Input your search keywords and press Enter.

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്‍റെ ഉദ്ഘാടനം സെപ്റ്റംബറില്‍: മന്ത്രി വീണാ ജോര്‍ജ്

 

കോന്നി മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ മാസം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ അധ്യയന വര്‍ഷത്തില്‍ തന്നെ കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനപുരോഗതി വിലയിരുത്തുകയും തുടര്‍ നടപടിയില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കേരളം വഴി ലേബര്‍ റൂം ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് കോന്നി മെഡിക്കല്‍ കോളജില്‍ മൂന്നരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് വഴി വീട്ടില്‍ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം മെഡിക്കല്‍ കോളജില്‍ തുടക്കത്തില്‍ തന്നെ ഉണ്ടാകും. എന്‍എംസിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നുണ്ടെന്നും അക്കാദമിക് കെട്ടിടത്തിലെക്ക് ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും എത്തിയതായും മന്ത്രി പറഞ്ഞു.

അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി ലാബുകള്‍, ലൈബ്രറി, ലക്ചര്‍ ഹാള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!