മയക്കുമരുന്നുൽപ്പന്നങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ പോലീസ് നായയുടെ സഹായത്തോടെ
പത്തനംതിട്ട : എം ഡി എം എ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉല്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വൻ റെയ്ഡ് നടന്നു.
രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ നിരവധി ഇനങ്ങളിൽ പ്പെട്ട
നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു, രണ്ടുപേർ അറസ്റ്റിൽ. ഉൽപ്പന്നങ്ങളുടെയും
ലഹരിവസ്തുക്കളുടെയും വില്പന തടയുന്നതിന് സംസ്ഥാന ഗവണ്മെന്റ് പുതുതായി രൂപം നൽകിയ
ഉണർവ്വ് പദ്ധതിയുടെ ഭാഗമായുള്ള പോലീസ് സ്പെഷ്യൽ ഡ്രൈവിലാണ് രണ്ടുപേർ കുടുങ്ങിയത്.
പത്തനംതിട്ട മുണ്ടുകോട്ടക്കൽ പുതിയത്ത് വീട്ടിൽ മുസ്തഫ റാവുത്തറുടെ മകൻ നാസർ സി എം (52), കുമ്പഴയിൽ ആക്രിക്കട നടത്തുന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കണ്ണങ്കരയിലെ നാസറിന്റെ കടയിൽ നിന്നാണ് ആദ്യം ഡോഗിന്റെ സഹായത്തോടെ നിരവധി ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
പത്തനംതിട്ട ജില്ലാ ഡോഗ് സ്‌ക്വാഡിലെ റാംബോയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. ഏതുതരം മയക്കുമരുന്നും ഒളിപ്പിച്ചുവച്ചാലും കുഴിച്ചിട്ടാലും കണ്ടെത്താൻ കഴിയുന്ന തരം പരിശീലനം നേടുകയും, മുമ്പ് പലതവണ ഇത്തരത്തിൽ മിടുക്കുതെളിയിച്ചിട്ടുമുള്ള നായയാണ് ഇത്. എ ഡി ജി പി വിജയ് സാഖറെയുടെ ഉത്തരവനുസരിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അഡിഷണൽ എസ് പി ബിജി ജോർജ്ജിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, പത്തനംതിട്ട ഡി വൈ
എസ് പി എസ് നന്ദകുമാർ എന്നിവർ ഇന്നത്തെ റെയ്ഡിന് നേതൃത്വം കൊടുത്തു. ആന്റി
നാർകോട്ടിക് റെയ്ഡ് ജില്ലയിൽ വരും ദിവസങ്ങളിലും തുടരുമെന്നും, ഓണ നാളുകളിൽ
കർശന പരിശോധന ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഓണ നാളുകളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ കടത്തും വില്പനയും വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ്
പരിശോധന ശക്തമാക്കുന്നത്. അതിഥി തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് വില്പന ഏറുമെന്ന
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധനയുണ്ടാവും. പത്തനംതിട്ട പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സഹകരണത്തോടെയാണ് റെയ്ഡ് നടന്നത്.
പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് ഐ അനൂപ്, എ എസ് ഐ കൃഷ്ണകുമാർ, സവിരാജൻ, എസ് സി പി ഓ റെജി ജോൺ ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, സുജിത്, അഖിൽ, ശ്രീരാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.