Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

വ്യക്തിബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനുമെതിരെ
ബോധവല്‍ക്കരണം സംഘടിപ്പിക്കും: യുവജന കമ്മിഷന്‍

ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തി ബന്ധങ്ങളിലെ പകയ്ക്കും പ്രതികാരത്തിനും എതിരെ സാമൂഹിക ബോധവല്‍ക്കരണം നടത്തുമെന്നും സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുവജന കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത്. ആരോഗ്യകരമായ ബന്ധങ്ങള്‍ വ്യക്തികള്‍ക്കിടയില്‍ വളര്‍ത്താന്‍ യുവതലമുറക്കിടയില്‍ ബോധവത്ക്കരണം വ്യാപിപ്പിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

കാര്‍ഷിക സെന്‍സസ്: താത്കാലിക എന്യുമറേറ്റര്‍ നിയമനം

എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിന് താത്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി, തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായുള്ള പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരശേഖരണത്തിന് ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://forms.gle/4QC8snZzQjJgKCUf8 ല്‍ ബയോഡാറ്റ അപ്ലോഡ് ചെയ്യണം. ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങള്‍: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി.

വീടുകളില്‍ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍. വൈദ്യുതി അപകടങ്ങളോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1912, 9496010101 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കണം. വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വടവന്നൂര്‍ തുമ്പിക്കാട്ടില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെ അയയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിക്കാനിടയായ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ജാഗ്രതാ നിര്‍ദേശം.

കെ.എസ്.ഇ.ബി. മുന്നറിയിപ്പുകള്‍ ഇപ്രകാരം:

തുണി ഉണക്കാനുള്ള അയ കെട്ടുമ്പോള്‍ ഇരുമ്പുകമ്പികള്‍ ഉപയോഗിക്കാതിരിക്കുക.

വൈദ്യുതക്കമ്പി സ്പര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അയ കെട്ടാതിരിക്കുക.

മരത്തിലും പോസ്റ്റിലുമായി അയ കെട്ടരുത്.

കുളിമുറിയിലേക്കും മറ്റും എടുക്കുന്ന എക്സ്റ്റന്‍ഷന്‍ വയറുകളില്‍ മുട്ടുന്ന തരത്തില്‍ അയ കെട്ടരുത്. മുട്ടുന്ന സാഹചര്യങ്ങളില്‍ അയയുടെ കമ്പിയും എക്സ്റ്റന്‍ഷന്‍ വയറും തമ്മിലുരസി വയറിലെ കവറിങ് പൊട്ടി വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി.) സ്ഥാപിക്കുക.

അയ കെട്ടുമ്പോള്‍ പ്ലാസ്റ്റിക്, ചകിരിക്കയര്‍, ഇന്‍സുലേറ്റഡ് കേബിളുകള്‍ മാത്രം ഉപയോഗിക്കുക.

കഴുക്കോലിന് പകരം ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച വീടുകളില്‍ ഇത്തരം കമ്പികളില്‍ അയ കെട്ടാതിരിക്കുക. കമ്പിയില്‍ സ്പര്‍ശിക്കുന്ന വിധം ലോഹതോട്ടികള്‍ വയ്ക്കാതിരിക്കുക.

എക്സ്റ്റന്‍ഷന്‍ എടുക്കുമ്പോള്‍ പ്ലഗ് നിര്‍ബന്ധമായും സ്ഥാപിക്കുക. വയറുകള്‍ മാത്രമായി ഉപയോഗിക്കരുത്.

നനഞ്ഞ കൈകള്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കാതിരിക്കുക.

കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.

പോസ്റ്റിലോ സ്റ്റേ വയറിലോ വൈദ്യുതി ലീക്കേജ് സാധ്യത മുന്നില്‍ക്കണ്ട് അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക.

