വ്യവസായിയില്‍ നിന്ന് ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആറു പേര് പാലക്കാട് പൊലീസിന്റെ പിടിയില്‍. കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, കോട്ടയം സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള പ്രതികള്‍ ഫേസ്ബുക്ക് വഴിയാണ് വ്യവസായിയെ കെണിയിലാക്കിയത്.
കോട്ടയം സ്വദേശി ശരത് ആണ് കേസിലെ പ്രധാന സൂത്രധാരന്‍. സാമ്പത്തിക അടിത്തറയുള്ളവരെ കണ്ടെത്തുകയാണ് സംഘത്തിന്റെ ആദ്യ രീതി. തുടര്‍ന്ന് ഇവരെ ലക്ഷ്യമിട്ട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി മെസേജുകള്‍ അയക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഈ മെസേജുകള്‍ക്ക് തിരിച്ചു പ്രതികരിക്കുന്നവരെ കെണിയിലാക്കും. ഇത്തരത്തിലാണ് വ്യവസായി കുടുങ്ങിയത്. മറുപടി നല്കിയ വ്യവസായിയെ വലയിലാക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ താരങ്ങളായ ദേവു, ഗോകുല്‍ എന്നിവരെ പണം വാഗ്ദാനം നല്കി ശരത് കൂടെ ചേര്‍ത്തു. വ്യവസായിയുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ ഇതിനായി മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്കി പാലക്കാട് യാക്കരയിലും, ഇരിങ്ങാലക്കുടയിലും വീട് വാടകയ്ക്ക് എടുത്തു. ഒലവക്കോട് എത്തിയ വ്യവസായിയെ ‘അമ്മ ആശുപത്രിയിലാണെന്നും ഒറ്റക്കാണെന്നും പറഞ്ഞു വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ എത്തിയ വ്യവസായിയെ സംഘം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും, വാഹനവും തട്ടിയെടുക്കുകയായിരുന്നു. വ്യവസായിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.