘം

 

പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എം ഡി എം എ പിടിച്ചെടുത്ത കേസിൽ ഉറവിടം തേടിയുള്ള യാത്ര ഫലം കണ്ടു.

പ്രത്യേക അന്വേഷണസംഘത്തിലെ പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളുരു യാത്രയിൽ ബംഗളുരു ഹമ്മനഹള്ളിയിൽ നിന്നും, കേസിൽ ഉൾപ്പെട്ടയാളെന്ന് സൂചന ലഭിച്ച യുവാവിനെ പോലീസ് സാഹസികമായി വലയിലാക്കി.

കണ്ണൂർ പട്ടാനുർ കോലോലം കൂടാലി ഫാത്തിമാ മൻസിൽ എൻ കെ ഹംസയുടെ മകൻ
അച്ചു എന്ന് വിളിക്കുന്ന സിദ്ധീക് വി പി(34) യാണ് പോലീസ് പിടിയിലായത്. ബംഗളുരു സിറ്റിയിലെ യലഹങ്കയിൽപോലീസ് സംഘം എത്തിയത് മണത്തറിഞ്ഞ ഇയാൾ വിദഗ്ദ്ധമായി അവിടെ നിന്നും രക്ഷപ്പെട്ടത് സംഘത്തെ നിരാശപ്പെടുത്തിയില്ല.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലയിലെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ ഹമ്മനഹള്ളിയിൽ നിന്ന് പിടികൂടി.

പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. സിനിമ സ്റ്റൈലിൽ പോലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ ഇയാളെ പോലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കൽ നിന്നും 2 മൊബൈൽ ഫോണുകളും 1 വെയിങ് മെഷീനും കണ്ടെടുത്തു. തുടർന്ന് ഇയാളുമായി പോലീസ് നാട്ടിലേക്ക് തിരിച്ചു. പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ്
രേഖപ്പെടുത്തി. ഇന്ന് വൈകിട്ടോടെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നേറുകയാണെന്നും, ലഹരിവസ്തുക്കളുടെ കടത്ത്,
വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ
പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിർഷാ, അർജുൻ. രഘു, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സിപി ഓ സുജിത് , സൈബർ സെൽ എസ് സി പി ഒ രാജേഷ് ആർ ആർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!