ഇലപ്പെരുമ പകര്‍ന്ന് ജി.എച്ച്.എസ് നാഗലശ്ശേരി

നിത്യജീവിതത്തില്‍ സസ്യങ്ങള്‍ക്കും ഇലകള്‍ക്കുമുള്ള പ്രാധാന്യം വിളിച്ചറിയിച്ച് ജി.എച്ച്.എസ്. നാഗലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഇലപ്പെരുമ പ്രദര്‍ശനം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്ടാംഗം ആയുര്‍വേദ കോളേജിലെ ഡോക്ടര്‍ പാര്‍വതി മുഖ്യപ്രഭാഷണം നടത്തി. ചുറ്റുപാടുമുള്ള ചെടികളേയും ഇലകളേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവയ്ക്ക് ആഹാരത്തിലും ഔഷധത്തിലുമുള്ള പ്രാധാന്യം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇലകള്‍ ഉപയോഗിച്ച് കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാരങ്ങള്‍, ഇലച്ചിത്രങ്ങള്‍, ഔഷധ ഗുണങ്ങളെ കുറിച്ചുള്ള ചാര്‍ട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ നിര്‍മ്മിച്ചു. അഞ്ഞൂറില്‍പരം ഇലവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന സര്‍ഗവേളയില്‍ കുട്ടികള്‍ക്കായി രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.


വനിത ഫെസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 25 ന്

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി, ജി.ആര്‍.സികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.
വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് (മണ്ണ്/ മണല്‍ ഒഴികെ) ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 25ന് ഉച്ചക്ക് 12.30നകം ജില്ലാ ആശുപത്രി ഓഫീസില്‍ നല്‍കണം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ക്വട്ടേഷനുകള്‍ തുറക്കും. 5000 രൂപയാണ് നിരതദ്രവ്യം.

അക്ഷയ സംരംഭകത്വ തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ 23 മുതല്‍

അക്ഷയകേന്ദ്രത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള പരീക്ഷ ഓഗസ്റ്റ് 23 മുതല്‍ 27 വരെ നടക്കും. ഓണ്‍ലൈന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ഇ-മെയിലില്‍ ലഭ്യമാകാത്തവര്‍ 0491 2544188, 2547820 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

 

മൂന്നു ദിവസങ്ങളിലായി ത്രിവര്‍ണപതാക ഉയര്‍ത്തികെട്ടണം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദേശീയപതാക ഉയര്‍ത്തുന്നവര്‍ 15നും ഉയര്‍ത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ 14ന് വൈകീട്ട് സൂര്യാസ്തമയത്തിന് മുന്‍പ് ദേശീയപതാക താഴ്ത്തി കെട്ടുകയും പിന്നീട് 15ന് വീണ്ടും ഉയര്‍ത്താമെന്നും എ.ഡി.എം. അറിയിച്ചു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ മൂന്നുദിവസം ജില്ലയിലെ വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. 15 ന് ദേശീയപതാക ഉയര്‍ത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ മൂന്ന് ദിവസവും പതാക താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല.

ഹരിതാഭമായി ജില്ലാതല ഹരിത കര്‍മ്മസേനാ സംഗമം

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊടുമ്പ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ജില്ലാതല ഹരിതകര്‍മ്മസേന സംഗമം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിതകര്‍മ്മസേനകളുടെ ഒത്തുചേരലിനെ ഹരിതാഭമാക്കി. ജില്ലാ ഹരിത സംഗമത്തിന്റെ ഉദ്ഘാടനവും ഹരിതമിത്രം അപ്ലിക്കേഷന്റെ ജില്ലാതല പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകാ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം, ഹരിത കര്‍മ്മസേനക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കര്‍മ്മസേനക്ക് പിന്തുണ നല്‍കുന്ന മികച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ ജില്ലാ കലക്ടര്‍ മൃണമയി ജോഷി ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.

മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ശുചിത്വ മിഷന്റെ ജില്ലാതല പുരസ്‌കാരം ലഭിച്ച പല്ലശ്ശന, വെള്ളിനേഴി, മുണ്ടൂര്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകള്‍, ഷൊര്‍ണൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ഹരിതകര്‍മ്മസേനാ പ്രതിനിധികള്‍ മികവിന്റെ വഴികള്‍ എങ്ങനെയായിരുന്നുവെന്നത് സംബന്ധിച്ച് സംസാരിച്ചു. സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും വിശദീകരണം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും ഹരിതകര്‍മ്മ സേന അംഗങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ആശങ്കകളും പങ്കുവയ്ക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേന സംരംഭങ്ങളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഹരിതകര്‍മ്മ സേന സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  സേതുമാധവന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രബാബു, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി. അബിജിത്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി.സി. ബാലഗോപാല്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) എം.പി രാമദാസ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ. അനുഷ, കെല്‍ട്രോണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് കുമാര്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.

ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ സംവിധാനമാണ് ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കള്‍ക്കുള്ള വെബ്‌പോര്‍ട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങള്‍. ആപ്ലിക്കേഷനില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും വാതില്‍പ്പടി സേവനങ്ങളുമായി ബന്ധപ്പെട്ട ഗ്രീന്‍ ടെക്‌നീഷന്‍ ആപ്പ്, ഉപഭോക്താവിന്റെ സേവന വിവരങ്ങള്‍, പരാതി, നിലവിലെ പേയ്‌മെന്റ് തുടങ്ങിയ അനുബന്ധ വിവരങ്ങളടങ്ങിയ കസ്റ്റമര്‍ ആപ്പ്, ശേഖരിച്ച മാലിന്യത്തിന്റെ അളവ്, തരം തിരിച്ച മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ വില്‍പന വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് എം.സി.എഫ്-ആര്‍.ആര്‍.എഫ് ആപ്പ്, തരംതിരിച്ച് ശേഖരിച്ച മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ വില്‍പന വിവരങ്ങളടങ്ങിയ ക്ലീന്‍ കേരള കമ്പനി ആപ്പ് എന്നിവ ഉള്‍പ്പെടുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും നിലവിലെ ന്യൂനതകളും പ്രശ്‌നങ്ങളും കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായകരമാവും. തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ സംസ്ഥാനതലം വരെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ഏകീകരിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും സാധിക്കുമെന്നുള്ളതാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത. മാത്രമല്ല പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനും പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമടക്കമുള്ളവ തദ്ദേശസ്ഥാപനങ്ങളെ യഥാസമയം അറിയിക്കുന്നതിനും പരിഹാരം കാണുന്നതിനും മൊബൈല്‍ ആഅപ്ലിക്കേഷന്‍ വഴി സാധിക്കും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനങ്ങള്‍, ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ട പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ന്യൂനതകളും പ്രശ്‌നങ്ങളും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശോധിക്കുന്നതിനും അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനും ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ സാധിക്കും.

ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും സിസ്റ്റം നടപ്പാക്കും

പാലക്കാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 11 ഗ്രാമപഞ്ചായത്തിലും അഞ്ച് നഗരസഭകളിലുമാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. അകത്തേത്തറ, നല്ലേപിള്ളി, പെരുവെമ്പ്, പെരുമാട്ടി, പല്ലശന, പുതുപരിയാരം, കൊടുമ്പ്, മുണ്ടൂര്‍, മുതുതല, കാരാകുറിശ്ശി, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തുകളിലും മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകളിലുമാണ് സിസ്റ്റം നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പദ്ധതി സംബന്ധിച്ച് ബഹുജന വിദ്യാഭ്യാസ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും വിവര ശേഖരണവും നടപ്പിലാക്കും. പൊതുജന പങ്കാളിത്തത്തോടെയാവും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുക.


ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 157 കുടുംബങ്ങളിലെ 389 പേര്‍

ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ 157 കുടുംബങ്ങളിലെ 389 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയിലെ പാടഗിരി പാരിഷ് പള്ളിയില്‍ 12 കുടുംബങ്ങളിലെ 29 പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ച മൂന്ന് വീടുകളിലും(12 സ്ത്രീകള്‍, 4 പുരുഷന്‍മാര്‍, ഒരു കുട്ടി) മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 39 കുടുംബങ്ങളിലെ 110 പേരെയും (40 സ്ത്രീകള്‍, 39 പുരുഷന്‍മാര്‍, 31 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പുളിക്കല്‍ ഗവ. യു.പി. സ്‌കൂളില്‍ 30 കുടുംബങ്ങളിലെ 82 പേരെയും (34 സ്ത്രീകള്‍, 31 പുരുഷന്‍മാര്‍, 17 കുട്ടികള്‍), പാലക്കയം പാമ്പന്‍തോട് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 8 പേര്‍ (നാല് സ്ത്രീകള്‍, 2 പുരുഷന്‍, 2 കുട്ടികള്‍) പൊറ്റശ്ശേരി വില്ലേജ് ഒന്നില്‍ പാമ്പന്‍തോട് ഹെല്‍ത്ത് സെന്ററില്‍ അഞ്ച് കുടുംബങ്ങളിലെ 11 പേരെയും (4 സ്ത്രീകള്‍, 2 പുരുഷന്‍മാര്‍, 5 കുട്ടികള്‍) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍ ചിറ്റൂര്‍ പാരിഷ് ഹാളില്‍ 18 കുടുംബങ്ങളിലെ 38 പേരെയും (20 സ്ത്രീകള്‍, 15 പുരുഷന്‍, 3 കുട്ടികള്‍) മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഷോളയൂര്‍ വെങ്കകടവ് കമ്മ്യൂണിറ്റി ഹാളില്‍ 27 കുടുംബങ്ങളിലെ 32 പേരെയും (11 പുരുഷന്‍മാര്‍, 17 സ്ത്രീകള്‍, 4 കുട്ടികള്‍) പടവയല്‍ വില്ലേജില്‍ ആനക്കല്ല് അങ്കണവാടിയില്‍ 5 കുടുംബങ്ങളിലെ 20 പേരെയും (4 പുരുഷന്‍മാര്‍, 8 സ്ത്രീകള്‍, 8 കുട്ടികള്‍) അഗളി വിമലാഭവനില്‍ ഒരു കുടുംബത്തിലെ 5 പേരെയും (2 സ്ത്രീ, 2 പുരുഷന്‍, 1 കുട്ടി) മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ഷോളയൂര്‍ വില്ലേജ് വെങ്കടവ് അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 11 പേര്‍ (മൂന്ന് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, നാല് കുട്ടികള്‍) കള്ളമല വില്ലേജ് കല്‍ക്കണ്ടി ട്രിനിറ്റി ചര്‍ച്ച ഒമ്പത് കുടുംബങ്ങളിലെ 26 പേരെയും (12 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ ,4 കുട്ടികള്‍) മാറ്റി പാര്‍പ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പത്താംതരം, ഹയര്‍സെക്കന്ററി തുല്യത:
ജില്ലയില്‍ 3196 പേര്‍ പരീക്ഷ എഴുതും

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യത ഒന്നാംവര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 17 മുതല്‍ നിശ്ചയിച്ചിരുന്ന പത്താംതരം തുല്യത പരീക്ഷ സെപ്തംബര്‍ 12 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പത്താംതരം തുല്യത പരീക്ഷ 19 സ്‌കൂളുകളിലും, ഹയര്‍സെക്കന്ററി തുല്യത പരീക്ഷ 13 സ്‌കൂളുകളിലുമായാണ് നടക്കുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ നിന്നായി
ഒന്ന്, രണ്ട് വര്‍ഷങ്ങളിലായി ആകെ 2049 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒന്നാവര്‍ഷം 1041 പേരും, രണ്ടാവര്‍ഷം 1008 പേരും ഉള്‍പ്പെടുന്നു. 1464 പേര്‍ സ്ത്രീകളും, 585 പുരുഷന്‍മാരുമാണ്.
പത്താംതരം തുല്യതയ്ക്ക് 1147 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 528 സ്ത്രീകളും, 619 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പത്താംതരം തുല്യത പരീക്ഷ എഴുതുന്ന വടവന്നൂര്‍ സ്വദേശിനി 71 കാരി സത്യഭാമയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാംവര്‍ഷം പരീക്ഷ എഴുതുന്ന പിരായിരി ഗ്രാമപഞ്ചായത്ത് കല്ലേക്കാട് സ്വദേശിനി 68 കാരി പി.എം. മൈമൂനയാണ് പ്രായം കൂടിയ പഠിതാവ്. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 31 ജനപ്രതിനിധികള്‍ തുല്യത പരീക്ഷ എഴുതുന്നുണ്ട്.
പരീക്ഷാനടത്തിപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ പ്രിസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്നു. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തി. പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പഠിതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ധാരണയായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി. നീതു, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. മനോജ്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, സാക്ഷരതാസമിതി അംഗങ്ങളായ ഒ. വിജയന്‍ മാസ്റ്റര്‍, ഡോ. പി.സി. ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു. ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി തുല്യത പരീക്ഷ 20 നും, സെപ്തംബര്‍ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷ 23 നും അവസാനിക്കുമെന്നും ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

താത്കാലിക നിയമനം

ഇ-ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ബി.എസ്.സി., ബി.ടെക്, എം.സി.എ. (ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 10,000 രൂപ. മുന്‍ പരിചയം നിര്‍ബന്ധമില്ല. ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഈമെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745799948 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

error: Content is protected !!